ദുബൈ: യു.എ.ഇ ദേശീയദിനത്തോടനുബന്ധിച്ച് രാജ്യത്തെ പൊതു, സ്വകാര്യ മേഖലകൾക്ക് മൂന്നു ദിവസത്തെ അവധി പ്രഖ്യാപിച്ചു. മാനവവിഭവശേഷി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ സ്വകാര്യ മേഖലക്ക് രണ്ടു ദിവസമാണ് അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, വ്യാഴാഴ്ച രാത്രിയോടെ അവധി അറിയിപ്പ് പുതുക്കി ഉത്തരവിടുകയായിരുന്നു. ദേശീയദിനമായ ഡിസംബർ രണ്ടു മുതൽ നാലു വരെയാണ് അവധി. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ അവധി ലഭിക്കുന്നതോടെ അഞ്ചാം തീയതിയാണ് പിന്നീട് ഓഫിസുകൾ പ്രവർത്തിക്കുക. ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിൽ ഡിസംബർ ഒന്ന് വെള്ളിയാഴ്ച വിദൂര ജോലി ദിവസമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ വർഷം സ്വകാര്യ, പൊതുമേഖലയിലെ ജീവനക്കാർക്ക് ഡിസംബർ ഒന്നിന് അധിക അവധി അനുവദിച്ചിരുന്നു. രക്തസാക്ഷിദിനം എന്നറിയപ്പെട്ടിരുന്ന അനുസ്മരണ ദിനത്തിന്റെ ഭാഗമായാണ് ദേശീയദിന അവധി മൂന്നു ദിനങ്ങൾ ലഭിച്ചത്. എന്നാൽ, ഈ വർഷം ഡിസംബർ ഒന്ന് വെള്ളിയാഴ്ച പ്രവൃത്തിദിനമാണ്. യു.എ.ഇയുടെ 52ാം ദേശീയ ദിനത്തിന്റെ ഔദ്യോഗിക ആഘോഷ ചടങ്ങുകൾക്ക് ഇത്തവണ ദുബൈ എക്സ്പോ സിറ്റിയാണ് വേദിയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.