ദുബൈ: ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന നിശ്ചിത ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ലക്ഷം ദിർഹം പിഴയിടും. ഇത് സംബന്ധിച്ച കരട് നിയമത്തിന് ഫെഡറൽ നാഷനൽ കൗൺസിൽ അംഗീകാരം നൽകി. ഇതുൾപെടെ രണ്ട് നിയമ ഭേതഗതികളാണ് പുതിയതായി നിലവിൽ വന്നത്.
ദുബൈ ഹെൽത്ത് അതോറിറ്റി, അബൂദബി ഹെൽത്ത് അതോറിറ്റി, ആരോഗ്യ മന്ത്രാലയം തുടങ്ങിയവയുടെ ലൈസൻസുള്ളവർക്ക് മാത്രമാണ് ആരോഗ്യ മേഖലയിൽ ജോലി ചെയ്യാൻ അനുമതിയുള്ളത്. ലൈസൻസ് നേടാനുള്ള മാനദണ്ഡം എല്ലാവരും പാലിച്ചിരിക്കണം. ഇല്ലെങ്കിൽ അഞ്ച് ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ അടക്കണം. തെറ്റായ രേഖകൾ നൽകുന്നവർക്കും ഇതേ ശിക്ഷയാണ് നൽകുന്നത്. ഇത്തരം ജീവനക്കാരെ നിയമിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടാനുള്ള നിയമ ഭേദഗതിക്കും അംഗീകാരം നൽകി. യു.എ.ഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രിയും ഫെഡറൽ നാഷനൽ കൗൺസിൽ സഹ മന്ത്രിയുമായ ഡോ. അബ്ദുൽ റഹ്മാൻ അൽ ഒവൈസിന്‍റെ സാന്നിധ്യത്തിലാണ് നിയമത്തിന് അംഗീകാരം നൽകിയത്.
നാട്ടിലെ സർട്ടിഫിക്കറ്റുമായി ദുബൈയിലെത്തി ആരോഗ്യ മേഖലയിൽ ജോലി തേടുന്ന നിരവധി പ്രവാസികളുണ്ട്. ഇവരിൽ പലരും ആരോഗ്യ വകുപ്പിന്‍റെ ലൈസൻസ് എടുക്കാറില്ല. ഇനിമുതൽ പിടിയിലായാൽ ലക്ഷം ദിർഹം വരെ പിഴ അടക്കേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.