ദുബൈയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ അൻപോട് കൺമണി സിനിമയുടെ അണിയറ പ്രവർത്തകർ
ദുബൈ: സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന സിനിമ വിലയിരുത്തലുകൾ പലപ്പോഴും പരിഹാസമായി മാറുന്നതായി സംവിധായകൻ ലിജു തോമസ്. നല്ല നിരൂപണങ്ങളെ അംഗീകരിക്കുകയും തെറ്റുകൾ തിരുത്താൻ ശ്രമിക്കാറുമുണ്ട്. എന്നാൽ, ഒരു വ്യക്തിയുടെ മാത്രം കാഴ്ചപ്പാടുകളിൽ സിനിമയെ വിലയിരുത്തുന്നത് പലപ്പോഴും തമാശയായി തോന്നാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ഏറ്റവും പുതിയ സിനിമയായ അൻപോട് കൺമണിയുടെ തിയറ്റർ റിലീസിങ്ങുമായി ബന്ധപ്പെട്ട് ദുബൈയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അർജുൻ അശോകൻ നായകനായി അഭിനയിക്കുന്ന അൻപോട് കൺമണിക്ക് ഭേദപ്പെട്ട അഭിപ്രായം ലഭിച്ചിട്ടും തിയറ്ററിൽ ആളുകളെത്തുന്നില്ല എന്നത് ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു.
മോശം ഭാഷയിൽ സിനിമ റിവ്യൂ നടത്തുന്നവരോട് മറുപടി പറയാൻ പോകാറില്ലെന്ന് നടൻ അർജുൻ അശോകൻ പറഞ്ഞു.
ഒരു സിനിമ പരാജയപ്പെട്ടാൽ അതിന്റെ പോരായ്മകൾ കണ്ടെത്തി അടുത്ത സിനിമയിൽ തിരുത്താൻ ശ്രമിക്കാറുണ്ട്. തിയറ്ററിൽ ഓടുന്ന സിനിമികൾ മാത്രം തിരഞ്ഞെടുത്ത് അഭിനയിക്കാനാവില്ല. സിനിമയുടെ പ്ലാനിങ് നടത്തേണ്ടത് പ്രൊഡക്ഷൻ വിഭാഗമാണ്.
നല്ല കഥകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കാറുണ്ട്. ഒരു സിനിമ തിയറ്ററിൽ എത്തുകയെന്നത് തന്നെ ഭാഗ്യമാണ്. ഒരുപാട് പടങ്ങൾ തിയറ്ററിൽ എത്താതെ പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമ സെറ്റിനായി നിർമിച്ച വീട് ഭവനരഹിതനായ സുഹൃത്തിന് സമ്മാനിക്കാൻ കഴിഞ്ഞുവെന്നത് സന്തോഷമുള്ള കാര്യമാണെന്ന് തിരക്കഥാകൃത്ത് അനീഷ് പറഞ്ഞു.
നടൻ നവാസ് വള്ളിക്കുന്ന്, നടി അനഘ, ഓവർസീസ് ഡിസ്ട്രിബ്യൂട്ടർ രാജൻ വർക്കല എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.