റാസല്‍ഖൈമ: മികച്ച ജീവിത സാഹചര്യം ലക്ഷ്യമാക്കി പുറംനാടുകള്‍ തേടുന്നവരില്‍ മലയാളികള്‍ എന്നും മുന്നിലാണ്. മുന്‍ തലമുറയില്‍ ഗണ്യവിഭാഗത്തിനും സ്വപ്നഭൂമി ഗള്‍ഫ് നാടുകള്‍ ആയിരുന്നെങ്കില്‍ പുതുതലമുറയുടേത് യൂറോപ്യന്‍ രാജ്യങ്ങളാണ്. ഏജന്റുമാരുടെയും മറ്റും വാക്കുകളില്‍ വിശ്വസിച്ച് പടുകുഴിയിലകപ്പെടുന്നവരുടെ അനുഭവങ്ങള്‍ ഇക്കാലത്തും മാറ്റമില്ലാതെ തുടരുകയാണ്. 25,000വും രണ്ടു ലക്ഷവുമൊക്കെ നഷ്ടപ്പെട്ടവരുടെ വിവരങ്ങളാണ് ഗള്‍ഫ് ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ളത്. ജോലിക്കായി 12ഉം 15ഉം ലക്ഷവും ചെലവഴിച്ചിട്ടും ക്ലേശജീവിതം നയിക്കേണ്ടിവരുന്ന ഹതഭാഗ്യരെക്കുറിച്ച വിവരമാണ് അയര്‍ലൻഡില്‍ നിന്നുമെത്തുന്നത്. അന്യനാട്ടില്‍ ജോലി തേടുന്നതിനു മുമ്പ് വ്യക്തത വരുത്തിയേ പണം കൈമാറാന്‍ പാടുള്ളൂവെന്ന് വര്‍ഷങ്ങളായി അയര്‍ലൻഡില്‍ കഴിയുന്ന മലയാളി യുവാവ് പറയുന്നു.
ഏറെ അവസരങ്ങളുള്ള നാടാണ് അയര്‍ലൻഡ്. നഴ്സിങ്, ഐ.ടി, ഷെഫ് തുടങ്ങിയ മേഖലകളില്‍ ജോലി ലഭിച്ചാല്‍ നല്ലത്. വിസ നടപടികളിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് അയര്‍ലൻഡിലെ ജീവിതച്ചെലവിനെക്കുറിച്ച് ശരിയായ ധാരണ ഉണ്ടാകണം. ഇത് മനസ്സിലാക്കാതെ റിക്രൂട്ടിങ് ഏജന്‍സികള്‍ പറയുന്ന ശമ്പളം കേട്ട് ലക്ഷങ്ങള്‍ സംഘടിപ്പിച്ചു നല്കരുതെന്നു മാത്രം. നഴ്സിങ് മേഖലയില്‍ തൊഴില്‍ തേടുന്നവരാണ് പ്രധാനമായും തട്ടിപ്പിലകപ്പെടുന്നത്. അയര്‍ലൻഡില്‍ നഴ്സായി നിയമനം ലഭിക്കണമെങ്കില്‍ ഒ.ഇ.ടി എന്ന കടമ്പ കടക്കേണ്ടതുണ്ട്.
ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് തസ്തികയില്‍ ഒന്നര വര്‍ഷം മുമ്പ് അയര്‍ലൻഡില്‍ പുതിയ അവസരം തുറന്നിരുന്നു. നഴ്സിങ് ബാക്ഗ്രൗണ്ട് മാത്രം മതിയെന്നതാണ് ഇതിന്റെ ആകര്‍ഷണം. നാട്ടിലെ ഹോം നഴ്സിങ് ജോലിക്കു സമാനമാണ് ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് തസ്തിക. നിശ്ചിത നാള് ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് ജോലി പൂര്‍ത്തീകരിച്ചാല്‍ നഴ്സായി നിയമനം ലഭിക്കുന്നതിന് വേണ്ട ഒ.ഇ.ടി യോഗ്യത നേടേണ്ടതില്ല. ഇവര്‍ക്ക് നേരിട്ട് നഴ്സായി ജോലിക്ക് അപേക്ഷിക്കാം. ഇത് അവസരമാക്കി ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് ജോലിയിലേക്ക് ആളെ കൂട്ടാന്‍ റിക്രൂട്ടിങ് ഏജന്‍സികള്‍ സജീവമാണ്. 25,000 മുതല്‍ 27,000 യൂറോ വരെ ശമ്പളം ലഭിക്കുമെന്നാണ് ആളെപ്പിടിത്തക്കാരുടെ പ്രചാരണം. എന്നാല്‍, 17,000 യൂറോ വാര്‍ഷിക ശമ്പളം മാത്രമേ ലഭിക്കൂവെന്നതാണ് യാഥാര്‍ഥ്യമെന്ന് യുവാവ് പറയുന്നു.
യൂറോയില്‍ ലഭിക്കാനിരിക്കുന്ന ശമ്പളം കൂട്ടിക്കിഴിച്ച് പലിശക്ക് പണമെടുത്ത് ഭീമമായ തുക നല്‍കിയാണ് ഭൂരിഭാഗം പേരും അയര്‍ലൻഡിലെത്തുന്നത്. ഇങ്ങനെയെത്തുന്നവര്‍ക്ക് ശരിയായ താമസരേഖകള്‍ ലഭിക്കുമെന്നത് ശരിയാണ്. എന്നാല്‍, നിശ്ചിത മണിക്കൂര്‍ സ്ഥിരമായ ജോലി ലഭിക്കുന്നില്ലെന്നതാണ് വസ്തുത. താമസരേഖകള്‍ ശരിയാക്കുന്നിടത്ത് വിസക്ക് പണം വാങ്ങുന്നവരുടെ ചുമതല കഴിയുന്നു. സ്ഥിരം ജോലി തരപ്പെടുന്നതിനുള്ള നെട്ടോട്ടത്തിനൊപ്പം താമസവും ഭക്ഷണവും ശമ്പളത്തിന്റെ പത്തു ശതമാനം സര്‍ക്കാര്‍ നികുതിയും പുറമെ വായ്പയെടുത്ത് വിസക്ക് മുടക്കിയ പണത്തിന്റെ തിരിച്ചടവുമെല്ലാമാണ് ഹതഭാഗ്യര്‍ക്കു മുന്നിലെ ചോദ്യചിഹ്നങ്ങള്‍. മികച്ച ജോലിയുള്ളവര്‍ തന്നെ ഒരുവിധമാണ് ജീവിതം കൂട്ടിമുട്ടിക്കുന്നത്. താമസ സൗകര്യമാണ് പ്രധാന വില്ലന്‍. കുടുംബവുമായി കഴിയണമെങ്കില്‍ താമസത്തിനു മാത്രം മാസന്തോറും 2000 യൂറോ കാണേണ്ടതുണ്ട്. ഷെയറിങ് അക്കമഡേഷനുകളില്‍ തുക കുറയും.
മറ്റു ചെലവുകള്‍ വേറെ. കോവിഡുമായി ബന്ധപ്പെട്ട് ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധിച്ചിരുന്നു. കോവിഡ് ഭീതി മാറിയെങ്കിലും റഷ്യയുടെ യുക്രെയ്ന് അധിനിവേശം പ്രയാസംതന്നെ. ഇരുവര്‍ക്കും വാര്‍ഷിക ശമ്പളം 30,000 യൂറോ വീതമുണ്ടെങ്കില്‍ മാത്രമേ അല്ലലില്ലാതെയുള്ള കുടുംബജീവിതം സാധ്യമാകൂവെന്നതാണ് അനുഭവം. ശമ്പളത്തിന്റെ പത്തു ശതമാനം സര്‍ക്കാര്‍ നികുതി വസൂലാക്കിയാണ് ബാക്കി ബാങ്ക് അക്കൗണ്ടില്‍ എത്തുക. തണുപ്പേറിയ രാജ്യമായതിനാല്‍ ആരോഗ്യത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്. ചികിത്സ സൗകര്യങ്ങള്‍ മികച്ചതാണ്. അതനുസരിച്ചുള്ള ചെലവുമേറും. അയര്‍ലൻഡ് മാത്രമല്ല, അന്യദേശത്ത് ജോലി തേടുമ്പോള്‍ പണം മുടക്കുന്നതിനു മുമ്പ് നിജസ്ഥിതി അന്വേഷിച്ച് ഉറപ്പുവരുത്താന്‍ ‘കുറച്ച് കഷ്ടപ്പെടുക’ മാത്രമാണ് ദുരിത ജീവിതത്തിലകപ്പെടാതിരിക്കാനുള്ള പോംവഴിയെന്നും യുവാവ് തുടര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.