ദുബൈ: പൊതുജന-മാനസികാരോഗ്യ രംഗത്തെ സഹകരണവും പരിരക്ഷാ സാധ്യതകളും പങ്കുവെക്കുന്നതിന് ദുബൈ ആരോഗ്യ അതോറിറ്റി (ഡി.എച്ച്.എ) മേധാവികളും ഇന്ത്യൻ അധികൃതരും ചർച്ച നടത്തി. കഴിഞ്ഞ വർഷം ഡി.എച്ച്.എ ഉന്നതതല സമിതി ഇന്ത്യയിലെ ആരോഗ്യകേന്ദ്രങ്ങളിൽ നടത്തിയ സന്ദർശനങ്ങളുടെ തുടർച്ചയായാണ് പൊതുജനാരോഗ്യ മേഖലയിലെ വിവിധ വിഷയങ്ങൾ വെബിനാറിലൂടെ ചർച്ച ചെയ്തത്. ഡി.എച്ച്.എ ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖത്താമി, ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി എന്നിവർക്കൊപ്പം കേരള ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചർ, കേരള മുഖ്യമന്ത്രിയുടെ ആരോഗ്യ ഉപദേഷ്ടാവ് ഡോ. രാജീവ് സദാനന്ദൻ എന്നിവരും വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.
ചരിത്രപരമായ ബന്ധമുളള ഇന്ത്യയും യു.എ.ഇയും തമ്മിൽ ആരോഗ്യമേഖലയിലെ സഹകരണം അതീവ പ്രാധാന്യമുള്ളതാണെന്ന് ഡി.എച്ച്.എ ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖത്താമി ആമുഖ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി.
മാനസിക ആരോഗ്യം, അവയവദാനവും മാറ്റവും, ആരോഗ്യ ഗവേഷണം, കാൻസർ പരിചരണം, ഹൃദയാരോഗ്യം, നവീന ആശയങ്ങൾ, മാനസികാരോഗ്യസേവനം, വയോജന പരിപാലനം തുടങ്ങിയ മേഖലകളിലെ പഠനങ്ങളിലും സേവനങ്ങളിലുമാണ് ഡി.എച്ച്.എ സംഘം ഇന്ത്യ സന്ദർശന വേളയിൽ പ്രത്യേക ഉൗന്നൽ നൽകിയത്. ആരോഗ്യമേഖലയിലെ ലോകത്തെ ഉൽകൃഷ്ഠ മാതൃകകൾ പിൻപറ്റുന്നതിെൻറ ഭാഗമായാണത് ഇന്ത്യയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങളിലെത്തിയതെന്നും ജനങ്ങൾക്ക് എല്ലാ അർഥത്തിലും ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുക എന്നത് ഇവിടുത്തെ ഭരണകൂടം മുന്നോട്ടുവെക്കുന്ന സുപ്രധാന ദർശനങ്ങളിലൊന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബൈ ഹെൽത് കെയർകോർപ്പറേഷൻ സി.ഇ.ഒ ഡോ.യൂനുസ് കസീം, ക്ലിനിക്കൽ സപ്പോർട്ട്- നഴ്സിങ് സേവന വിഭാഗം സി.ഇ.ഒ ഫരീദ അൽ ഖാജ എന്നിവരും സംസാരിച്ചു.
ഏറെ പ്രതിസന്ധികൾ നിറഞ്ഞ കോവിഡ് കാലത്ത് ഇന്ത്യൻ സമൂഹം ഉൾപ്പെടെയുള്ള വലിയ ഒരു വിഭാഗം പ്രവാസികൾക്ക് യു.എ.ഇയിലെ സർക്കാർ ഒരുക്കിയ അതിവിപുലമായ സേവനങ്ങൾക്ക് നന്ദി പറഞ്ഞ കോൺസുൽ ജനറൽ ഡോ.അമൻ പുരി കോവിഡ് മറികടക്കാൻ യു.എ.ഇ അധികൃതർ നടത്തിയ പ്രയത്നങ്ങൾ ലോകത്തിനു തന്നെ മാതൃകയാണെന്ന് കൂട്ടിച്ചേർത്തു. ഇന്ത്യയും യു.എ.ഇയും തമ്മിലെ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ കരുത്തോടെ ആരോഗ്യമേഖലയിലും മുന്നോട്ടു നീങ്ങുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യു.എ.ഇയിൽ വൻതോതിലുള്ള മലയാളി സമൂഹത്തിന് നൽകിയ പിന്തുണയിൽ നന്ദി അറിയിച്ച മന്ത്രി കെ.കെ. ശൈഖജ ടീചചർ കോവിഡ് 19 പ്രതിരോധത്തിന് യു.എ.ഇ നടത്തിയ മികവുറ്റ ശ്രമങ്ങളെ അഭിനന്ദിച്ചു. ശാസ്ത്രീയമായ സമീപനത്തിലൂടെ നടത്തുന്ന കോവിഡ് പ്രതിരോധ േപാരാട്ടം വഴി രോഗവ്യാപനത്തിെൻറ തോത് പരമാവധി കുറച്ചു നിർത്തുവാൻ കേരളം ശ്രമിച്ചുവരികയാണെന്ന് അവർ വ്യക്തമാക്കി.പൊതുജനാരോഗ്യ സംവിധാനമാണ് കോവിഡ് പ്രതിരോധ മുന്നേറ്റങ്ങൾക്കും കരുത്തേകിയതെന്നത് ഉറച്ചു പറഞ്ഞ മന്ത്രി അതു കൂടുതൽ ശക്തിപ്പെടുത്തുക അത്യാവശ്യമാണെന്നും അഭിപ്രായെപ്പട്ടു.
പൊതു-സ്വകാര്യ മേഖലകളുടെ വർധിതമായ സഹകരണത്തിെൻറ പ്രാധാന്യം വ്യക്തമാക്കിത്തന്ന കാലമായിരുന്നു കോവിഡ് പ്രതിസന്ധിയെന്ന് ചൂണ്ടിക്കാട്ടിയ വി.പി.എസ് ഹെൽത്കെയർ സി.ഇ.ഒ ഡോ.ഷാജിർ ഗഫാർ ജനങ്ങളുടെ ആരോഗ്യത്തിന് മുഖ്യപരിഗണന നൽകുന്ന യു.എ.ഇയിലും ഇന്ത്യയിലും ഇൗ സഹകരണം ഫലം നൽകുന്നുവെന്നും ചൂണ്ടിക്കാട്ടി.
ഡി.എച്ച്.എ സ്മാർട്ട് ഹെൽത് ഒാഫീസ് ഡയറക്ടർ ഡോ.മുഹമ്മദ് അൽ റിദാ, ഡോ. ഹസ്സൻ ശുറി, സന്ദേശ് കദബം, ഡോ.ബി.ആർ.മധുകർ, ഡോ. ഖൗലാ അഹ്മദ് തുടങ്ങിയവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.