ദുബൈ: 10ാമത് അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഒരുക്കുന്ന ചടങ്ങ് ശനിയാഴ്ച വേൾഡ് ട്രേഡ് സെന്ററിൽ നടക്കും. വൈകീട്ട് അഞ്ചു മുതൽ ഏഴുവരെ അരങ്ങേറുന്ന ചടങ്ങിൽ നാലായിരത്തോളം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര യോഗദിനമായ വെള്ളിയാഴ്ച ദുബൈയിലെ വിവിധ സ്ഥലങ്ങളിൽ വിവിധ കൂട്ടായ്മകൾ യോഗ സംഘടിപ്പിച്ചിരുന്നു.
ദുബൈ ഫ്രെയിമിന് മുമ്പിലും മ്യൂസിയം ഓഫ് ഫ്യൂച്ചറിന് സമീപത്തും യോഗ ഒരുക്കിയിരുന്നു. ശനിയാഴ്ച നടക്കുന്ന യോഗദിന പരിപാടിക്ക് രജിസ്റ്റർ ചെയ്യാനായി പ്രത്യേക വെബ്സൈറ്റ് കോൺസുലേറ്റ് പുറത്തിറക്കിയിട്ടുണ്ട്. ബുധനാഴ്ച കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവനാണ് രജിസ്ട്രേഷൻ വെബ്സൈറ്റ് പുറത്തിറക്കിയത്.
കോൺസുലേറ്റ് ഒരുക്കുന്ന ചടങ്ങിൽ ദുബൈയിലെയും വടക്കൻ എമിറേറ്റുകളിലെയും താമസക്കാരായ വിവിധ രാജ്യക്കാർ പങ്കെടുക്കും.
വേൾഡ് ട്രേഡ് സെന്ററിലെ ശൈഖ് സായിദ് ഹാളിൽ നടക്കുന്ന പരിപാടിയിൽ ദുബൈ സ്പോർട്സ് കൗൺസിലും സഹകരിക്കുന്നുണ്ട്. അബൂദബി ഇന്ത്യൻ എംബസിയും അബൂദബി സ്പോർട്സ് കൗൺസിലും സഹകരിച്ച് അഡ്നെക് വേദിയിലും യോഗ ഒരുക്കുന്നുണ്ട്. ശനിയാഴ്ച വൈകുന്നേരം ആറു മണിക്കാണ് ഇവിടെ പരിപാടി അരങ്ങേറുന്നത്. ഞായറാഴ്ച എംബസിയും ലോവർ മ്യൂസിയവും സഹകരിച്ച് ലൂവർ അബൂദബി റൂഫ് ടോപ്പിൽ ചടങ്ങ് ഒരുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.