ദുബൈ: വിദേശരാജ്യങ്ങളിൽനിന്ന് മടങ്ങുന്ന പ്രവാസികൾക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്ന കേരള സർക്കാറിെൻറ പിടിവാശിമൂലം മുടങ്ങുന്നത് എല്ലാം നഷ്ടപ്പെട്ട് ഏതുവിധേനയും നാടണയാൻ കാത്തിരുന്ന ആയിരക്കണക്കിനാളുകളുടെ മടക്കയാത്ര. ആവശ്യത്തിന് വിമാനങ്ങൾ അനുവദിക്കാതെ കേന്ദ്രസർക്കാർ ദുരിതത്തിെൻറ കയ്പുനീർ ആവോളം കുടിപ്പിച്ച പ്രവാസിമലയാളികൾക്ക് സ്വന്തംനാട് കൂടുതൽ വിദൂരമാവുകയാണ്. ഇവരിലേറെയും ജോലി നഷ്ടപ്പെട്ടവരും ആരോഗ്യപ്രശ്നമുള്ളവരും വിസ കാലാവധി കഴിഞ്ഞവരുമാണ്. വ്യത്യസ്ത നിയമങ്ങളുള്ള വിദേശ രാജ്യങ്ങളിൽനിന്ന് ഇത്തരം സർട്ടിഫിക്കറ്റ് സമ്പാദിച്ച് യാത്രനടത്തുക പ്രായോഗികമല്ല. യു.എ.ഇയിൽനിന്ന് കേരളത്തിലേക്ക് സർവിസ് നടത്തിയ വന്ദേഭാരത്, ചാർട്ടർ വിമാനങ്ങളിലെ യാത്രക്കാരെയെല്ലാം യാത്രക്ക് തൊട്ടുമുമ്പ് റാപിഡ് ടെസ്റ്റിന് വിധേയരാക്കിയിരുന്നു. ഫലം നെഗറ്റിവ് ആയവരെ മാത്രമാണ് പാസ്പോർട്ടിൽ ഫിറ്റ് ടു ട്രാവൽ സ്റ്റാമ്പ് പതിപ്പിച്ച് ഇമിഗ്രേഷനിലേക്ക് വിട്ടത്. അതേസമയം, റാപിഡ് ടെസ്റ്റിൽ നെഗറ്റിവ് കാണിച്ച പലർക്കും നാട്ടിലെത്തിയ ശേഷം വൈറസ് ബാധ കണ്ടെത്തിയിരുന്നു.
ഖത്തർ, സൗദി, ബഹ്റൈൻ, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിൽ വിമാനത്താവളത്തിൽ റാപിഡ് പരിശോധന നടത്തുന്നില്ല. ശരീരോഷ്മാവ് പരിശോധിച്ച്, പ്രത്യക്ഷത്തിൽ രോഗലക്ഷണങ്ങളില്ലാത്തവരെ യാത്രക്ക് അനുവദിക്കുകയാണ്. ഖത്തറിൽ ആരോഗ്യവകുപ്പ് നിഷ്കർഷിക്കുന്ന ഇഫ്തിറാസ് ആപ്പിൽ കോവിഡ് ലക്ഷണങ്ങൾ ഇല്ലാത്തവരുടെ സൂചനയായ പച്ച നിറം ഉള്ളവർക്ക് യാത്രചെയ്യാമെന്നാണ് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ, മറ്റു രാജ്യങ്ങളിലെ പ്രവാസികളുടെ യാത്ര മുടങ്ങുകതന്നെ ചെയ്യും. സൗദിയിൽ കൃത്യതയില്ലാത്ത റാപിഡ് ടെസ്റ്റ് സർക്കാർ പ്രോത്സാഹിപ്പിക്കുന്നില്ല. സർട്ടിഫിക്കറ്റ് ലഭിക്കുകയുമില്ല. 25,000 രൂപയോളം മുടക്കിയാലേ സ്വകാര്യ ലാബുകളിൽനിന്ന് സർട്ടിഫിക്കറ്റ് ലഭിക്കൂ.
കുവൈത്തിലും സ്വകാര്യമേഖലയിൽ പരിശോധനക്ക് അനുമതിയില്ല. ശ്വാസതടസ്സമുള്ളവർക്ക് മാത്രമാണ് ഇവിടെ പരിശോധന. ബഹ്റൈനിൽ രോഗലക്ഷണം ഉണ്ടെങ്കിലേ പരിശോധിക്കൂ. സ്വകാര്യ ആശുപത്രികളിൽ സൗകര്യം പരിമിതമാണ്. ഒമാനിൽ രോഗലക്ഷണമുള്ളവർക്ക് മാത്രമാണ് റാപിഡ് പരിശോധനപോലും.
ഇൗ സാഹചര്യത്തിൽ വിചിത്രവാദങ്ങളുയർത്തി സ്വന്തം ജനതയെ തടഞ്ഞുനിർത്തുന്ന സർക്കാർ നിലപാട് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ വിശിഷ്യാ കേരളത്തിെൻറ തിളക്കം കെടുത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.