ഷാർജ: ബലിപെരുന്നാൾ അവധിയും വിദ്യാലയങ്ങളിലെ മധ്യവേനൽ അവധിയും ഒരുമിച്ചുവന്നതോടെ യു.എ.ഇയിൽ നിന്നും കേരളത്തിലേക്കുള്ള വിമാന നിരക്ക് അനിയന്ത്രിതമായി വർധിച്ചതിനാൽ പുതുവഴികൾ തേടുകയാണ് പ്രവാസികൾ. യു.എ.ഇയുടെ സമീപ രാജ്യങ്ങളിലെ സന്ദർശക വിസയെടുത്ത് റോഡുമാർഗം യാത്രചെയ്തശേഷം ആ രാജ്യങ്ങളിലെ വിമാനത്താവളം വഴിയാണ് പലരും കേരളത്തിലേക്ക് യാത്ര ചെയ്യുന്നത്. യു.എ.ഇയിൽ നിന്ന് 2000 ദിർഹം വരെ ടിക്കറ്റിന് ചെലവാകുമ്പോൾ മസ്കത്തിൽനിന്ന് നേരിട്ട് കോഴിക്കോട്ടേക്ക് 750 ദിർഹം മാത്രമാണ് ഈടാക്കുന്നത്. ഒമാനിലേക്കുള്ള വിസിറ്റിങ് വിസക്കും റോഡുമാർഗമുള്ള യാത്രക്കും ഏകദേശം 150 ദിർഹം മാത്രമാണ് ചെലവുവരുക. ഇത് രണ്ടും കൂടി കൂട്ടിയാലും യു.എ.ഇയിൽ നിന്നുള്ള വിമാന ടിക്കറ്റിന്റെ പകുതിയേ വരൂ. ഇതാണ് പലരും ഈ മാർഗം സ്വീകരിക്കാൻ കാരണം. അൽഐനിലെ ഒരു സ്വകാര്യ സ്കൂളിലെ നിരവധി അധ്യാപകരാണ് ഈ മാർഗം സ്വീകരിച്ചത്.
കേരളത്തിലേക്കുള്ള കണക്ഷൻ ഫ്ലൈറ്റുകൾക്കും ഇപ്പോൾ ഉയർന്ന നിരക്കാണ് ഈടാക്കുന്നത്. ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ് തുടങ്ങി കേരളത്തിന് പുറത്തുള്ള വിമാനത്താവളങ്ങളിലേക്ക് താരതമ്യേന കുറഞ്ഞ നിരക്കിൽ ലഭ്യമായതിനാൽ പലരും ഇത്തരം വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്ത് അവിടെ നിന്നും നാട്ടിലേക്ക് ട്രെയിൻ മാർഗമോ ആഭ്യന്തര വിമാന സർവിസുകളെ ആശ്രയിച്ചോ നാട്ടിലെത്തുകയാണ്. ഇതുവഴി നീണ്ട സമയം യാത്രകൾക്കായി മാറ്റിവെക്കേണ്ടിവരുന്നുണ്ട്.
എന്നാൽ, ഇത്തവണ കേരളത്തിൽ ബലിപെരുന്നാൾ ജൂൺ 29നായതിനാൽ ഇത്തരക്കാർക്ക് അനുഗ്രഹമായിരിക്കുകയാണ്. അബൂദബിയിൽനിന്നും മുംബൈയിലേക്ക് ഇത്തിഹാദ് എയർവേയ്സിന് 350 മുതൽ 500 ദിർഹം വരെ നൽകി കഴിഞ്ഞദിവസം യാത്ര ചെയ്തവർ നിരവധിയാണ്. ഈ ടിക്കറ്റിന് ഹാൻഡ് ബാഗേജിന് മാത്രമാണ് അനുവാദമുള്ളതെങ്കിലും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമായതിന്റെ ആശ്വാസത്തിലാണ് പ്രവാസികൾ. രണ്ട് ദശകംമുമ്പ് മുംബൈയിലേക്ക് വിമാനമാർഗം യാത്ര ചെയ്ത് അവിടെ നിന്നും ബസ് മാർഗം കേരളത്തിലെത്തിയിരുന്നു.
ആ കാലം വീണ്ടും ഓർമവരുകയാണെന്ന് അധ്യാപകനായ നസീർ ചെറുവാടി പറഞ്ഞു.രണ്ടും മൂന്നും കുട്ടികളുള്ള കുടുംബങ്ങളും പ്രായം ചെന്നവരുമാണ് ഇത്തരം യാത്രയിൽ ഏറെ പ്രയാസപ്പെടുന്നതെങ്കിലും യുവാക്കളും മറ്റും ഈ യാത്രകളെ ആസ്വാദനത്തിന്റെ മറ്റൊരു മാർഗമായി കണ്ടിരിക്കുകയാണ്.യു.എ.ഇയിൽനിന്നും കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് 2000 മുതൽ 3350 ദിർഹം വരെയാണ് വിവിധ വിമാനക്കമ്പനികൾ ഈടാക്കുന്നത്. ഈയടുത്ത ദിവസങ്ങളിൽ 3000 ദിർഹം മുതൽ 4000 ദിർഹം വരെ നൽകി ടിക്കറ്റ് എടുത്തവരുണ്ട്. പ്രവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചാർട്ടേഡ് ഫ്ലൈറ്റുകൾ ആരംഭിക്കുമെന്ന കേരള സർക്കാറിന്റെ പ്രഖ്യാപനം എങ്ങുമെത്താത്തതും തിരക്കുള്ള സമയങ്ങളിൽ അധിക സർവിസുകൾ ആരംഭിക്കണമെന്ന ആവശ്യം കേന്ദ്രം അംഗീകരിക്കാത്തതും കാരണം കേരളത്തിലേക്കുള്ള സർവിസുകളുടെ എണ്ണം കുറഞ്ഞതാണ് പ്രവാസികൾക്ക് തിരിച്ചടിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.