ദുബൈ: വ്യാപാര മേഖലയുടെ വികസനത്തിന് അതിവേഗത്തിൽ കരാറുണ്ടാക്കാമെന്നതിന്റെ തെളിവാണ് ഇന്നലെ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക സഹകരണ കരാർ. കഴിഞ്ഞ സെപ്റ്റംബറിലാണ് കരാർ സംബന്ധിച്ച ചർച്ച തുടങ്ങിയത്. ഇരുരാജ്യങ്ങളിലെയും നയതന്ത്ര പ്രതിനിധികളുടെ ചർച്ചക്കുശേഷം അതിവേഗമാണ് കരാറിന്റെ അന്തിമരൂപത്തിന് അംഗീകാരം നൽകിയത്. സാധാരണരീതിയിൽ ഒരു വർഷത്തിലേറെ ഇഴഞ്ഞുനീങ്ങാൻ സാധ്യതയുള്ളതാണ് ഇത്തരം കരാറുകൾ. നയതന്ത്ര ഇടപെടലാണ് കരാർ അതിവേഗത്തിലാക്കിയത്. കഴിഞ്ഞമാസം നരേന്ദ്ര മോദി യു.എ.ഇ സന്ദർശിക്കുമ്പോൾ കരാർ ഒപ്പുവെക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഒമിക്രോൺ വ്യാപനംമൂലം സന്ദർശനം മാറ്റിവെച്ചു. ഇതോടെ, കരാർ വീണ്ടും നീണ്ടുപോകുമെന്ന ആശങ്ക ഉയർന്നു. എന്നാൽ, ഇരുരാജ്യങ്ങളിലെ രാഷ്ട്രനേതാക്കൾ ഓൺലൈനിൽ ഒത്തുചേരുകയും മന്ത്രിമാർ ഡൽഹിയിലെത്തി കരാർ ഒപ്പുവെക്കുകയുമായിരുന്നു. ഇന്ത്യയിൽ സാമ്പത്തിക വർഷത്തിന്റെ തുടക്കമായ ഏപ്രിൽ ഒന്നുമുതൽ ഇതുമായി ബന്ധപ്പെട്ട മാറ്റങ്ങൾ പ്രാബല്യത്തിലായേക്കും.
80 ശതമാനം ഉൽപന്നങ്ങളുടെയും തീരുവ കുറയുമെന്ന പ്രഖ്യാപനം വ്യാപാരമേഖലക്ക് ചെറുതല്ലാത്ത ഉണർവ് പകരും. ഇരുരാജ്യങ്ങളുടെയും ഇറക്കുമതിക്കും കയറ്റുമതിക്കും ഏറ്റവും വലിയ തടസ്സമായി നിൽക്കുന്നത് തിരുവയാണ്. ചരക്കുനീക്കം വേഗത്തിലാക്കാൻ ഈ തീരുമാനം ഗുണംചെയ്യും. ഇന്ത്യയിൽനിന്ന് ഇലക്ട്രോണിക്സ്, തുണിത്തരങ്ങൾ, ഫർണിച്ചർ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവയെല്ലാം കൂടുതലായി യു.എ.ഇയിൽ എത്തിക്കാൻ വഴിതെളിയും. ഓൺലൈൻ ഉച്ചകോടിക്ക് മുമ്പ് യു.എ.ഇ വ്യവസായ സാങ്കേതിക മന്ത്രി ഡോ. സുൽത്താൻ അൽ ജാബിറും കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറും ഡൽഹിയിൽ ചർച്ച നടത്തിയിരുന്നു.
കഴിഞ്ഞ വർഷം 60 ശതകോടി ഡോളറിന്റെ ഇടപാടാണ് ഇന്ത്യയും യു.എ.ഇയും തമ്മിൽ നടന്നത്. യു.എസും (67.4 ശതകോടി ഡോളർ) ചൈനയും (65.1 ശതകോടി ഡോളർ) കഴിഞ്ഞാൽ ഇന്ത്യയുമായി ഏറ്റവുമധികം വ്യാപാര ഇടപാട് നടത്തുന്ന രാജ്യം യു.എ.ഇയാണ്. അതേസമയം, സ്വതന്ത്ര വ്യാപാര കരാറിന് തുല്യമായിരിക്കില്ല സി.ഇ.പി.എ. ഇന്ത്യയും യു.എ.ഇയും തമ്മിൽ സ്വതന്ത്ര വ്യാപാര കരാറിൽ ഏർപ്പെടുന്നതിന് നയപരമായ തടസ്സങ്ങളുണ്ട്. ഗൾഫ് കോർപറേഷൻ കൗൺസിലുമായി (ജി.സി.സി) ചേർന്ന് വേണം ഇത്തരമൊരു കരാർ തയാറാക്കാൻ. ഇതിനായുള്ള ശ്രമങ്ങൾ വർഷങ്ങൾക്കു മുമ്പേ തുടങ്ങിയെങ്കിലും നടപ്പായിട്ടില്ല. ഇരുരാജ്യങ്ങളിലെയും നിക്ഷേപം പ്രോത്സാഹിപ്പിക്കാനും കരാർ ഗുണംചെയ്യും. നിലവിൽ ഇന്ത്യയിലെയും യു.എ.ഇയിലെയും പ്രമുഖ സ്ഥാപനങ്ങൾ ഇരുരാജ്യങ്ങളിലും നിക്ഷേപമിറക്കുന്നുണ്ട്. ഡി.പി വേൾഡ് ഇന്ത്യയിൽ നിക്ഷേപമിറക്കിയപ്പോൾ മുകേഷ് അംബാനിയുടെ റിലയൻസ് യു.എ.ഇയിൽ നിക്ഷേപിക്കുന്നുണ്ട്.
യു.എ.ഇയുടെ 50ാം വാർഷികവും ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനവും പ്രമാണിച്ച് സംയുക്ത സ്മാരക സ്റ്റാമ്പ് പുറത്തിറക്കിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ മറ്റൊരു തെളിവായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.