ഷാർജ: ഗസ്സയെ കുറിച്ച ആഖ്യാനം മാറ്റുന്നതിന് തന്റേതായ ശൈലിയിൽ ശ്രമിക്കുകയായിരുന്നുവെന്ന് പ്രശസ്ത ഈജിപ്ഷ്യൻ സ്റ്റാൻഡ് അപ് കൊമേഡിയൻ ബാസിം യൂസുഫ്. ഗസ്സ യുദ്ധത്തിന്റെ ആദ്യത്തിൽ പ്രശസ്ത അമേരിക്കൻ വാർത്താവതാരകൻ പിയേഴ്സ് മോർഗനുമായി നടന്ന ഇദ്ദേഹത്തിന്റെ അഭിമുഖം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അഭിമുഖം കരിയർ ആത്മഹത്യയാകുമെന്ന് തന്റെ മാനേജർ ഉപദേശിച്ചിരുന്നു.
പിയേഴ്സ് മോർഗൻതന്നെ ഈ വിഷയത്തിൽ സംസാരിക്കുന്നോ എന്ന് മൂന്നു തവണ ചോദിക്കുകയുണ്ടായി. എന്നാൽ ചിലത് പറയണമെന്ന് എനിക്ക് തോന്നി. മാത്രമല്ല, ആരെങ്കിലും ആഖ്യാനങ്ങൾ മാറ്റേണ്ടതുണ്ടല്ലോ -അദ്ദേഹം വ്യക്തമാക്കി. പ്രശസ്ത അറബ് അവതാരകൻ അനസ് ബുകാഷാണ് പുസ്തകോത്സവ വേദിയിൽ ബാസിമുമായി സംവദിച്ചത്. പുസ്തകോത്സവ വേദിയിൽ ആവേശകരമായ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. പരിപാടി തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പുതന്നെ ഹാളിൽ ആരാധകർ നിറഞ്ഞിരുന്നു. അറബിയിലായിരുന്നു സംസാരമെങ്കിലും നിരവധിപേർ ട്രാൻസലേഷൻ സൗകര്യമുപയോഗപ്പെടുത്തി ബാസിമിനെ ശ്രവിക്കാനെത്തിയിരുന്നു. ചിലർ ഫലസ്തീനി കഫിയ്യ ധരിച്ചാണ് ചടങ്ങിനെത്തിയത്. ബാസിമിന്റെ സംസാരം ഹാർഷാരവത്തോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത്. തന്റെ മാജിക്കൽ റിയാലിറ്റി ഓഫ് നാദിയ എന്ന പുസ്തകത്തെ കുറിച്ചും അദ്ദേഹം സദസ്സിന് മുന്നിൽ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.