ദുബൈ: കഴിഞ്ഞ വർഷം രണ്ട് ഇന്ത്യക്കാരെ കത്തികാണിച്ച് കവർച്ച ചെയ്ത സംഭവത്തിൽ പ്രതിക്ക് ജയിൽ ശിക്ഷയും പിഴയും വിധിച്ച് ദുബൈ കോടതി.
ഏഷ്യക്കാരനായ പ്രതിക്ക് ഒരു വർഷം തടവും മൂന്ന് ലക്ഷം ദിർഹം പിഴയുമാണ് ചുമത്തിയത്. തടവു കാലത്തിന് ശേഷം നാടുകടത്താനും വിധിച്ചിട്ടുണ്ട്. ഏഴ് പെട്ടികളിലായി 100 മൊബൈൽ ഫോണുകളും 62 വാച്ചുകളുമായി പോവുകയായിരുന്നവരെയാണ് പ്രതിയും കൂട്ടാളികളും കത്തികാണിച്ച് കവർച്ച ചെയ്തത്.
2.96 ലക്ഷം ദിർഹം വിലമതിക്കുന്ന മൊബൈൽ ഫോണുകളും 10,000 ദിർഹം വിലമതിക്കുന്ന വാച്ചുകളുമായിരുന്നു ഇത്. ദുബൈയിലെ അൽ മുറഖബാത്ത് പ്രദേശത്തുവെച്ചാണ് കവർച്ച നടന്നത്. വസ്തുക്കൾ ഇലക്ട്രോണിക് ട്രേഡിങ് കമ്പനിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
പെട്ടിയിലെ വസ്തുക്കൾക്ക് പുറമെ ആക്രമിക്കപ്പെട്ടവരുടെ കൈയിലുള്ള മറ്റു സാധനങ്ങളും തട്ടിപ്പറിച്ചിരുന്നു. സംഭവത്തിൽ പ്രതിയുടെ കൂട്ടാളികൾ ഒളിവിലാണ്.
പ്രതി കോടതിയിൽ കവർച്ച നടത്തിയത് നിഷേധിച്ചെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റവാളിയാണെന്ന് കോടതി വിധിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.