ഇന്ത്യാ സോഷ്യല്‍ ആൻഡ് കൾചറൽ സെന്റർ (ഐ.എസ്.സി) ഇന്ത്യാ ഫെസ്റ്റിന്റെ ഉദ്ഘാടന ചടങ്ങ്
അബൂദബി: പ്രവാസികൾക്ക് ആഘോഷ ദിനങ്ങൾ സമ്മാനിച്ച് അബൂദബിയിൽ ഇന്ത്യാ ഫെസ്റ്റ്. ഇന്ത്യാ സോഷ്യല്‍ ആൻഡ് കൾചറൽ സെന്ററിലാണ് (ഐ.എസ്.സി) ഇന്ത്യാ ഫെസ്റ്റ് നടന്നുവരുന്നത്. വൈവിധ്യമാർന്ന കലാപരിപാടികളും ഭക്ഷണ ശാലകളും വിവിധ ബിസിനസ് സ്ഥാപനങ്ങളുടെ സ്റ്റാളുകളും വിദ്യാർഥികളുടെ ശാസ്ത്ര പ്രദർശന സ്റ്റാളുകളും പതിമൂന്നാമത് ഇന്ത്യാ ഫെസ്റ്റിന് ഒരുക്കിയിട്ടുണ്ട്.
ഐ.എസ്.സി പ്രസിഡന്റ് ജയറാം റായ്യുടെ അധ്യക്ഷതയിൽ നടന്ന ആഘോഷ പരിപാടികൾ യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഐ.എസ്.സി ജനറൽ സെക്രട്ടറി രാജേഷ് ശ്രീധരൻ, ട്രഷറർ ദിനേശ് പൊതുവാൾ, വിനോദ വിഭാഗം സെക്രട്ടറി അരുൺ ആൻഡ്രു വർഗീസ്, വൈസ് പ്രസിഡന്റ് ആൻഡ് ഇന്ത്യ ഫെസ്റ്റ് ജനറൽ കൺവീനർ കെ.എം സുജിത്ത് എന്നിവർ സംസാരിച്ചു.
ഐ.സി.എൽ ഫിൻകോർപ്പ് ഇൻവെസ്റ്റ്മെന്റ് മാനേജിങ് ഡയറക്ടർ കെ.ജി. അനിൽകുമാർ, ലുലു എക്സ്ചേഞ്ച് മാർക്കറ്റിങ് മാനേജർ അസിം ഉമർ, ജെമിനി ബിൽഡിങ് മെറ്റീരിയൽസ് മാനേജിങ് ഡയറക്ടർ കെ.പി ഗണേഷ് ബാബു, മെഡിയോർ ഹോസ്പിറ്റൽ ഡയറക്ടർ ഓഫ് ഓപറേഷൻ ഡോ. തേജ രാമ, ട്രാൻ ടെക്ക് ഗ്രൂപ് ചെയർമാൻ റഫീഖ് കയനയിൽ, സൈഫി രൂപവല, കമ്യൂണിറ്റി പൊലീസ് ക്യാപ്റ്റൻ തമീമി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
മൂന്ന് ദിവസത്തെ മേളയുടെ ആദ്യദിനത്തിൽ രഞ്ജിനി ജോസ്, നിരഞ്ച് സുരേഷ്, പ്രദീപ് ബാബു എന്നിവർ ഒരുക്കിയ സംഗീത വിരുന്ന് ഫെസ്റ്റിനെ മികവുറ്റതാക്കി. രണ്ടാം ദിനമായ ശനിയാഴ്ച രാത്രി റിയാലിറ്റി ഷോ താരങ്ങളായ വൈഭവ് ഗുപ്ത, അനന്യ പാൽ എന്നിവർ നയിക്കുന്ന മ്യൂസിക് ഷോ അരങ്ങേറി. അബൂദബിയിലെ പ്രമുഖ റസ്റ്റാറന്റുകളുടെയും സംഘടനകളുടെയും ഭക്ഷണശാലകള്‍ മേളയിലൊരുക്കിയിരുന്നു. സ്റ്റാളുകളില്‍ ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, ഫാഷന്‍ ഉൽപന്നങ്ങള്, പുസ്തകങ്ങള്‍ എന്നിവയെല്ലാം സന്ദര്ശകര്ക്കായൊരുക്കിയിട്ടുണ്ട്.
പത്ത് ദിർഹത്തിന്റെ പ്രവേശന ടിക്കറ്റ് എടുത്ത് എത്തുന്നവരിൽനിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന മെഗാ വിജയിക്ക് 100 ഗ്രാം സ്വർണമാണ് സമ്മാനം. കൂടാതെ അഞ്ചുപേർക്ക് വീതം 8 ഗ്രാം സ്വർണ നാണയം, ടെലിവിഷൻ, സ്മാർട്ട് ഫോൺ, സ്മാർട്ട് വാച്ച്, എയർ ഫ്രയർ തുടങ്ങിയ മറ്റു സമ്മാനങ്ങളും നൽകുന്നുണ്ട്. സന്ദർശകർക്കായി വിശാലമായ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. അവസാന ദിനമായ ഞായറാഴ്ച വൈവിധ്യമാർന്ന കലാ പരിപാടികളും നറുക്കെടുപ്പും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.