അബൂദബി: ആഗോള വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി അതിവേഗം വളരുന്ന അബൂദബി പുതുവര്‍ഷത്തില്‍ ഒരുക്കുന്നത് ആവേശകരമായ ഒട്ടേറെ പരിപാടികള്‍. സാംസ്കാരിക വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുങ്ങുന്ന സാംസ്കാരിക, വിനോദ പരിപാടികളും ഫോര്‍മുല 1 ഗ്രാന്‍ഡ് പ്രീ 2025 മല്‍സരവും എൻ.ബി.എ അബൂദബി ഗെയിംസ് 2025ഉം വേള്‍ഡ് സര്‍ഫ് ലീഗ് ചാംപ്യന്‍ഷിപ്പ് ടൂറുമൊക്കെ സഞ്ചാരികളെയും കായികപ്രേമികളെയുമൊക്കെ ഒരു പോലെ ആകര്‍ഷിക്കുന്നവയാണ്.
യാസ് മറീന സര്‍ക്യൂട്ടിലാണ് ഒരിക്കല്‍ കൂടി ഫോര്‍മുല ഗ്രാന്‍ഡ് പ്രീ മല്‍സരം ട്രാക്കുകളെ തീപിടിപ്പിക്കുക. 2025 മാര്‍ച്ച് 14 മുതല്‍ 16 വരെ നടക്കുന്ന ആസ്ത്രേലിയന്‍ ഗ്രാന്‍ഡ് പ്രീയോടെ തുടക്കമാവുന്ന 2025 ഫോര്‍മുല 1 ലോക ചാംപ്യന്‍ഷിപ്പ് ഡിസംബര്‍ അഞ്ച് മുതല്‍ ഏഴു വരെ നടക്കുന്ന അബൂദബി ഗ്രാന്‍ഡ് പ്രീയോടെയാണ് സമാപിക്കുക. ഫെബ്രുവരി 14 മുതല്‍ 16 വരെയാണ് ലോകോത്തര സര്‍ഫിങ് താരങ്ങള്‍ പങ്കെടുക്കുന്ന ലോക സര്‍ഫ് ലീഗ് ചാംപ്യന്‍ഷിപ്പ് ടൂര്‍ അബൂദബിയില്‍ അരങ്ങേറുന്നത്. വാര്‍ണര്‍ ബ്രോസ്, വേള്‍ഡ് അബൂദബി, ഫെരാരി വേള്‍ഡ് അബൂദബി തുടങ്ങിയ കേന്ദ്രങ്ങളില്‍ കുടുംബങ്ങളെയും സാഹസിക പ്രേമികളെയുമൊക്കെ സംതൃപ്തിപ്പെടുത്തുന്ന അനേക പരിപാടികളുണ്ടാവും.
ഇമാറാത്തി രുചികള്‍ നുണയാന്‍ ഇഷ്ടപ്പെടുന്ന ഭക്ഷണപ്രേമികള്‍ക്ക് അല്‍ ഹൊസന്‍ ജില്ലയിലെ ഇമറാത്തി റസ്റ്റോറന്റായ എര്‍ത്ത് സന്ദര്‍ശിക്കാം. ജനുവരി 31 മുതല്‍ ഫെബ്രുവരി രണ്ടു വരെ നടക്കുന്ന കയാന്‍ വെല്‍നസ് ഫെസ്റ്റിവലും സന്ദര്‍ശകര്‍ക്ക് നവ്യാനുഭവം പകരുന്നതാണ്.
യോഗയും ധ്യാനവും അടക്കമുള്ളവയിലൂടെ ശാന്തത തേടാനാഗ്രഹിക്കുന്നവര്ക്ക് മികച്ച അവസരമായിരിക്കും കയാന്‍ വെല്‍നസ് ഫെസ്റ്റിവല്‍. ലൂറേ അബൂദബി, മനാറത്ത് അല്‍ സഅദിയാത്ത്, ബെര്ക്ലി അബൂദബി, നിര്‍മാണം പൂര്‍ത്തിയാവുന്ന ഹിസ്റ്ററി മ്യൂസിയം അബൂദബി, ടീം ലാബ് ഫിനോമിന, സായിദ് നാഷനല്‍ മ്യൂസിയം, ഗുഗന്‍ഹീം അബൂദബി എന്നിവയൊക്കെ ഉള്‍ക്കൊള്ളുന്ന സഅദിയാത്ത് സാംസ്കാരിക ജില്ല കലയുടെയും ചരിത്രത്തിന്റെയും പുതുമകളുടെയുമൊക്കെ കേന്ദ്രമാണ്.
ജനുവരി നാല് മുതല്‍ ഫെബ്രുവരി 22 വരെ നടക്കുന്ന ഓപണ്‍ എയര്‍ സംഗീത നിശകളും ഏവരെയും ആകര്‍ഷിക്കുന്നതാണ്. ഈജിപ്ഷ്യന്‍ ഗായകന് ഉമര്‍ ഖൈരാത്, അമേരിക്കന്‍ ഗ്രൂപ്പായ ബോയ്സ് 11 മെന്‍ തുടങ്ങിയവരുടെ സംഗീതപരിപാടികളാണ് സഅദിയാത്ത് ദ്വീപിനെ സാക്ഷിയാക്കി അരങ്ങേറുക.
വിവിധ മേഖലകളിലെ വെല്ലുവിളികള്‍ നേരിടുന്നതിനായി വികസിപ്പിച്ച നിര്‍മിത ബുദ്ധി കണ്ടെത്തലുകള്‍ക്കായുള്ള പ്രഥമ എ.ഐ ലോക ചാംപ്യന്‍ഷിപ്പ് മല്‍സരം 2025 ജനുവരി 30 മുതല്‍ ഫെബ്രുവരി 2 വരെയുള്ള നാലുദിവസങ്ങളിലാണ് നടക്കുക. ഇതിലെ ജേതാക്കള്‍ക്കായി 2025 ഏപ്രില്‍ 28ന് അഡ്നക് സെന്ററില്‍ നിര്‍മിത ബുദ്ധി രംഗത്തെ നിക്ഷേപകരെയും ബിസിനസുകാരെയും പങ്കെടുപ്പിക്കുന്ന എ.ഐ.എം കോണ്‍ഗ്രസ് നടക്കുന്ന വേളയില്‍ ഗ്രാന്‍ഡ് ഫിനാലെ നടത്തും.
ഫിനാന്‍സ്, അഗ്രികള്‍ച്ചര്‍, ലോജിസ്റ്റിക്സ്, സ്പോര്‍ട്സ്, എജ്യുക്കേഷന്‍, മീഡിയ, ഇ കൊമേഴ്സ്, മാനുഫാക്ടറിങ്, കസ്റ്റമര്‍ സര്‍വീസ്, മാര്‍ക്കറ്റിങ് ആന്‍ഡ് സോഷ്യല്‍ മീഡിയ, റോബോട്ടിക്സ്, സൈബര്‍ സെക്യൂരിറ്റി, ഹെല്‍ത്ത് കെയര്‍, ഗെയിംസ് എന്നിങ്ങനെ 14 പ്രധാന വിഭാഗങ്ങളിലുള്ള മല്‍സരങ്ങള്‍ എ.ഐ ലോകചാംപ്യന്‍ഷിപ്പിന്റെ പ്രധാന വേദിയില്‍ നടക്കും. അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള എ.ഐ വിദഗ്ധരാണ് ചാംപ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുക. എ.ഐ വിദഗ്ധരും പണ്ഡിതരും വ്യവസായ രംഗത്തെ പ്രഫഷണലുകളും അടങ്ങുന്ന പാനല്‍ ആണ് വിധിനിര്‍ണയം നടത്തുക. ഓരോ വിഭാഗത്തിലും ജേതാക്കളാവുന്നവര്‍ക്ക് വന്‍തുക സമ്മാനവും ഗവേഷണ ഗ്രാന്‍ഡും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.