ദുബൈ: പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ കാര്യക്ഷമവും എല്ലാവര്ക്കും പ്രാപ്യവും ഭാവിയെ മുന്നില്‍ കാണുന്നതുമായ സംവിധാനങ്ങള്‍ വികസിപ്പിക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്മാന് ഡോ. ആസാദ് മൂപ്പന് പറഞ്ഞു. ആരോഗ്യ സംരക്ഷണ മേഖല, പ്രത്യേകിച്ചും ജി.സി.സി മേഖലയില്‍ ഒരു നിര്‍ണായക ഘട്ടത്തിലാണ്.
സാങ്കേതിക പുരോഗതിയും വർധിച്ചുവരുന്ന രോഗി-കേന്ദ്രീകൃത സമീപനങ്ങളും കണക്കിലെടുത്താല്‍ ഈ രംഗത്ത് ശ്രദ്ധേയമായ പുരോഗതി നമുക്ക് കൈവരിക്കാനായെങ്കിലും ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ സുസ്ഥിരത, ആരോഗ്യ പരിചരണം എല്ലാവര്ക്കും ഒരുപോലെ ലഭ്യമാക്കുക തുടങ്ങിയ സുപ്രധാന വെല്ലുവിളികള്‍ ഇപ്പോഴും നിലനില്ക്കുന്നു. ഈ സാഹചര്യത്തിൽ ഭാവിയെ മുന്നില്‍ കാണുന്നതായ സംവിധാനങ്ങള്‍ വികസിപ്പിക്കാനും അത് വിപുലമായി ഉപയോഗപ്പെടുത്താനും സാധിക്കുന്നതിലാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് -അദ്ദേഹം പുതുവത്സര സന്ദേശത്തിൽ പറഞ്ഞു.
ആളുകള്‍ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍, രോഗ പ്രതിരോധവും ക്ഷേമവും ലക്ഷ്യമിട്ടുള്ള നയങ്ങള്‍, ഉല്പന്നങ്ങള്, സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു സമഗ്രമായ ആരോഗ്യ സംവിധാനത്തെക്കുറിച്ച് വിശാലമായി ചിന്തിക്കുന്നതിനുപകരം, ഒരു ആരോഗ്യപരിചരണ സംവിധാനം നല്കുന്ന ചികിത്സയെയും പരിചരണത്തെയും കുറിച്ചുമാത്രം ഇടുങ്ങിയ നിലയില്‍ ചിന്തിക്കുന്നു.
ഹ്രസ്വകാലത്തേക്കുള്ള വീക്ഷണം പരിഹാരങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഉടനടി ഫലങ്ങള്‍ നല്‍കുകയും ചെയ്യുമ്പോള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാത്രം ഫലം നല്കുന്ന കൂടുതല്‍ അടിസ്ഥാനപരമായ മാറ്റങ്ങളെക്കുറിച്ചുള്ള സംവിധാനങ്ങളെ നിരുത്സാഹപ്പെടുത്തുകയുമാണ് ചെയ്യുന്നത്.
ആരോഗ്യ പരിചരണത്തിന്റെ വിതരണം, ആവശ്യകത, പൊതുജനാരോഗ്യം, വ്യക്തിഗത ആരോഗ്യ സംരക്ഷണം എന്നിവ തമ്മിലുള്ള വിടവ് നികത്തേണ്ടതുണ്ട്. ഒപ്പം ആരോഗ്യ പരിരക്ഷ മേഖലയും മറ്റ് അനുബന്ധ വ്യവസായ മേഖലയും തമ്മിലുള്ള യോജിച്ച പ്രവര്‍ത്തനങ്ങളുമുണ്ടാകണം. ആഗോളതലത്തില്‍, സ്പെഷാലിറ്റി മരുന്നുകളും നൂതന ചികിത്സകളും കൂടുതല്‍ ചെലവേറിയതായിത്തീരുന്നു.
ഇത് പല ജനവിഭാഗങ്ങള്‍ക്കും താങ്ങാനാവാത്ത ഒരു വെല്ലുവിളിയായി മാറുന്നു. ഇത് പരിഹരിക്കാന്‍, നൂതനമായ ധനസഹായ മാതൃകകളും സര്‍ക്കാര്‍ പിന്തുണയുള്ള പദ്ധതികളും അത്യാവശ്യമാണ്. ആരോഗ്യ സംരക്ഷണത്തിന്റെ ഭാവി വിഭാവനം ചെയ്യുന്നതിന് മാത്രമല്ല, അത് സജീവമായി രൂപപ്പെടുത്തുന്ന ഒരു സവിശേഷ വര്‍ഷമായി 2025 മാറും.
നമ്മുടെ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ നാളത്തെ വെല്ലുവിളികളേറ്റെടുക്കാന്‍ സജ്ജമാണെന്ന് മാത്രമല്ല, അവ സമത്വത്തിന്റെയും പുതുമയുടെയും പ്രതീക്ഷയുടെയും കേന്ദ്രങ്ങള്‍ കൂടിയാണെന്ന് ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഉറപ്പാക്കാന്‍ കഴിയും -അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.