ജോലി നഷ്ടപ്പെട്ട് നട്ടംതിരിയുന്ന കാലത്ത് താങ്ങായി, തണലായി അവതരിച്ച ഇമാറാത്തി പൗരനെ കുറിച്ച് കാഞ്ഞങ്ങാട് രാവണേശ്വരം സ്വദേശി രാജേഷ് കുമാർ കൂഞ്ഞങ്ങാട് എഴുതുന്നു.
ചില രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധികൾ നടത്തിയ പ്രവാചക നിന്ദയുടെ പേരിൽ അറബ് ലോകത്തിന്‍റെയാകെ പ്രതിഷേധങ്ങൾ രാജ്യം ഏറ്റുവാങ്ങുന്ന കാലത്താണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത്. ഓരോ ഇന്ത്യക്കാരനെയും ഗൾഫ് രാജ്യങ്ങളും അവിടത്തെ പൗരന്മാരും എത്രമാത്രം ചേർത്തുപിടിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാത്തവരാണ് ഇന്ത്യ എന്ന മഹാരാജ്യത്തെ ലോകത്തിനുമുന്നിൽ നാണം കെടുത്തുന്ന രീതിയിലുള്ള പ്രസ്താവനകൾ നടത്തുന്നത്. ജോലി നഷ്ടപ്പെട്ട് ആത്മഹത്യയുടെ വക്കിൽനിന്ന എന്നെപ്പോലെയുള്ള എത്രയോ പേരെ ഈ രാജ്യത്തെ പൗരന്മാർ കൈപിടിച്ചുയർത്തിയിരിക്കുന്നു.
1998 ജൂൺ പത്തിനാണ് ഞാൻ യു.എ.ഇയിൽ എത്തിയത്. സന്ദർശക വിസയിലായിരുന്നു യാത്ര. മൂന്നുമാസം ഖിസൈസിലെ ഫർണിച്ചർ സ്ഥാപനത്തിൽ ജോലി ചെയ്തു. പക്ഷേ, ചില കാരണങ്ങളാൽ ആ ജോലിയിൽ തുടരാൻ കഴിഞ്ഞില്ല. പിന്നീട് പട്ടിണിയുടെ ദിനങ്ങളായിരുന്നു. മാറിയുടുക്കാൻ പോലും വസ്ത്രമുണ്ടായിരുന്നില്ല. ആരുടെയെങ്കിലും സഹായത്തോടെയായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. താമസസ്ഥലവും നഷ്ടപ്പെട്ടു. നാട്ടിലേക്ക് മടങ്ങിയിട്ടും കാര്യമില്ലാത്തതിനാൽ രണ്ടു മാർഗങ്ങളെ മുന്നിലുണ്ടായിരുന്നുള്ളൂ, ഒന്നുകിൽ ആത്മഹത്യ, അല്ലെങ്കിൽ ഇവിടെ അലഞ്ഞുതിരിയുക. ഒറ്റപ്പെട്ട അവസ്ഥയിൽ ലക്ഷ്യമില്ലാതെ ജീവിതം മുന്നോട്ടുപോകുമ്പോഴാണ് വേറൊരു സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന അസീസ് എന്ന അസീസ്ക ഒരു ഇമാറാത്തിയുടെ കാര്യം പറയുന്നത്. മുഹമ്മദ് റാഷിദ് അൽ നുഐമി എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര്. അവസ്ഥകൾ പറഞ്ഞാൽ അദ്ദേഹത്തിന്‍റെ ഏതെങ്കിലുമൊരു ഓഫിസിൽ ജോലി ലഭിക്കുമെന്നാണ് അസീസ്ക പറഞ്ഞത്. ഇതനുസരിച്ച് അദ്ദേഹത്തെ നേരിൽ കണ്ടു, വിഷയങ്ങളെല്ലാം പറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ മുറഖബാദ് സ്ട്രീറ്റിലെ അദ്ദേഹത്തിന്‍റെ ഓഫിസിൽ ജോലിതന്നു. സഹോദരനെപോലെയാണ് എന്നെ പരിഗണിച്ചത്. ഓഫിസ് അസിസ്റ്റന്‍റായാണ് ജോലി തുടങ്ങിയത്. കാലാകാലങ്ങളിൽ ജോലിക്കയറ്റമുണ്ടായി. അദ്ദേഹത്തിന്‍റെ സെക്രട്ടറിയായാണ് ആ ഓഫിസിൽനിന്ന് പടിയിറങ്ങിയത്. എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്ന് ഇടക്കിടക്ക് ചോദിക്കും. വേണ്ടെന്നു പറഞ്ഞിട്ടുണ്ടെങ്കിലും കണ്ടറിഞ്ഞ് സഹായിച്ചിട്ടുമുണ്ട്.
മുൻകാലങ്ങളിൽ സ്പോൺസർമാർ പാസ്പോർട്ട് സൂക്ഷിക്കുന്ന പതിവുണ്ടായിരുന്നു. അമ്മാവൻ മരിച്ച സമയത്ത് പാസ്പോർട്ട് അദ്ദേഹത്തിന്‍റെ പക്കലായിരുന്നു. അടിയന്തരമായി നാട്ടിൽ പോകേണ്ട അവസ്ഥ വന്നതോടെ റാശിദ് അൽ നുഐമിയെ വിളിച്ചു. മറ്റൊരു സ്ഥലത്തായിരുന്നു അദ്ദേഹം. എങ്കിലും ഷെൽഫിന്‍റെ താക്കോൽ ഇരിക്കുന്ന സ്ഥലം പറഞ്ഞുതന്നു. പണവും മറ്റുള്ളവരുടെ പാസ്പോർട്ടുമെല്ലാം ഇരിക്കുന്ന ഷെൽഫാണ്.
നാട്ടിലേക്ക് മടങ്ങുന്ന ഒരാളോട് ആരും ഇത്രയധികം വിശ്വാസ്യത കാണിക്കില്ല. എന്നിട്ടും അദ്ദേഹം എനിക്ക് താക്കോലും പാസ്പോർട്ടും തന്നു. പാസ്പോർട്ട് എടുത്ത ശേഷം താക്കോൽ തിരകെ യഥാസ്ഥാനത്ത് വെക്കുകയും ചെയ്തു.
ഒമ്പതുവർഷങ്ങൾക്കുശേഷമാണ് ഞാൻ മറ്റൊരു സ്ഥാപനത്തിലേക്ക് മാറുന്നത്. ഇപ്പോഴും ആ സ്നേഹത്തിന് ഒരു കുറവും വന്നിട്ടില്ല. ഇപ്പോൾ സിഗ്നിഫൈ എന്ന സ്ഥാപനത്തിൽ എച്ച്.ആർ വിഭാഗത്തിലാണ് ഞാൻ ജോലി ചെയ്യുന്നത്. മരണമുനമ്പിലേക്ക് നടന്നിരുന്ന എനിക്ക് ഇന്ന് കിട്ടിയിരിക്കുന്ന സൗഭാഗ്യങ്ങൾക്കെല്ലാം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. നമ്മുടെ രാജ്യത്തെ കുറിച്ച് മോശം പ്രതിച്ഛായ സൃഷ്ടിക്കുന്നവർക്ക് ഇത്തരം കഥകൾ അറിയില്ലായിരിക്കാം. ആരു നോക്കിയാലും അങ്ങനെയൊന്നും തകരുന്നതല്ല ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം. ഇന്ത്യയെപോലെ തന്നെ എനിക്ക് ഒന്നാം വീടാണ് ഈ രാജ്യവും. ഇവിടെനിന്ന് ലഭിക്കുന്ന വരുമാനം ഞാൻ ചെലവഴിക്കുന്നത് എന്‍റെ രാജ്യത്താണ്.
യു.എ.ഇക്കാരനാണ് എന്നു പറയുന്നതിൽ അഭിമാനിക്കുന്നയാളാണ് ഞാൻ. നമുക്ക് ഈ രാജ്യം തരുന്ന സ്നേഹത്തിന്‍റെ അൽപം പോലും നമ്മൾ തിരിച്ചുകൊടുക്കാറില്ല. ഈ സാഹചര്യത്തിൽ ഇന്നാട്ടിലെ പൗരന്മാർക്ക് ഇന്ത്യൻ സമൂഹത്തിന്‍റെ സ്നേഹാദരം അർപ്പിക്കാൻ 'ഗൾഫ് മാധ്യമം' മുന്നോട്ടുവരുന്നത് പ്രശംസനീയമാണ്. അതുകൊണ്ട് തന്നെ, ജൂൺ 23ന് നടക്കുന്ന 'ശുക്റൻ ഇമാറാത്ത്' ഓരോ യു.എ.ഇ പൗരന്മാർക്കുമുള്ള നമ്മുടെ സ്നേഹാലിംഗനമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.