വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തുന്നു
ദുബൈ: ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന് ഇന്ത്യയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം. ഏപ്രിലിൽ രാജ്യം സന്ദർശിക്കാനുള്ള ക്ഷണം വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറാണ് ദുബൈയിൽ ബുധനാഴ്ച നടന്ന കൂടിക്കാഴ്ചയിൽ കൈമാറിയത്. ശൈഖ് ഹംദാൻ എക്സ് അക്കൗണ്ട് വഴിയാണ് ക്ഷണം ലഭിച്ചത് വെളിപ്പെടുത്തിയത്.
ഇരു രാജ്യങ്ങളും തമ്മിലെ തന്ത്രപ്രധാന സഹകരണവും ജനങ്ങൾ തമ്മിലുള്ള ബന്ധവും ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഇരുനേതാക്കളും തമ്മിലെ കൂടിക്കാഴ്ചയിൽ ചർച്ചയായി.രാഷ്ട്ര നേതാക്കളുടെ കാഴ്ചപ്പാടിന് അനുസരിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലെത്തിയതായി ശൈഖ് ഹംദാൻ ‘എക്സി’ൽ കുറിച്ചു.
മേഖലയിലും ആഗോള തലത്തിലും സ്ഥിരത സംഭാവന ചെയ്യുന്ന മാതൃകാപരമായ ഉഭയകക്ഷി ബന്ധമാണ് ഇരുരാജ്യങ്ങളും സൂക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എ.ഇ മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, ദുബൈ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ തുടങ്ങിയവരും കൂടിക്കാഴ്ചയിൽ സന്നിഹിരതായിരുന്നു.
കഴിഞ്ഞ ദിവസം അബൂദബിയിൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ, അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് എന്നിവരുമായും മന്ത്രി ജയ്ശങ്കർ കൂടിക്കാഴ്ച നടത്തിയിരുന്നു. അബൂദബിയിൽ ഒരുക്കിയ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ പ്രമുഖരോടൊപ്പം അദ്ദേഹം പങ്കെടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.