ദുബൈ: രൂപയിലും ദിർഹമിലും വ്യാപാരം നടത്തുന്നതുൾപ്പെടെ ഉഭയകക്ഷി വാണിജ്യ രംഗത്ത് സമഗ്ര സഹകരണത്തിന് ഇന്ത്യ- യു.എ.ഇ ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദർശനത്തിന്‍റെ ഭാഗമായി പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിൽ പ്രാദേശിക കറൻസികളിൽ അതിർത്തി കടന്നുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി നിയമപരമായ ചട്ടക്കൂട് നിർമിക്കും.
ഇതുസംബന്ധിച്ച കരാറിന് ഇരു രാഷ്ട്രനേതാക്കളുടെയും സാന്നിധ്യത്തിൽ ആർ.ബി.ഐ ഗവർണർ ശക്തികാന്ത് ദാസും യു.എ.ഇ സെന്‍ട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബലാമയും ഒപ്പുവെച്ചു. 10 വർഷത്തിനുള്ളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 1.41 ലക്ഷം കോടി ദിർഹമായി (31.50 ലക്ഷംകോടി രൂപ) ഉയർത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഊർജം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, പ്രതിരോധം, സാംസ്കാരികം, സാമ്പത്തിക രംഗത്തെ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സഹകരണവുമായി മുന്നോട്ടുപോകുന്നതു സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്തു.
അബൂദബിയിൽ ഐ.ഐ.ടി ഡൽഹി കാമ്പസ് സ്ഥാപിക്കാൻ യു.എ.ഇ വിദ്യാഭ്യാസ-വിജ്ഞാന വകുപ്പുമായി ഇന്ത്യ കരാറിലും ഒപ്പുവെച്ചു. 2022ൽ പ്രാബല്യത്തിലായ ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക സഹകരണ കരാർ (സെപ) വഴി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിൽ 20 ശതമാനത്തിന്‍റെ വളർച്ച രേഖപ്പെടുത്തിയതായി പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഫ്രാൻസിൽ രണ്ടു ദിവസത്തെ സന്ദർശനം പൂർത്തിയാക്കിയ പ്രധാനമന്ത്രി ശനിയാഴ്ച രാവിലെയാണ് ഏകദിന സന്ദർശനത്തിനായി യു.എ.ഇയിലെത്തിയത്.
അബൂദബി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയ അദ്ദേഹത്തിന് ഊഷ്മള സ്വീകരണം ഒരുക്കിയിരുന്നു. വിമാനത്താവളത്തിൽ അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് പ്രസിഡന്‍റിന്‍റെ കൊട്ടാരമായ ഖസർ അൽവതനിലായിരുന്നു ശൈഖ് മുഹമ്മദുമായി കൂടിക്കാഴ്ച.
യു.എ.ഇ അധ്യക്ഷപദവി വഹിക്കുന്ന കാലാവസ്ഥ ഉച്ചകോടിയുടെയും (കോപ്) ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി20 ഉച്ചകോടിയുടെയും പശ്ചാത്തലത്തിൽ യു.എ.ഇ വ്യവസായ, നൂതന സാങ്കേതിക മന്ത്രിയും കോപ് 28ന്‍റെ നിയുക്ത പ്രസിഡന്‍റുമായ ശൈഖ് സുൽത്താൻ അഹ്മദ് അൽ ജാബിറുമായും പ്രധാനമന്ത്രി ചർച്ച നടത്തി. സുസ്ഥിര വികസന പാതയിൽ യു.എ.ഇയുമായി യോജിച്ച മുന്നേറ്റം നടത്തുമെന്ന് കൂടിക്കാഴ്ചക്കുശേഷം പ്രധാനമന്ത്രി പറഞ്ഞു. ബദൽ ഊർജസാധ്യത പ്രയോജനപ്പെടുത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോള വിഷയങ്ങളിലെ സഹകരണം സംബന്ധിച്ചും കൂടിക്കാഴ്ചയിൽ ചർച്ചയായി. സന്ദർശനം പൂർത്തിയാക്കിയ പ്രധാനമന്ത്രി വൈകീട്ടോടെ ഡൽഹിക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.