പുതു തലമുറകൾക്കായി കഥകൾ ഏറെ ഒളിപ്പിച്ചുവെച്ച ഒരു പൈതൃക കെട്ടിടമാണ് അൽ മുവൈജി കൊട്ടാരം. അൽ ഐൻ നഗരത്തോട് ചേർന്ന് കിടക്കുന്ന അൽ മുവൈജി ഒയാസിസിനോടുത്താണ് അൽ മുവൈജി കൊട്ടാരം ഒരു മുത്തശ്ശനെ പോലെ കഥകളുമായി സന്ദർശകരെ മാടിവിളിക്കുന്നത്.
നഗരത്തിലെ ചരിത്രപരമായ കെട്ടിടങ്ങളിലൊന്നാണിത്. ഏകദേശം 100 വർഷം മുമ്പ് നിർമിച്ചതാണ് ഈ പൈതൃക കെട്ടിടം. അക്കാലത്ത് കോട്ടകളും കൊട്ടാരങ്ങളും പണിയാൻ ഇഷ്ടികകളും ഈത്തപ്പന തടിയും ഓലയും ഉപയോഗിച്ചുള്ള വാസ്തുവിദ്യയുടെ മനോഹരമായ നിർമിതിക്ക് ഉദാഹരണം. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള അൽഐനിലെ സാംസ്കാരിക സൈറ്റുകളുടെ ഭാഗമായി കൊട്ടാരം കണക്കാക്കപ്പെടുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ, അബൂദബി ഭരണാധികാരി ശൈഖ് സായിദ് ബിൻ ഖലീഫ ആൽ നഹ്യാന്റെ ഭരണകാലത്ത് ശൈഖ് ഖലീഫ ബിൻ സായിദ് ബിൻ ഖലീഫ ആൽ നഹ്യാൻ ആണ് കൊട്ടാരം പണി കഴിപ്പിച്ചത്. കൊട്ടാരത്തിന്റെ ഭാഗമായിട്ടുള്ള വലിയ പ്രവേശന കവാടം, ദിവാൻ (മജ്ലിസ്) ആയി ഉപയോഗിച്ചിരുന്നു.
കൊട്ടാരത്തിൽ മൂന്ന് പ്രധാന ഗോപുരങ്ങളുണ്ട്. അവയിൽ ചിലത് ഭവന നിർമാണത്തിനും അൽഐൻ മേഖലയിലെ ഭരണ നിർവഹണ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുമുള്ള സർക്കാർ ഓഫീസുകൾക്കുമായി നീക്കിവച്ചിരിക്കുന്നു. കൊട്ടാരത്തിന് പുറത്ത്, കൊട്ടാരത്തിന്റെ വാസ്തുവിദ്യാ ശൈലിക്ക് സമാനമായ ഒരു പള്ളിയുണ്ട്. പരമ്പരാഗത വാസ്തുവിദ്യാ രീതി, മുറികളിൽ തണുത്തതും ഊഷ്മളവുമായ താപനില നിലനിറുത്തുകയും മുകളിലത്തെ നിലയിലുള്ള വലുപ്പമുള്ള ജാലകങ്ങൾ സുഗമമായ വായുസഞ്ചാരം ഉറപ്പാക്കുകയും അവിടം പ്രകാശപൂരിതമാക്കുകയും ചെയ്യുന്നു.
ഖസ്ർ അൽ മുവൈജിയുടെ മുറ്റത്ത് ഗ്ലാസ് കൊണ്ട് നിർമിച്ച മനോഹരമായ എക്സിബിഷൻ സെന്റർ ഉണ്ട്. കൊട്ടാരത്തിന്റെ ചരിത്രവും ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്റെ ജീവിതവും വിവരിക്കുന്ന ചിത്ര പ്രദർശനവും വീഡിയോ പ്രദർശനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. എക്സിബിഷൻ ഹാളിന് പുറത്ത് ചരിത്രപരമായ ഗോപുരങ്ങൾ, മുറ്റം, അൽ ഖസ്ർ പള്ളി എന്നിവ സന്ദർശിക്കാം. കോട്ടയിൽ ആഴമേറിയ ഒരു കിണറുമുണ്ട്. കോട്ടയോട് ചേർന്ന് വിശാലമായ പാർക്കിങ് സൗകര്യവും.
യു.എ.ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയായി അൽഐൻ മേഖലയുടെ ചുമതലയേറ്റപ്പോഴാണ്, 1946 ൽ അൽ മുവൈജി കൊട്ടാരത്തിലേക്ക് താമസം മാറിയത്. കൊട്ടാരം അദ്ദേഹത്തിന്റെ ഭരണകേന്ദ്രവും കുടുംബത്തിനുള്ള ഭവനവുമായിരുന്നു. ആധുനിക അൽഐൻ രൂപപ്പെടുത്തുന്നതിനാവശ്യമായ പല തീരുമാനങ്ങളും രൂപംകൊണ്ടത് ഇവിടെ നിന്നാണ്. മുൻ യു.എ. ഇ മുൻ പ്രസിഡന്റും അബൂദബി ഭരണാധികാരിയുമായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ജനിച്ചതും വളർന്നതും ഈ കൊട്ടാരത്തിലായിരുന്നു.
സന്ദർശകർക്ക് പ്രവേശനം സൗജന്യമാണ്. ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകുന്നേരം ഏഴു വരെയാണ് സന്ദർശനാനുമതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.