ദുബൈ: ജിമ്മിലെത്തി പോക്കറ്റിൽ തിരഞ്ഞപ്പോഴാണ് എയർപോഡ് നഷ്ടപ്പെട്ട വിവരം തിരുവനന്തപുരം പാറശ്ശാലക്കാരൻ ജാഫർ ഖാൻ അറിയുന്നത്. 1000 ദിർഹം മുടക്കി (20,000 രൂപ) ആറ്റുനോറ്റുവാങ്ങിയ എയർപോഡായതിനാൽ കഴിയുന്നിടത്തെല്ലം അന്വേഷിച്ചു.
യാത്രചെയ്ത ടാക്സിയിൽ നഷ്ടപ്പെട്ടിരിക്കാമെന്നായിരുന്നു സംശയം. പക്ഷേ, ടാക്സിയുടെ നമ്പറോ മറ്റു വിവരങ്ങളോ അറിയില്ല. വിവരം ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയിൽ (ആർ.ടി.എ) വിളിച്ചറിയിച്ചു. രണ്ടു മണിക്കൂറിനുള്ളിൽ ആർ.ടി.എയിൽനിന്ന് വിളിയെത്തി, 'ജാഫർ, നിങ്ങളുടെ എയർപോഡ് കണ്ടെത്തിയിട്ടുണ്ട്. വൈകാതെ നിങ്ങളുടെ കൈയിലെത്തും'. ആർ.ടി.എക്ക് നന്ദി അർപ്പിച്ച് ജാഫർ ഫേസ്ബുക്കിലിട്ട പോസ്റ്റിെൻറ സ്ക്രീൻഷോട്ട് ട്വിറ്ററിലൂടെ പങ്കുവെക്കുകയും ചെയ്തു റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി.
ദുബൈ അൽ ബർഷയിലാണ് സംഭവം. ജാഫറിെൻറ നന്ദി പോസ്റ്റ് ശനിയാഴ്ച ആർ.ടി.എ ഔദ്യോഗിക ട്വിറ്റർപേജിൽ പോസ്റ്റ് ചെയ്തതോടെയാണ് ദുബൈയിലെ ഗതാഗതവകുപ്പിെൻറ കരുതലിെൻറ കഥ മറ്റുള്ളവരും അറിഞ്ഞത്. നമ്പർ പോലുമറിയാത്ത വാഹനം ആർ.ടി.എ എങ്ങനെ കണ്ടെത്തി എന്നത് തന്നെ ഇപ്പോഴും അത്ഭുതപ്പെടുത്തുന്നുവെന്ന് ജാഫർ പറയുന്നു. എവിടെനിന്നാണ് കയറിയതെന്നും എവിടെയാണ് ഇറങ്ങിയതെന്നും ടാക്സിയുടെ നിറവും സമയവുമെല്ലാം ആർ.ടി.എ ഉദ്യോഗസ്ഥർ ചോദിച്ചറിഞ്ഞിരുന്നു. അറിയാവുന്ന വിവരങ്ങളെല്ലാം അവർക്ക് കൈമാറി. സമയവും സ്ഥലവും വെച്ചുള്ള ട്രാക്കിങ്ങിലാണ് ടാക്സി കണ്ടെത്താനായത്. തുടർന്ന്, ഈ സമയത്ത് അതുവഴി പോയ ടാക്സിയുടെ ഡ്രൈവർമാരെെയല്ലാം ബന്ധപ്പെട്ട് വിവരം ധരിപ്പിച്ചു. ഒടുവിൽ, ജാഫർ യാത്രചെയ്ത ടാക്സിയുടെ പാകിസ്താനി ഡ്രൈവറെ കണ്ടെത്തി. ഡ്യൂട്ടി കഴിഞ്ഞ താൻ വിശ്രമത്തിലാണെന്നും രാവിലെ നോക്കാമെന്നും ടാക്സിഡ്രൈവർ പറഞ്ഞെങ്കിലും ഉദ്യോഗസ്ഥർ സമ്മതിച്ചില്ല. ഉടൻ നോക്കണമെന്നായിരുന്നു നിർദേശം. ഇതനുസരിച്ച് വാഹനത്തിൽ നടത്തിയ പരിശോധനയിലാണ് പിൻസീറ്റിൽനിന്ന് എയർപോഡ് കിട്ടിയത്. ഡ്രൈവറെയും ജാഫറിനെയും ഒരുമിച്ച് കോൺഫറൻസ് കോൾ വഴി ബന്ധപ്പെട്ടു. ഉർദു മാത്രം അറിയാവുന്ന ടാക്സി ഡ്രൈവർ പറഞ്ഞതെല്ലാം ഉദ്യോഗസ്ഥൻ ഇംഗ്ലീഷിൽ മൊഴിമാറ്റി നൽകി. ജാഫറിെൻറ സൗകര്യാർഥം അടുത്ത ദിവസം ഡ്രൈവർ എയർപോഡ് എത്തിക്കുകയായിരുന്നു. ബർദുബൈയിൽ ഷാഡോ (shaadoow) എന്ന മ്യൂസിക് ആപ്പിെൻറ കമ്പനിയിൽ ജോലി ചെയ്യുകയാണ് ജാഫർ.
അന്നുതന്നെ ആർ.ടി.എക്ക് നന്ദി പറഞ്ഞ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. അവർ തിരിച്ച് നന്ദി അറിയിക്കുകയും ചെയ്തു. പോസ്റ്റിെൻറ സ്ക്രീൻഷോട്ട് ശനിയാഴ്ചയാണ് ആർ.ടി.എയുടെ ഔദ്യോഗിക പേജിൽ പോസ്റ്റ് ചെയ്തത്. അതിനൊപ്പം ഇങ്ങനെ കുറിച്ചിരിക്കുന്നു- 'നിങ്ങളുടെ സുരക്ഷിതത്വവും സന്തോഷവുമാണ് ഞങ്ങൾക്ക് മുഖ്യം. യാത്രക്കുശേഷം ഞങ്ങളുടെ ഉപയോക്താക്കൾ പങ്കുവെക്കുന്ന അനുഭവങ്ങൾ കാണുക'.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.