ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവരെ സാക്ഷിയാക്കി ഒട്ടേറെ റെക്കോഡുകള്‍ സൃഷ്ടിച്ച് ലിവ ഇന്റര്‍നാഷനല്‍ ഫെസ്റ്റിവല്‍ 2025ന് കൊടിയിറങ്ങി. ലിവ സ്പോര്‍ട്സ് ക്ലബ്ബുമായി സഹകരിച്ച് അബൂദബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പ് അല്‍ ദഫ്റയിലെ തല്‍ മുരീബില് സംഘടിപ്പിച്ച ഫെസ്റ്റിവലില്‍ വന്‍ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്.
മേഖലയിലെ ഏറ്റവും ഉയരം കൂടിയ മണല്‍കൂനയായ തല്‍ മുരീബില് ഇമാറാത്തി സംസ്കാരത്തിലൂന്നിയ പരിപാടികള്‍ക്കൊപ്പം നിരവധി സാഹസിക മല്‍സരങ്ങളും അരങ്ങേറി. കുത്തനെയുള്ള മണല്കൂനയിലൂടെ കാറോടിച്ചു കയറ്റുന്ന അല്‍ മുരീബ് കാര്‍ ക്ലൈമ്പ് ചാമ്പ്യന്‍ഷിപ്പായിരുന്നു ഫെസ്റ്റിവലിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ഫ്രീ സ്റ്റൈല്‍ ഷോ ചാമ്പ്യന്‍ഷിപ്പില്‍ ഇത്തവണ റെക്കോഡ് പങ്കാളിത്തമാണ് ഉണ്ടായത്. എസ്, ടി, എന്‍ എന്നീ വിഭാഗങ്ങളിലായി നടത്തിയ മല്‍സരത്തില്‍ 180ലേറെ വാഹനങ്ങളാണ് പങ്കെടുത്തത്. മണല്കൂനയിലെ വാഹനാഭ്യാസങ്ങള്ക്കു പുറമേ ഫാല്കണ്റി, കുതിരയോട്ടം, ഒട്ടക ഓട്ടമല്‍സരം, ഡ്രിഫ്റ്റിങ്, ഡ്യൂണ്‍ ബാഷിങ്, സംഗീതനിശ, വെടിക്കെട്ട് തുടങ്ങി സകുടുംബം ആസ്വദിക്കാന്‍ കഴിയുന്ന സാഹസിക, സാംസ്കാരിക പരിപാടികള്‍ ലിവയില്‍ അരങ്ങേറി. സ്വദേശി ശില്പികള് തയ്യാറാക്കിയ കരകൗശല വസ്തുക്കളും ഫെസ്റ്റിവല്‍ വേദിയില്‍ സന്ദര്‍ശകര്‍ക്ക് കാണാനും വാങ്ങുന്നതിനുമായി സജ്ജമാക്കിയിരുന്നു. ഫെസ്റ്റിവല്‍ വേദിയടങ്ങുന്ന മണല്‍പ്പരപ്പിന്റെ ആകാശക്കാഴ്ച ആസ്വദിക്കുന്നതിനായി സജ്ജമാക്കിയ ഹോട്ട് എയര്‍ബലൂണ്‍ യാത്രയും ഒട്ടേറെപേര്‍ ഉപയോഗപ്പെടുത്തി.
2024 ഡിസംബര്‍ 13ന് ആരംഭിച്ച ലിവ ഇന്റര്‍നാഷനല്‍ ഫെസ്റ്റിവല്‍ വേദിയില്‍ ഇതാദ്യമായി ഫ്രീസ്റ്റൈല്‍ ഇലക്ട്രോണിക് ഷോ ചാമ്പ്യന്‍ഷിപ്പും അറങ്ങേറി. ശനിയാഴ്ചണ് ഫെസ്റ്റിവലിന് കൊടിയിറങ്ങിയത്. 23 ദിവസങ്ങളിലായി നടന്ന ഫെസ്റ്റിവലില്‍ 16 സ്പോര്‍ട്സ് മല്‍സരങ്ങളിലായി രണ്ടായിരത്തിലേറെ പേരാണ് മാറ്റുരച്ചത്. പ്രൊഫഷണല്‍, അമേച്വര്‍ ഡ്രൈവര്‍മാര്‍ക്ക് വാഹനാഭ്യാസത്തിലെ മികവു തെളിയിക്കാനുള്ള അവസരമൊരുക്കുന്ന ലിവ ഡ്രിഫ്റ്റ് റേസ് ഏറെ ആവേശകരമായ അനുഭവം ആണ് സമ്മാനിച്ചത്. വാഹനാഭ്യാസങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ മൊരീബ് ഡ്യൂണ്‍ ട്രാക്കില്‍ ലിവ ഡ്രിഫ്റ്റ് റേസിൽ തീപാറി. രണ്ട് വിഭാഗങ്ങളായാണ് മല്‍സരം നടത്തിയത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രൊഫഷണല്‍ ഡ്രൈവര്‍മാരെ ഉള്‍ക്കൊള്ളിച്ചുള്ള ലിവ ഡ്രിഫ്റ്റ് പ്രോ, വളര്‍ന്നുവരുന്ന നിപുണരായ ഡ്രൈവര്‍മാര്‍ക്ക് മികച്ച അവസരമൊരുക്കുന്ന അമേച്വര്‍ ഡ്രൈവര്‍ എന്നീ രണ്ടു വിഭാഗങ്ങളിലായിരുന്നു മല്‍സരങ്ങള്‍.
സന്ദര്‍ശകര്‍ക്കായി മരുഭൂമിയില്‍ ആഡംബര ക്യാമ്പിങ് സൗകര്യമടക്കമുള്ളവയും ഒരുക്കിയിരുന്നു. പൊതുവായ ഇടങ്ങളില്‍ സ്വന്തമായി ക്യാമ്പ് കെട്ടാനുള്ള സാമഗ്രികള്‍ കൊണ്ടുവന്ന് തമ്പടിക്കാനും അനുമതി നല്കി. സന്ദര്‍ശകര്‍ക്കായി കരകൗശല വസ്തുക്കളുടെ വിൽപന ശാലകളും ഇമാറാത്തി ഭക്ഷണം ലഭ്യമാക്കുന്ന ഭോചനശാലകളും ഒരുക്കിയിരുന്നു.
മണൽക്കാട്ടിലെ അനേകം വേറിട്ട അനുഭവങ്ങൾ സമ്മാനിക്കുന്നതാണ് ലിവ ഫെസ്റ്റിവൽ. ക്യാമ്പ് ചെയ്യാന്‍ താല്പര്യമുള്ളവര്, സാഹസിക പ്രേമികള്‍, പരമ്പരാഗത കായിക ഇനങ്ങള്‍, റേസിങ്, മോട്ടോര്‍സൈക്കിള്‍ മല്‍സരങ്ങള്‍ തുടങ്ങിയ ഇഷ്ടപ്പെടുന്നവര്‍ക്കും മേള മികച്ച അനുഭവം സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.