ദുബൈ: ദുബൈ മുനിസിപ്പാലിറ്റിയുമായി ചേർന്ന് ദുബൈ സ്പോർട്സ് കൗൺസിൽ സംഘടിപ്പിക്കുന്ന മൗണ്ടൈൻ ബൈക്ക് റേസിന്റെ രണ്ടാമത് എഡിഷൻ ഒക്ടോബർ 15ന് ആരംഭിക്കും. അൽ ഖവാനീജിലെ മുശ്രിഫ് പാർക്കിൽ നിർമിച്ച പ്രത്യേക ബൈക്ക് ട്രാക്കിൽ നടക്കുന്ന മത്സരത്തിൽ രാജ്യത്തിനകത്തും പുറത്തു നിന്നുമായി പ്രമുഖ താരങ്ങൾ പങ്കെടുക്കും. പുരുഷൻമാർക്കും സ്ത്രീകൾക്കും മത്സരത്തിൽ പങ്കെടുക്കാം. മൂന്നു വിഭാഗങ്ങളിലായാണ് റേസിങ് അരങ്ങേറുക. കമ്യൂണിറ്റി വിഭാഗത്തിൽ 18 കിലോമീറ്ററും അമേച്വർ വിഭാഗത്തിൽ 37 കിലോമീറ്ററും പ്രഫഷനൽ വിഭാഗത്തിൽ 56 കിലോമീറ്ററുമാണ് മത്സരം. മുശ്രിഫ് പാർക്കിലെ 70,000ത്തോളം മരങ്ങൾക്കിടയിലൂടെ സഞ്ചരിച്ചാണ് റൈഡർമാർ ഫിനിഷിങ് പോയിന്റിൽ എത്തുക.
കഴിഞ്ഞ വർഷം നടന്ന ബൈക്ക് റേസിങ്ങിന്റെ ഒന്നാമത് എഡിഷനിൽ വിവിധ രാജ്യങ്ങളിൽ നിന്നും വിത്യസ്ത പ്രായത്തിലുള്ള 350 റൈഡർമാർ പങ്കെടുത്തിരുന്നു. അമേച്വർ വിഭാഗത്തിൽ പുരുഷൻമാരിൽ ഇമാറാത്തിയായ ഖലീഫ അൽ കാബിയും സ്ത്രീകളിൽ മർവ അൽ ഹജുമായിരുന്നു വിജയികൾ.
കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും വിജയികൾക്ക് വിലയേറിയ സമ്മാനങ്ങളാണ് നൽകുന്നത്. മരങ്ങളും നിരവധി കുന്നുകളും വളവുകളും നിറഞ്ഞ ട്രാക്കിലൂടെയുള്ള ബൈക്കുകളുടെ യാത്ര കാണികൾക്ക് ഹരം പകരുന്ന കാഴ്ചയാണ്. 50 കിലോമീറ്ററാണ് ട്രാക്കിന്റെ ആകെ നീളം. എല്ലാ ട്രാക്കുകളും അന്താരാഷ്ട്ര നിലവാരത്തിലാണ് നിർമിച്ചിരിക്കുന്നത്. ദുബൈ നിവാസികളെ കൂടാതെ സന്ദർശകരേയും ആകർഷിക്കുന്ന ഒന്നാണ് മൗണ്ടൈൻ റേസിങ് ചാമ്പ്യൻഷിപ്പ്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈനായി https://www.hopasports.com/en/event/trailseeker-mtb-gravel-challenge-2023?section=details എന്ന ലിങ്കിലൂടെ ഒക്ടോബർ എട്ടുവരെ രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.