ദുബൈ: ഹോസ്പിറ്റാലിറ്റി വ്യവസായ രംഗത്തെ ശാക്തീകരിക്കുന്നതിനും ഐക്യം വളർത്തുന്നതിനും പ്രതിജ്ഞാബദ്ധമാണെന്ന് ഹോസ്പിറ്റാലിറ്റി ടെക് ലീഡേഴ്സ് ഫോറം (എച്ച്.ടി.എൽ.എഫ്) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഹോസ്പിറ്റാലിറ്റി രംഗത്ത് പ്രവർത്തിക്കുന്നവരുടെ ഉന്നമനം ലക്ഷ്യമിട്ട് രൂപവത്കരിച്ച ലാഭേച്ഛയില്ലാത്ത സംഘടനയാണ് എച്ച്.ടി.എൽ.എഫ്. നിലവിൽ സംഘടനയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന അംഗങ്ങളുടെ എണ്ണം 114 ആണ്. സമീപഭാവിയിൽ സൗദി അറേബ്യ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലേക്കും സംഘടനയുടെ പ്രവർത്തനം വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നതായും ഭാരവാഹികൾ അറിയിച്ചു.
അംഗങ്ങളെ ഒരു കുടക്കീഴിൽ ഒരുമിച്ച് ചേർക്കാൻ ലക്ഷ്യമിട്ട് എച്ച്.ടി.എൽ.എഫ് സംഘടിപ്പിക്കുന്ന വാർഷിക കോൺക്ലേവ് ഈ മാസം 23ന് ദുബൈയിലെ ഓക്സ് ഇബ്ൻ ബത്തൂത്ത ഹോട്ടലിൽ നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. മേഖലയിലെ വിദഗ്ധരും പ്രമുഖരും വാർഷിക കോൺക്ലേവിൽ സംബന്ധിക്കും. വിവിധ വിഷയങ്ങളിൽ ആശയ കൈമാറ്റങ്ങളും ചർച്ചകളും നടക്കും. യു.എ.ഇയുടെ നിയമങ്ങൾ പാലിച്ചുകൊണ്ട് പുതിയൊരു പ്രവർത്തന ചട്ടക്കൂട് നിർമിക്കാനും പദ്ധതിയുണ്ട്. മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിക്കാനുള്ള ആലോചനയും നടന്നുവരുകയാണ്. അതോടൊപ്പം ദുബൈ ചേംബറിൽ രജിസ്റ്റർ ചെയ്യാനുള്ള നീക്കമുള്ളതായും ഭാരവാഹികൾ അറിയിച്ചു.
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമെന്ന നിലയിൽ, സാമ്പത്തിക നേട്ടങ്ങളേക്കാൾ വ്യവസായത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിനും അംഗങ്ങളുടെ വളർച്ചക്കും വിജയത്തിനും പിന്തുണ നൽകുകയുമാണ് ലക്ഷ്യം. പ്രസിഡന്റ് ബൈജു ഫിലിപ്, ഓണററി രക്ഷാധികാരി സ്റ്റേസി സാമുവൽ, പബ്ലിക് റിലേഷൻ ഓഫിസർ മുഹമ്മദ് നൗഫൽ, ഇവന്റ്സ് മാനേജർ സബിൻ സുബ്രഹ്മണ്യൻ, സെക്രട്ടറി ലിന്റോ തോമസ്, ട്രഷറർ സുനിൽ പൂണോളി, ഇവന്റ് കോഓഡിനേറ്റർ മുബീർ മീത്തൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.