ദുബൈ: റോഡ് ഗതാഗതം പ്രകൃതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ തീരുമാനിച്ച് ദുബൈ ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ). പുതുതായി 360 ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾ ലഭ്യമാക്കാനാണ് തീരുമാനം.
ഇതിനായി അൽഫുത്തൈം ഓട്ടോമാറ്റിവുമായി ആർ.ടി.എ കരാറിൽ ഒപ്പുവെച്ചു. കരാർ പ്രകാരം പത്ത് ഇലക്ട്രിക് ബസുകൾ, 250 ഇലക്ട്രിക് വാഹനങ്ങൾ, നൂറ് ഹൈബ്രിഡ് വാഹനങ്ങൾ എന്നിവയാണ് അൽഫുത്തൈം, ആർ.ടി.എക്ക് നിർമിച്ചു നൽകുക. ഇലക്ട്രിക് ചാർജിങ് ശൃംഖലയും ഇതുമായി ബന്ധപ്പെട്ട സാങ്കേതിക സൗകര്യങ്ങളും അൽഫുത്തൈം തന്നെ ലഭ്യമാക്കും. മൂന്നു വർഷത്തേക്കാണ് കരാർ. 2050 ഓടെ കാർബൺ രഹിത പൊതുഗതാഗതം എന്ന ലക്ഷ്യം ഉറപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി. 2050 ഓടെ എല്ലാ പൊതുഗതാഗത വാഹനങ്ങളും ഇലക്ട്രിക്, ഹൈബ്രിഡ് സ്വഭാവത്തിലേക്ക് മാറ്റാനുള്ള തയാറെടുപ്പിലാണ് ആർ.ടി.എ. ദുബൈ സാമ്പത്തിക അജണ്ട ഡി 33ന്റെ ലക്ഷ്യങ്ങളിൽ ഇതും ഉൾപ്പെടുന്നുണ്ട്. 2040 ഓടെ തന്നെ എല്ലാ ടാക്സികളും ഇലക്ട്രിക് ആയി മാറും.ബാഴ്സലോണയിൽ നടന്ന ചടങ്ങിലാണ് ആർ.ടി.എയും അൽഫുത്തൈമും തമ്മിൽ കരാറിൽ ഒപ്പുവെച്ചത്.
ആർ.ടി.എ മേധാവി മതാർ അൽ തായറും അൽ ഫുത്തൈം ഓട്ടോമാറ്റിവ് പ്രസിഡൻറ് പോൾ വില്ലിസും കരാറിൽ ഒപ്പിട്ടു. നിരവധി ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. പൊതു ഗതാഗത രംഗം മെച്ചപ്പെടുത്തുന്നതിന് സ്വകാര്യ മേഖലയുടെ പങ്കാളിത്തവും ഫലപ്രദമായി പ്രയോജനപ്പെടുത്തുമെന്ന് മതാർ അൽ തായർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.