ദുബൈ: കോവിഡ് തീർത്ത ദുരിതക്കയത്തിൽ പെട്ടുപോയ പ്രവാസിലോകത്തിന് കരുതലൊരുക്കി സാമൂഹികസേവനം തുടരുന്ന യു.എ.ഇ ഇൻകാസ് സമാനതകളില്ലാത്ത സേവനപ്രവർത്തനങ്ങളുമായി വീണ്ടും രംഗത്ത്. ലോക്ഡൗണിനെ തുടർന്ന് അവശ്യമരുന്നുകൾ കിട്ടാതായ പ്രവാസികൾക്ക് നാട്ടിൽ നിന്ന് ആവശ്യമായ മരുന്നുകളെത്തിക്കുന്ന ‘മൃതസഞ്ജീവനി’ പദ്ധതി ഇൻകാസ് യു.എ.ഇ കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്നു. കണ്ണൂർ ജില്ലയിലെ തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയുടെ സഹകരണത്തോടെയാണ് കടൽകടന്ന് മരുന്നുകളെത്തിക്കുന്ന ‘ഇൻകാസ് മൃതസഞ്ജീവനി’ക്ക് രൂപം നൽകിയിട്ടുള്ളത്. ഇന്ത്യയിലെ മരുന്നുകളെ ആശ്രയിച്ച് കഴിയുന്ന പ്രവാസികൾക്ക് പദ്ധതി വലിയ ആശ്വാസമാകുന്ന പദ്ധതിയാണ് ഇൻകാസ് മൃതസഞ്ജീവനിയെന്ന് കേന്ദ്ര കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് ടി.എ. രവീന്ദ്രൻ, ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദാലി എന്നിവർ അറിയിച്ചു.
കോവിഡ് ബാധയെത്തുടർന്ന് മരുന്നുകൾ കിട്ടാതെ അസുഖം മൂർച്ഛിച്ച്, ആശങ്കയിൽ കഴിഞ്ഞിരുന്നവർക്ക് പുനർജീവൻ നൽകാൻ പദ്ധതിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ സംഭരിക്കുന്ന മരുന്നുകൾ തൃശ്ശൂരിൽ എത്തിച്ച്, കൊറിയർ മാർഗമാണ് യു.എ.ഇയിൽ ലഭ്യമാക്കുന്നത്.കോവിഡ് ബാധയെത്തുടർന്ന് നാട്ടിൽ കുടുങ്ങിപ്പോയ ഇൻകാസ് പ്രവർത്തകരും മൃതസഞ്ജീവനിയുടെ നാട്ടിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. മരുന്ന് ശേഖരണം, വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് മൂന്നു പേരടങ്ങുന്ന കോഒാഡിനേഷൻ കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായി കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.വിശദ വിവരങ്ങൾക്ക് പി.ആർ പ്രകാശ് - 050 3448115. എസ്. എം. ജാബിർ - 050 7941001. കെ. വി. രവീന്ദ്രൻ 050 455 4410. എന്നിവരുമായി ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.