ദുബൈ: എമിറേറ്റിലെ ആഡംബര ഭവനങ്ങളുടെ ആവശ്യക്കാർ അനുദിനം വർധിക്കുകയാണെന്ന് വ്യക്തമാക്കി പാം ജബൽഅലിയിലെ ആദ്യ വില്ലകൾ സ്വന്തമാക്കാൻ വൻ തിരക്ക്. പാം ജുമൈറക്കുശേഷം കടലിൽ നിർമിക്കുന്ന വൻ പദ്ധതിയിലെ ആദ്യ വില്ലകളുടെ വിൽപന കഴിഞ്ഞ ദിവസമാണ് നടന്നത്.
നൂറുകണക്കിന് പേരാണ് പുലർച്ച മൂന്നുമുതൽ നിർമാതാക്കളായ നഖീൽ ഗ്രൂപ്പിന്റെ വിൽപന കേന്ദ്രത്തിന് മുന്നിൽ തടിച്ചുകൂടിയത്. മനുഷ്യനിർമിത ദ്വീപിൽ ആദ്യഘട്ട വില്ലകൾ പൂർത്തിയാകുന്നത് 2027ലാണ്. ദ്വീപിന്റെ നാലു ഭാഗങ്ങളിലായി കോറൽ വില്ലകളും ബീച്ച് വില്ലകളും എന്നിങ്ങനെ രണ്ടു തരം പാർപ്പിടങ്ങളാണുണ്ടാവുക. 8000 സ്ക്വയർ ഫീറ്റ് വരെയുള്ള വില്ലകളാണ് ആദ്യ ഘട്ടത്തിൽ വിൽപന നടത്തിയത്. ഇതിന് രണ്ടു കോടി ദിർഹം വരെയാണ് വില ലഭിച്ചത്. മൂന്നു കോടി ദിർഹം മുതൽ മൂന്നരക്കോടി വരെ വിലയുള്ള 12,000 ചതുരശ്ര അടി വില്ലകൾ, രണ്ടരക്കോടി ദിർഹം മുതൽ മൂന്നു കോടി വരെ വിലയുള്ള പ്ലോട്ടുകൾ എന്നിവയും വിൽപനക്കുണ്ട്.
ഏറ്റവും ആധുനികമായ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള ആഡംബര വില്ലകൾ തേടുന്നവരുടെ എണ്ണം ദുബൈയിൽ കുതിച്ചുയർന്നതാണ് തിരക്കിന് കാരണമായി വിലയിരുത്തുന്നത്. പാം ജബൽ അലി വികസനത്തിനായുള്ള പുതിയ മാസ്റ്റർ പ്ലാൻ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് കഴിഞ്ഞ ജൂണിൽ പുറത്തുവിട്ടത്. 80ലധികം ഹോട്ടലുകളും റിസോർട്ടുകളും കൂടാതെ നിരവധി റീട്ടെയിൽ, ഡൈനിങ് അനുഭവങ്ങളും ദ്വീപിലുണ്ടാകുമെന്ന് നഖീൽ കമ്പനി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.