ദുബൈ: പുതുവത്സര തലേന്ന് വൈകുന്നേരം തുടങ്ങിയ ആഘോഷം ദുബൈയിലെ വിവിധ കേന്ദ്രങ്ങളിൽ പുലരുംവരെ നീണ്ടു. ബുർജ് ഖലീഫ, പാംജുമൈറ, ബുർജ് അൽ അറബ്, ഹത്ത, അൽ സീഫ്, ബ്ലൂ വാട്ടേഴ്സ്, ദ ബീച്ച്, ഗ്ലോബൽ വില്ലേജ് എന്നിവിടങ്ങളിലാണ് കരിമരുന്നുപ്രയോഗവും ഡ്രോൺ ഷോകളും അരങ്ങേറിയത്.
പ്രത്യേക ആഘോഷ പരിപാടികൾ അരങ്ങേറിയ സ്ഥലങ്ങൾക്കു പുറമെ, കുടുംബങ്ങളും സൗഹൃദവൃത്തങ്ങളും മരുഭൂമിയിൽ തമ്പുകെട്ടിയും കാരവനൊരുക്കിയും കൊച്ചുകൊച്ചു ആഘോഷ ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു. ദുബൈയിലെ ഏറ്റവും വലിയ വിനോദസഞ്ചാര ആകർഷണമായ ബുർജ് ഖലീഫയിൽ കരിമരുന്നുപ്രയോഗം കാണാൻ ആയിരങ്ങൾ മണിക്കൂറുകൾക്ക് മുമ്പുതന്നെ എത്തിച്ചേർന്നിരുന്നു. ജന ബാഹുല്യത്താൽ വീർപ്പുമുട്ടിയ ഡൗൺടൗണിൽ മികച്ച സുരക്ഷയും സജ്ജീകരണങ്ങളുമാണ് അധികൃതർ ഒരുക്കിയിരുന്നത്.
സമയം 12 മണിയായപ്പോൾ വലിയ ആർപ്പുവിളികളോടെ ജനങ്ങൾ പുതുവത്സരത്തെ വരവേൽക്കുന്ന ദൃശ്യങ്ങൾ എല്ലായിടത്തും നിറഞ്ഞു. അതോടൊപ്പം കരിമരുന്നുപ്രയോഗവും തുടർന്ന് ഡ്രോൺ ഷോകളും കാഴ്ചക്കാർക്ക് അവിസ്മരണീയ മുഹൂർത്തം സമ്മാനിച്ചു. നിരവധി പേർ ദുബൈയിലെ ആഘോഷങ്ങൾ കാണാൻ വിദേശരാജ്യങ്ങളിൽനിന്നും എത്തിച്ചേർന്നിരുന്നു. പുതുവത്സരാഘോഷത്തിന്റെ ആവേശം അടുത്തുനിന്ന് കാണാൻ സാധിക്കാത്തവർ നഗരത്തിലെ വിവിധ കെട്ടിടങ്ങളുടെ മുകളിൽനിന്നും കരിമരുന്നുപ്രയോഗങ്ങളുടെ വിദൂരക്കാഴ്ചക്ക് ഉറക്കമിളച്ച് കാത്തിരിക്കുകയും ചെയ്തു.
കിലോമീറ്ററുകൾക്കപ്പുറവും ബുർജ് ഖലീഫയിലെ വെടിക്കെട്ട് ദൃശ്യമായിരുന്നു. നഗരത്തിലെ റോഡുകളും വിനോദകേന്ദ്രങ്ങളും പുലർച്ചവരെ തിരക്കിലമർന്നു. രാത്രി വൈകിയും പല റോഡുകളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ആഘോഷ ചടങ്ങുകളും ഒത്തുചേരലുകളും അവസാനിച്ച് മിക്കവരും താമസസ്ഥലങ്ങളിലെത്തിയത് തിങ്കളാഴ്ച രാവിലെയോടെയാണ്. എല്ലാ പ്രധാന സ്ഥലങ്ങളിലും പൊലീസ് കർശന സുരക്ഷയും ട്രാഫിക് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. അനിഷ്ട സംഭവങ്ങളോ വലിയ അപകടങ്ങളോ ഒന്നും നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ആഘോഷപരിപാടികൾ അവസാനിച്ചതോടെ മെട്രോ സ്റ്റേഷനുകളിൽ വലിയ തിരക്ക് ദൃശ്യമായിരുന്നു. എന്നാൽ, പൊതുഗതാഗത സംവിധാനങ്ങൾ കൂടുതലായി ഏർപ്പെടുത്തിയത് വലിയ രീതിയിൽ ഗുണംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.