അബൂദബി: എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് നിർണായക ജീവൻരക്ഷ ദൗത്യത്തിനായി രാജ്യങ്ങളും സ്ഥാപനങ്ങളും ആരോഗ്യപ്രവർത്തകരും കൈകോർത്തപ്പോൾ ജി.സി.സിയിലെ അവയവദാന രംഗത്ത് പുത്തൻ വിജയഗാഥ. 43കാരിയായ യു.എ.ഇ നിവാസി നൂറാണ് ബുർജീൽ മെഡിക്കൽ സിറ്റിയിലെ ‘സൂപ്പർ അർജന്റ്’ കരൾമാറ്റ ശസ്ത്രക്രിയയിലൂടെ പുതുജീവിതത്തിലേക്ക് പ്രവേശിച്ചത്.
പൂർണ ആരോഗ്യവതിയായിരുന്ന ഇന്തോനേഷ്യൻ പ്രവാസി നൂറിന് സെറോനെഗറ്റിവ് ഹെപ്പറ്റൈറ്റിസ് മൂലം കരളിന് സംഭവിച്ച ക്ഷതം വളരെ പെട്ടെന്ന് കരളിന്റെ പ്രവർത്തനം നിലക്കാൻ കാരണമാവുകയായിരുന്നു. 48 -72 മണിക്കൂറിനുള്ളിൽ കരൾ മാറ്റിവെക്കുക മാത്രമായിരുന്നു പോംവഴി. ഉടൻ അവയവദാതാക്കളെ പ്രാദേശികമായി കണ്ടെത്താനായി മെഡിക്കൽ സംഘം യു.എ.ഇയിൽ അറിയിപ്പ് നൽകി. പക്ഷേ, ഇത് ഫലം കണ്ടില്ല. ഉടൻ ജി.സി.സി രാജ്യങ്ങൾക്കെല്ലാമായി ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള യു.എ.ഇ നാഷനൽ സെന്റർ ഫോർ ഓർഗൻ ഡോണേഷൻ ആൻഡ് ട്രാൻസ്പ്ലാന്റ് അറിയിപ്പ് പുറപ്പെടുവിച്ചു. 24 മണിക്കൂറിനകം കുവൈത്തിൽ കരൾ ഉണ്ടെന്ന സ്ഥിരീകരണമെത്തുകയായിരുന്നു.
ഇതോടെ ഡോ. ഗൗരബ് സെന്നിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം കുവൈത്തിലേക്ക് പോകാനൊരുങ്ങി. അബ്ഡോമിനൽ മൾട്ടി -ഓർഗൻ ട്രാൻസ്പ്ലാന്റ് പ്രോഗ്രാം ഡയറക്ടർ ഡോ. രെഹാൻ സൈഫിന്റെ നേതൃത്വത്തിലുള്ള സംഘം ദീർഘമായ കരൾമാറ്റ ശസ്ത്രക്രിയക്കായി ബി.എം.സിയിൽ സജ്ജരായി.
അടിയന്തര ആവശ്യമായതിനാൽ കുവൈത്തിലേക്ക് പോകാനും തിരിച്ചുവരാനും മെഡിക്കൽ സംഘത്തിന് യു.എ.ഇ അധികൃതർ സ്വകാര്യ ജെറ്റ് ഏർപ്പാടാക്കി. ഇതിലൂടെ ആരോഗ്യ മന്ത്രാലയം, ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത്-അബൂദബി, കുവൈത്ത് എംബസി, അബൂദബി എയർപോർട്സ് തുടങ്ങി വിവിധ സർക്കാർ ഏജൻസികളുടെ സംയുക്ത പിന്തുണയോടെ സമയബന്ധിതമായി കരളുമായി തിരിച്ചുവരാൻ സംഘത്തിനായി. ഡോ. രെഹാൻ സൈഫും ഡോ. ജോൺസ് മാത്യുവും അവയവം എത്തുമ്പോഴേക്കും നൂറിനെ ശസ്ത്രക്രിയക്കായി ബി.എം.സിയിൽ തയാറാക്കിയിരുന്നു. ട്രാൻസ്പ്ലാന്റ് അനസ്തേഷ്യ കൺസൽട്ടന്റ് ഡോ. രാമമൂർത്തി ഭാസ്കരനും മെഡിക്കൽ സംഘത്തിലുണ്ടായിരുന്നു. യോജിച്ച ഇടപെടലിലൂടെ കരൾ ശേഖരണവും കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയും 14 മണിക്കൂറിനകം പൂർത്തിയാക്കി.
പൊടുന്നനെ കരളിന്റെ പ്രവർത്തനം നിലക്കുന്ന ഗുരുതര രോഗാവസ്ഥ എത്രയുംപെട്ടെന്ന് തിരിച്ചറിഞ്ഞ് അവയവമാറ്റം നടത്തേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്നതാണ് നൂറിന്റെ കേസെന്ന് മെഡിക്കൽ സംഘത്തിലെ മലയാളി ഡോക്ടർ ജോൺസ് മാത്യു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.