ദുബൈ: പശ്ചിമേഷ്യയിലൊന്നാകെ ആശങ്കപടർത്തിയ അബൂദബിയിലെ ഹൂതി ആക്രമണത്തിന് ഒരാണ്ട്. കഴിഞ്ഞ വർഷം ജനുവരി 17നായിരുന്നു അബൂദബി നാഷനൽ ഓയിൽ കമ്പനിയുടെ ടാങ്കറിനും അബൂദബി വിമാനത്താവളത്തിന്റെ നിർമാണം നടക്കുന്ന ഭാഗത്തും ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടന്നത്. മൂന്ന് പേർ മരിക്കുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം ലോകരാഷ്ട്രങ്ങൾ ഒന്നടങ്കം അപലപിച്ചിരുന്നു. അബൂദബി വിമാനത്താവളത്തിലെ നിർമാണത്തിലിരിക്കുന്ന ഭാഗത്തെ ആക്രമണത്തിൽ ചെറിയ അഗ്നിബാധ മാത്രമാണുണ്ടായത്.
ഇവിടെ സ്ഥിതിഗതികൾ അതിവേഗം അബൂദബി പൊലീസ് നിയന്ത്രണവിധേയമാക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയിൽ ആശങ്കയില്ലാത്തവിധം മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു. മുസഫ മുഹമ്മദ് ബിൻ സായിദ് സിറ്റിക്ക് സമീപം, ഐകാഡ്-3 മേഖലയിലെ അബൂദബി പെട്രോളിയം കമ്പനിയായ അഡ്നോകിന്റെ സ്റ്റോറേജിന് സമീപമാണ് പെട്രോളിയം ടാങ്കറുകൾ പൊട്ടിത്തെറിച്ചത്. പ്രാഥമിക പരിശോധനയിൽ ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്ന് വിലയിരുത്തിയെങ്കിലും പിന്നീട് മിസൈലുകൾ ഉപയോഗിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.
ഹൂതികളുടെ ഭീകരാക്രമണത്തിന് ശേഷം യു.എ.ഇ കൂടുതൽ കരുത്തുനേടുകയും നിശ്ചയദാർഢ്യത്തോടെ വികസനയാത്ര തുടരുകയും ചെയ്തതായി യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് കഴിഞ്ഞദിവസം പറഞ്ഞു. ആക്രമണത്തിന് ഒരു വർഷം പിന്നിടുന്ന സന്ദർഭത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
രാജ്യത്തിന്റെ ആത്മവിശ്വാസം തകർക്കാൻ തീവ്രവാദികൾ ആഗ്രഹിച്ചിരുന്നു. പക്ഷേ, അത് അവരുയർത്തിയ ഭീഷണിയേക്കാൾ കരുത്തുറ്റതായിരുന്നു. ഇപ്പോൾ ഒരുവർഷം പിന്നിടുമ്പോൾ യു.എ.ഇ കൂടുതൽ ശക്തവും ആദരണീയവുമായി ഉയർന്നുനിൽക്കുകയാണ് -അദ്ദേഹം കൂട്ടിച്ചേർത്തു. സുരക്ഷിതത്വവും വികസനവും മാന്യമായ ജീവിതവും ആഗ്രഹിക്കുന്നവർക്ക് പ്രചോദനത്തിന്റെ ഉറവിടമാണ് യു.എ.ഇയെന്നും ആഗോള സുരക്ഷാസൂചികളുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടി ഗർഗാഷ് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.