ദുബൈ: റോഡിൽ വീണുകിടന്ന കോൺക്രീറ്റ് കട്ടകൾ നീക്കം ചെയ്ത് അപകടത്തിൽനിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തിയ പാകിസ്താൻ സ്വദേശിക്ക് ഇന്ത്യക്കാരുടെ ആദരം. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ പ്രശംസ പിടിച്ചുപറ്റിയ അബ്ദുൽ ഗഫൂറിനാണ് ടീം ടോളറൻസ് യു.എ.ഇയുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയത്.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം രചിച്ച പുസ്തകത്തിന്‍റെ ഉർദു പരിഭാഷ പ്രൈം ഹെൽത്ത് ഗ്രൂപ് ഡയഗ്നോസ്റ്റിക് സർവിസ് ഹെഡ് ലോലിത് ലോഹിതാക്ഷൻ, അബ്ദുൽ ഗഫൂറിന് കൈമാറി. ഇന്ത്യ, പാകിസ്താൻ എന്നീ രാജ്യങ്ങളുടെ സ്വാതന്ത്ര്യദിനം കേക്ക് മുറിച്ചു ആഘോഷിച്ചു.
ടീം ടോളറൻസ് യു.എ.ഇ ചാപ്റ്റർ അധ്യക്ഷൻ സി. സാദിഖ് അലി അധ്യക്ഷത വഹിച്ചു. ടീം ടോളറൻസ് അംഗങ്ങളായ ജമാൽ മനയത്ത്, ജലീൽ കാര്യേടത്ത്, ഷാഫി അഞ്ചങ്ങാടി, സാബു തോമസ്, നാസർ. പി.വി, താഹ ഹാജിയാരകത്ത്, മുഹസിൻ മുബാറക്ക്, ബെൻ, ഷാഫി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.