അബൂദബി: യു.എ.ഇയിൽ ആദ്യ സന്ദർശനത്തിനെത്തിയ ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെനറ്റ് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാനുമായി ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലെ സഹകരണവും മേഖലയിലെ സുരക്ഷപ്രശ്നങ്ങളുമാണ് പ്രധാനമായി ചർച്ചചെയ്തത്.
ഭക്ഷ്യസുരക്ഷ, കാർഷികം, പുനരുജ്ജീവിപ്പിക്കാവുന്ന ഊർജം, സാങ്കേതികം, ആരോഗ്യം, സാമ്പത്തികം, വ്യാപാരം എന്നീ മേഖലകളിലെ നിക്ഷേപം സംബന്ധിച്ച് വിലയിരുത്തുകയും നിക്ഷേപം വർധിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. പരസ്പര ബഹുമാനം, സഹകരണം, സഹവർത്തിത്വം, സമാധാനം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന തത്ത്വങ്ങളിൽ അധിഷ്ഠിതമാണ് യു.എ.ഇയുടെ വിദേശബന്ധങ്ങളെന്നും ജനങ്ങളുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാനുള്ള ഏറ്റവും നല്ല മാർഗമാണിതെന്നും ശൈഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു.
പരിധികളില്ലാത്ത വ്യാപാരബന്ധമാണ് യു.എ.ഇയും ഇസ്രായേലും തമ്മിലുള്ളതെന്ന് ബെനറ്റ് പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് ബെനറ്റ് അബൂദബിയിൽ വിമാനമിറങ്ങിയത്. വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനാണ് വിമാനത്താവളത്തിലെത്തി ബെനറ്റിനെ സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.