അബൂദബി: കേരള സോഷ്യല്‍ സെന്റര്‍ (കെ.എസ്.സി) സംഘടിപ്പിക്കുന്ന കേരളോത്സവം-2023 നവംബര്‍ 24, 25, 26 തീയതികളിലായി നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാട്ടുത്സവത്തിന്റെ ചേരുവകൾ കോര്‍ത്തിണക്കി ഒരുക്കുന്ന പരിപാടിയില്‍ തട്ടുകടകള്‍, പുസ്തകശാലകള്‍, ശാസ്ത്രപ്രദര്‍ശനം, സൗജന്യ ഫ്ലൂ വാക്സിനേഷന് ക്യാമ്പ്, വിവിധ സ്റ്റാളുകള്‍ തുടങ്ങിയവയുണ്ടാവും. വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറും. ഭാഗ്യനറുക്കെടുപ്പിൽ ഒന്നാം സ്ഥാനം നേടുന്നയാള്‍ക്ക് കാറും 100 പേര്‍ക്ക് സമ്മാനങ്ങളും നല്‍കും. പ്രവേശന കൂപ്പണ്‍ നറുക്കെടുത്താണ് സമ്മാനം നല്‍കുന്നത്. കെ.എസ്.സി അങ്കണത്തില്‍ വൈകീട്ട് അഞ്ച് മുതല്‍ രാത്രി 11 വരെയാണ് പരിപാടി. പതിനായിരത്തിലധികം ആളുകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സെന്റര്‍ പ്രസിഡന്റ് എ.കെ. ബീരാന് കുട്ടി പറഞ്ഞു.
വെള്ളിയാഴ്ച രാത്രി ഏഴിന് നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ യു.എ.ഇ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, ലുലു ഗ്രൂപ് ചെയര്മാന് എം.എ. യൂസഫലി എന്നിവര്‍ മുഖ്യാതിഥികളാവും. സിനിമ, സംഗീത, സാമൂഹികരംഗത്തെ പ്രമുഖരുടെ സാന്നിധ്യവുമുണ്ടാകും.
വാര്‍ത്തസമ്മേളനത്തില്‍ സെന്റര്‍ വൈസ് പ്രസിഡന്റ് റോയ് ഐ. വര്‍ഗീസ്, ആക്ടിങ് ജനറല്‍ സെക്രട്ടറി അഭിലാഷ് തറയില്‍, അല്‍മസൂദ് ഓട്ടോമൊബൈല്‍സ് റീട്ടെയ്ല്‍ സെയില്‍സ് മാനേജര്‍ ഫിറാസ് ഗാനം, അഡ്വാന്‍സ്ഡ് ട്രാവല്‍സ് കോര്‍പറേറ്റ് മാനേജര്‍ പ്രകാശ് പല്ലിക്കാട്ടില്‍, എല്‍.എല്‍. എച്ച്. ഹോസ്പിറ്റല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ലോണ ബ്രിന്നര്‍, അഹല്യ ഗ്രൂപ് ഓഫ് ഫാര്‍മസീസ് മാനേജര്‍ അച്യുത് വേണുഗോപാല്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.