ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തത്തിൽ കാതലായ മാറ്റം കൊണ്ടുവരാൻ കരാറിന് കഴിയുമെന്നാണ് വിശ്വാസമെന്ന് നരേന്ദ്ര മോദി പറഞ്ഞു. അഞ്ചുവർഷത്തിനുള്ളിൽ വ്യാപാര ഇടപാട് 60 ശതകോടി ഡോളറിൽ നിന്ന് 100 ശതകോടി ഡോളറായി ഉയരും.
ഇരുരാജ്യങ്ങളും തമ്മിലുള്ള അഗാധ സൗഹൃദമാണ് കരാറിലൂടെ പ്രതിഫലിക്കുന്നത്. മൂന്നു മാസത്തിനുള്ളിൽ ഇത്തരമൊരു സുപ്രധാന കരാറിന്‍റെ ചർച്ചകൾ അവസാനിപ്പിക്കാൻ കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. സാധാരണരീതിയിൽ ഒരുവർഷത്തിലേറെ എടുക്കുന്നതാണ്. കഴിഞ്ഞ ഏഴുവർഷത്തിനിടെ യു.എ.ഇയുമായുള്ള ബന്ധത്തിൽ കാര്യമായ പുരോഗതിയാണുണ്ടായത്. ജമ്മു–കശ്മീർ ഗവർണർ കഴിഞ്ഞമാസം യു.എ.ഇ സന്ദർശിച്ചശേഷം വിവിധ ഇമാറാത്തി കമ്പനികൾ കശ്മീരിൽ നിക്ഷേപിക്കാൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. ആരോഗ്യം ഉൾപ്പെടെയുള്ള എല്ലാ മേഖലയിലും യു.എ.ഇയിലെ നിക്ഷേപകരെ ജമ്മു–കശ്മീരിലേക്ക് ക്ഷണിക്കുന്നു. ഇരുരാജ്യങ്ങളിലും സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ പ്രോത്സാഹിപ്പിക്കും. മഹാമാരിയുടെ സമയത്തുൾപ്പെടെ ഇന്ത്യൻ സമൂഹത്തെ സംരക്ഷിച്ച നിങ്ങളോട് നന്ദിയുണ്ട്. ഭീകരവാദത്തിനെതിരെ ഇരുരാജ്യങ്ങളും തോളോടു തോൾ ചേർന്നുനിൽക്കും. യു.എ.ഇക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.