ദുബൈ: എമിറേറ്റിലെ പരസ്യ ബോർഡുകളുടെ നിയന്ത്രണത്തിനും നടത്തിപ്പിനുമായി പുതിയ കമ്പനി രൂപവത്കരിച്ചു. മദ മീഡിയ കമ്പനി എന്ന പേരിലാണ് പുതിയ സ്ഥാപനം ആരംഭിച്ചിരിക്കുന്നത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പുതിയ കമ്പനി രൂപവത്കരിക്കാനുള്ള നിയമത്തിന് അംഗീകാരം നൽകി.
സ്വകാര്യ ജോയന്റ് -സ്റ്റോക്ക് കമ്പനിയായിരിക്കും മദ മീഡിയ കമ്പനി. എമിറേറ്റിലുടനീളമുള്ള പരസ്യ സൈറ്റുകൾ കൈകാര്യം ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ഈ കമ്പനിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പരസ്യങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകളിൽ നിക്ഷേപം നടത്തുന്നതിനും നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതോടൊപ്പം ഈ മേഖലയിൽ ഗവേഷണങ്ങൾ നടത്തുന്നതിനുമുള്ള ഉത്തരവാദിത്തം മദ മീഡിയ കമ്പനിക്കായിരിക്കും.
ദുബൈ റോഡ് ഗതാഗത അതോറിറ്റിക്കും (ആർ.ടി.എ) ദുബൈ മുനിസിപ്പാലിറ്റിക്കും പരസ്യവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും മുഴുവനായോ ഭാഗികമായോ ഈ കമ്പനിയെ ഏൽപിക്കാം. പരസ്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും അനുമതി നൽകലും ഇനി മദ മീഡിയ ആയിരിക്കും.
മദ മീഡിയ ചെയർമാനായി ഹുസൈൻ മുഹമ്മദ് അൽ തായറിനെ യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നിയോഗിച്ചു. ആർ.ടി.എയും ദുബൈ മുനിസിപ്പാലിറ്റിയും ദുബൈ ഇൻവെസ്റ്റ്മെന്റ് ഫണ്ടുമായും മറ്റു പ്രമുഖ സ്ഥാപനങ്ങളുമായും ഏകോപിച്ച് പരസ്യവുമായി ബന്ധപ്പെട്ട ആസ്തികളും അവകാശങ്ങളും ബാധ്യതകളും പുതിയ കമ്പനിക്ക് കൈമാറും.
വ്യവസ്ഥകൾക്കും കരാറുകൾക്കും അനുസൃതമായി ഈ ആസ്തികൾ കമ്പനിക്കോ അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കോ കൈമാറുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനും സർക്കാർ സ്ഥാപനങ്ങൾ സൗകര്യമൊരുക്കും. ഉടമസ്ഥാവകാശം, ഡയറക്ടർ ബോർഡിന്റെ അധികാരങ്ങൾ, അത് ഉപയോഗിച്ചേക്കാവുന്ന മാനുഷികവും സാമ്പത്തികവുമായ സ്രോതസ്സുകൾ എന്നിവയും നിയമം വിശദീകരിക്കും.
ദുബൈ എക്സിക്യൂട്ടിവ് കൗൺസിൽ നിശ്ചയിച്ചിട്ടുള്ള അനുപാതത്തിൽ കമ്പനിയുടെ ഓഹരികൾ പൊതു സബ്സ്ക്രിപ്ഷനായി നൽകാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.