ദുബൈ: സമൂഹമാധ്യമങ്ങളിലൂടെ വ്യാജ ഹജ്ജ്, ഉംറ പാക്കേജുകൾ വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘത്തെ ദുബൈ പൊലീസ് പിടികൂടി. ഉപഭോക്താക്കളെ വശീകരിക്കാനായി കുറഞ്ഞ തുകയും എളുപ്പത്തിലുള്ള ബാങ്ക് ട്രാൻസ്ഫർ പേമെന്റ് സൗകര്യങ്ങളുമാണ് സംഘം വാഗ്ദാനം ചെയ്തിരുന്നത്.
എന്നാൽ, യാത്രക്കായി ഒരിക്കൽ പണമടച്ചു കഴിഞ്ഞാൽ ഇരകളുടെ ഫോൺനമ്പറുകൾ ബ്ലോക്ക് ചെയ്യുകയും പണവുമായി മുങ്ങുകയുമാണ് ഇവരുടെ പതിവ്. ഒരിക്കലും നടക്കാത്ത യാത്ര പാക്കേജുകൾ വാഗ്ദാനം ചെയ്യാനായി വ്യാജമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ഇവർ നിർമിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ സംഘത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
അതേസമയം, 2023ൽ ഷാർജ കേന്ദ്രീകരിച്ച് ഇത്തരത്തിൽ തട്ടിപ്പ് നടത്തിയ സ്ഥാപന ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യു.എ.ഇയിലെ 150 നിവാസികളിൽനിന്നായി 30 ലക്ഷം ദിർഹമാണ് ഇവർ കൈക്കലാക്കിയിരുന്നത്. പരാതികൾ വ്യാപകമായ സാഹചര്യത്തിൽ സ്ഥാപനത്തിന്റെ ഉടമയെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു.
പലരും മുഴുവൻ പണവും മുൻകൂറായി അടച്ചെങ്കിലും യാത്രയുടെ അവസാന ദിവസം വാഗ്ദാനം ചെയ്ത വിസയോ വിമാന ടിക്കറ്റ് നൽകാതെ ട്രാവൽസ് ഉടമകൾ മുങ്ങുകയായിരുന്നു. പൊലീസിൽ പരാതി നൽകിയ ചിലർക്ക് കുറഞ്ഞ തുക മാത്രമാണ് തിരികെ ലഭിച്ചത്. ഇത്തരം തട്ടിപ്പുകളിൽനിന്ന് രക്ഷ നേടാൻ അംഗീകൃത ലൈസൻസുള്ള സ്ഥാപനങ്ങളിൽനിന്ന് മാത്രം ഉംറ, ഹജ്ജ് വിസകൾ എടുക്കാവൂവെന്ന് പൊലീസ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.