ദുബൈ: പുതുവത്സരത്തിലെ ആദ്യ മാസത്തിൽ പെട്രോൾ, ഡീസൽ വില കുത്തനെ കുറഞ്ഞതോടെ ആശ്വാസത്തിൽ താമസക്കാർ. കഴിഞ്ഞ 11മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് പെട്രോളിന്റെയും ഡീസലിന്റെയും നിരക്കുള്ളത്. ഗാർഹിക ബജറ്റ് ചുരുക്കാനും താമസക്കാരുടെ വാങ്ങൽ ശേഷി മെച്ചപ്പെടുത്താനും പുതിയ മാറ്റം ഉപകരിക്കും. ഡിസംബറിനെ അപേക്ഷിച്ച് പെട്രോളിന് ലിറ്ററിന് 52 ഫിൽസും ഡീസലിന് 45 ഫിൽസും കുറവാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ഫെബ്രുവരി മാസം മുതൽ ഏറ്റവും കുറഞ്ഞ നിരക്ക് കാണിച്ച മാസമാണിത്. മേയ് മാസത്തിൽ ആരംഭിച്ച ഇന്ധന വിലവർധന ജൂണിലും ജൂലൈയിലും കുത്തനെ വർധിച്ചത് ആശങ്കക്കിടയാക്കിയിരുന്നു. ജൂലൈയിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 4.63 ദിർഹം എന്ന സർവകാല റെക്കോഡിലെത്തുകയും ചെയ്തു. ഇന്ധന വിലവർധന വിവിധ മേഖലകളിൽ പ്രതിഫലിച്ചതോടെ സാമ്പത്തിക ഞെരുക്കം പല കുടുംബങ്ങളെയും പ്രയാസത്തിലാക്കിയിരുന്നു.
പെട്രോൾ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.78 ദിർഹമാണ് പുതിയ നിരക്ക്. ഡിസംബറിൽ 3.30 ദിർഹമായിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ 13 ഫിൽസിന്റെ വ്യത്യാസം മാത്രമാണുള്ളത്. ഡിസംബറിൽ 3.18 ദിർഹമായിരുന്ന സ്പെഷൽ 95 പെട്രോൾ ലിറ്ററിന് 2.67 ദിർഹമായിട്ടുണ്ട്. കഴിഞ്ഞ മാസം ലിറ്ററിന് 3.11 ദിർഹം ആയിരുന്ന ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.59 ആയി കുറഞ്ഞു. ഡീസലിനും നല്ല കുറവാണ് ഈമാസം രേഖപ്പെടുത്തിയത്. ഡിസംബറിൽ 3.74 ദിർഹമായിരുന്ന ഡീസൽ ലിറ്ററിന് 3.29 ദിർഹമാണ് ജനുവരിയിലെ നിരക്ക്.
ഇന്ധനവില കുറഞ്ഞതോടെ നിത്യജീവിതച്ചെലവുകൾ കുറയുമെന്ന പ്രതീക്ഷയാണ് പ്രവാസികളടക്കമുള്ളവർക്ക് ആശ്വാസം പകരുന്നത്. സ്വന്തമായ വാഹനമുള്ളവർക്ക് കഴിഞ്ഞമാസങ്ങളിൽ വലിയൊരു സംഖ്യ കൂടുതലായി പെട്രോൾ ഇനത്തിൽ ചെലവുവന്നിരുന്നു. ടാക്സി നിരക്കിലും ദുബൈ, ഷാർജ, അജ്മാൻ തുടങ്ങിയ സ്ഥലങ്ങളിൽ ആനുപാതികമായ വർധനവുണ്ടായിരുന്നു. എന്നാൽ പുതിയ നിരക്ക് നിലവിൽവന്നതോടെ ഇവയിൽ മാറ്റമുണ്ടാകും.
പെട്രോൾ, ഡീസൽ വിലയിലെ കുറവ് ഭക്ഷ്യവസ്തുക്കളുടെയും മറ്റും വിലയിൽ കൂടി പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുക്രെയ്ൻ യുദ്ധവും മറ്റു കാരണങ്ങളാലും അവശ്യവസ്തുക്കളുടെ വിലയിൽ സാമാന്യം വിലക്കയറ്റം നിലവിൽ അനുഭവപ്പെടുന്നുണ്ട്. ജീവിതച്ചെലവ് വർധിച്ചത് പ്രതിസന്ധിയിലാക്കിയ പ്രവാസി കുടുംബങ്ങളെ ഇന്ധന വിലക്കുറവ് സഹായിക്കും. ഈ വർഷം മാർച്ചിലാണ് ചരിത്രത്തിൽ ആദ്യമായി യു.എ.ഇയിലെ എണ്ണവില മൂന്ന് ദിർഹം പിന്നിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.