അബൂദബി: വ്യക്തികളുടെ സ്വകാര്യ വാട്സ്ആപ് നമ്പറുകളിലേക്ക് സന്ദേശങ്ങൾ അയച്ച് സാമ്പത്തിക തട്ടിപ്പുകൾ സജീവം. ഫോൺകാളുകളിലൂടെയും ടെക്സ്റ്റ് മെസേജുകളിലൂടെയും ഇ-മെയില്‍ സന്ദേശങ്ങളിലൂടെയുമുള്ള തട്ടിപ്പിനെതിരെ ജാഗ്രത വേണമെന്ന് പൊലീസ് നിര്‍ദേശം നല്‍കിയതോടെ പുതിയ രീതികള്‍ പരീക്ഷിക്കുകയാണ് തട്ടിപ്പ് സംഘം. ജോലി-വ്യാപാര സൈറ്റുകളായ ഡുബിസില്‍ പോലെയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളില്‍ പരസ്യം ചെയ്യുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചും പണം അപഹരിക്കാൻ ശ്രമം നടക്കുന്നുണ്ട്.
എ.ടി.എം കാര്‍ഡ് ബ്ലോക്കായി, പുതിയ ഇടപാടുകള്‍ സാധ്യമല്ല എന്ന മെസേജാണ് പലർക്കും ആദ്യം വാട്സ്ആപ് സന്ദേശമായി എത്തുക. ഈ ചൂണ്ടയില്‍ കൊത്തുന്നവരെ പിന്തുടര്ന്ന് തട്ടിപ്പിന് സാഹചര്യമൊരുക്കുകയാണ് സംഘത്തിന്റെ രീതി. യു.എ.ഇ മൊബൈല്‍ നമ്പറിൽനിന്നായിരിക്കും മെസേജ്. ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു തട്ടിപ്പ് നടത്തുന്നതാണ് മറ്റൊരു രീതി. എന്തെങ്കിലും സാധനങ്ങള്‍ വില്ക്കാന് സൈറ്റില്‍ വെക്കുന്നവരെ ബന്ധപ്പെട്ട് വാങ്ങാന്‍ തയാറാണെന്നും കൊറിയര്‍ മുഖേനയാണ് അയക്കേണ്ടതെന്നും മെസേജ് വിടും. അബൂദബിയില്‍ ഇത്തരത്തില്‍ പെറ്റ്സിനെ വില്ക്കാന് ഡുബിസിലില്‍ വെച്ച ആള്‍ക്ക് ഫെഡെക്സ് കൊറിയറിന്റെ വിവരങ്ങളാണ് കൈമാറിയത്. തുടര്‍ന്ന് ഏത് അക്കൗണ്ട് നമ്പറിലേക്കാണ് പണം അയക്കേണ്ടതെന്നാവും ചോദ്യം. പ്രത്യേക ലിങ്കും ഇതിനായി അയക്കും. ഈ ലിങ്കിലൂടെ കയറിയാല്‍ വ്യക്തികളുടെ ബാങ്ക് കാര്‍ഡ് നമ്പര്‍ അടക്കം രേഖപ്പെടുത്താനുള്ള വിന്‍ഡോയിലാണ് എത്തുക. ഈ തരത്തിലുള്ള തട്ടിപ്പിന്റെ പ്രധാന ഉദ്ദേശ്യം അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കുകയും അതിന്റെ സാധ്യതകള്‍ ഉപയോഗിച്ചു പണം തട്ടുകയുമാണ്. ഇത്തരം വാട്സ്ആപ് തട്ടിപ്പുകള്‍ക്കായി ലോക്കല്‍ മൊബൈല്‍ നമ്പറുകളും ഇന്റര്‍നെറ്റ് കണക്ടഡ് ആയ നമ്പറുകളുമാണ് ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ പലവിധ തട്ടിപ്പുകളിലൂടെ കോടിക്കണക്കിനു രൂപയാണ് യു.എ.യിലെ ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടിട്ടുള്ളത്. ഏഴുമാസത്തിനിടെ അബൂദബി പൊലീസ് 210 ലക്ഷം ദിര്‍ഹമാണ് തട്ടിപ്പുകാരില്‍നിന്ന് പിടിച്ചെടുത്ത് ഉടമസ്ഥര്‍ക്കു മടക്കി നല്‍കിയത്. 1740 പരാതികളാണ് തട്ടിപ്പുകളെക്കുറിച്ച് പൊലീസിനു ലഭിച്ചത്. ഇതില്‍ 90 ശതമാനവും പരിഹരിച്ചതായും പൊലീസ് വ്യക്തമാക്കിയിരുന്നു. ദേശീയ അണുനശീകരണ പദ്ധതിയില്‍ പങ്കെടുത്തതിന് അധികൃതര്‍ നിങ്ങളെ ആദരിക്കുന്നു എന്ന രീതിയിലാണ് ഈ തട്ടിപ്പിന് അരങ്ങൊരുക്കിയത്. ഇത്തരം സന്ദേശങ്ങളോടോ ഫോൺകാളിനോടോ അനുകൂലമായി പ്രതികരിക്കുന്നവരുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ആരാഞ്ഞ ശേഷമാണ് സംഘം പണം തട്ടുന്നത്.
എ.ടി.എം കാര്‍ഡ് ബ്ലോക്കായിട്ടുണ്ടെന്നോ അല്ലെങ്കില്‍ ബാങ്കിന് നിങ്ങളുടെ വ്യക്തിവിവരങ്ങള്‍ ആവശ്യമുണ്ടെന്നോ എന്ന രീതിയിലും തട്ടിപ്പ് സംഘം ഇരകളെ വിശ്വസിപ്പിച്ച് പണം തട്ടുന്ന രീതിയും നിലവിലുണ്ട്. പങ്കെടുത്തിട്ടില്ലാത്ത നറുക്കെടുപ്പില്‍ ജേതാവായി എന്നു പറഞ്ഞ് സമ്മാനമായി ലഭിച്ച പണം അയക്കാനെന്നു വിശ്വസിപ്പിച്ച് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞും തട്ടിപ്പ് നടക്കുന്നുണ്ട്. മറ്റുള്ളവര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ്, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ കൈമാറരുതെന്നും സംശയകരമായ ഫോണ്‍ കാളുകളോ സന്ദേശങ്ങളോടോ പ്രതികരിക്കരുതെന്നും പൊലീസ് നിര്‍ദേശിച്ചു. ഒറ്റത്തവണ പാസ്വേഡ് (ഒ.ടി.പി), ഓണ്‍ലൈന്‍ ബാങ്കിങ് പാസ് വേഡുകള്‍, എ.ടി.എം പാസ്വേഡ്, സെക്യൂരിറ്റി നമ്പര്‍ (സി.സി.വി) മുതലായ രഹസ്യ വിവരങ്ങള്‍ ആരുമായും പങ്കുവെക്കരുത്. ഇത്തരം വിവരങ്ങള്‍ ആരെങ്കിലുമായി പങ്കുവെക്കുകയും പണം അവര്‍ പിന്‍വലിക്കുകയോ ട്രാന്‍സ്ഫര്‍ ചെയ്യുകയോ ചെയ്തുവെന്ന് കണ്ടെത്തിയാലുടന്‍ ബാങ്കുമായി ബന്ധപ്പെട്ട് വിവരം കൈമാറുകയും പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് 8002626 എന്ന അമാന്‍ സര്‍വിസ് നമ്പറില്‍ വിളിച്ചറിയിക്കാം.
തട്ടിപ്പുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ അബൂദബി പൊലീസ് പുതിയ സുരക്ഷ സംവിധാന കേന്ദ്രത്തിന് തുടക്കമിട്ടത് കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു. തട്ടിപ്പ് വിവരമറിഞ്ഞാലുടന്‍ ഈ കേന്ദ്രം ബാങ്കുകളുമായി നേരിട്ട് ബന്ധപ്പെടുകയും തട്ടിപ്പ് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയുമാണ് ചെയ്യുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരെ അതിവേഗം നടപടി സ്വീകരിക്കുന്നതിനും തട്ടിപ്പുകാരെ അറസ്റ്റ് ചെയ്യുന്നതിനുമാണ് ഇത്തരമൊരു കേന്ദ്രത്തിന് രൂപം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.