ദുബൈ: ധന ഇടപാടുമായി ബന്ധപ്പെട്ട നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് പ്രമുഖ ധനവിനിമയ സ്ഥാപനമായ മുത്തൂറ്റ് എക്സ്ചേഞ്ചിന്റെ ലൈസൻസ് യു.എ.ഇ സെൻട്രൽ ബാങ്ക് പിൻവലിച്ചു.
സെൻട്രൽ ബാങ്കിന്റെ മാനദണ്ഡങ്ങളും ചട്ടങ്ങളും അനുസരിച്ച് മൂലധനവും ഓഹരി മൂല്യവും നിലനിർത്തുന്നതിൽ കമ്പനി പരാജയപ്പെട്ടതായി പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് താൽക്കാലികമായി ലൈസൻസ് പിൻവലിക്കാൻ തീരുമാനിച്ചതെന്ന് യു.എ.ഇ സെൻട്രൽ ബാങ്കിനെ ഉദ്ധരിച്ച് വാം റിപ്പോർട്ട് ചെയ്തു.
കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കിങ് ഇതര സ്ഥാപനമായ മുത്തൂറ്റ് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമാണ് യു.എ.ഇയിലെ മുത്തൂറ്റ് എക്സ്ചേഞ്ച്. 2010ലാണ് മുത്തൂറ്റ് എക്സ്ചേഞ്ചിന് യു.എ.ഇയിൽ പ്രവർത്തനാനുമതി ലഭിച്ചത്.
എന്നാൽ, യു.എ.ഇയിൽ മുത്തൂറ്റിന് പരിമിതമായ വിപണി വിഹിതമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് ഈ മേഖലയിൽ നിന്നുള്ളവർ നൽകുന്ന സൂചന. കർശന നിബന്ധനകളിലൂടെയും മേൽനോട്ടത്തിലൂടെയും രാജ്യത്തെ എല്ലാ എക്സ്ചേഞ്ച് സ്ഥാപനങ്ങളും നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി.
യു.എ.ഇയിലെ സാമ്പത്തിക സമ്പ്രദായങ്ങളുടെ സുതാര്യതയും സത്യസന്ധതയും സംരക്ഷിക്കുന്നതിനായാണ് നിബന്ധനകളും നിലവാരങ്ങളും പുറപ്പെടുവിക്കുന്നത്. മുത്തൂറ്റ് കൂടാതെ ലുലു, ജോയ് ആലുക്കാസ് തുടങ്ങിയ സ്ഥാപനങ്ങളാണ് യു.എ.ഇയിൽ പ്രവർത്തിക്കുന്ന പ്രമുഖ എക്സ്ചേഞ്ച് സ്ഥാപനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.