ദുബൈ: ഭരണനിർവഹണ രംഗത്ത് ഏറ്റവും മികച്ച സംവിധാനങ്ങളൊരുക്കുന്ന യു.എ.ഇയിൽ അഴിമതി ഏറ്റവും കുറഞ്ഞ നിരക്കിൽ. മിഡിൽഈസ്റ്റ്, വടക്കനാഫ്രിക്ക മേഖല(മെന)യിൽ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യമെന്ന അഭിമാനകരമായ നേട്ടമാണ് ഇമാറാത്ത് നേടിയിരിക്കുന്നത്. ലോക രാജ്യങ്ങളിലെ അഴിമതി തുറന്നുകാട്ടുന്നതിനായി ‘ട്രാൻസ്പരൻസി ഇന്റർനാഷനൽ’ എന്ന കൂട്ടായ്മ പുറത്തിറക്കുന്ന ‘കറപ്ഷൻ പെർസെപ്ഷൻ ഇൻഡക്സ് 2024’ൽ ആഗോളതലത്തിൽ 23ാം സ്ഥാനത്തെത്താനും രാജ്യത്തിന് സാധിച്ചു. സേവനങ്ങളുടെ ഡിജിറ്റലൈസേഷനിൽ യു.എ.ഇ കാണിക്കുന്ന ശ്രദ്ധയെ റിപ്പോർട്ട് പ്രത്യേകം പ്രശംസിക്കുന്നുമുണ്ട്.
‘യു.എ.ഇ ഡിജിറ്റൽ ഗവൺമെന്റ് സ്ട്രാറ്റജി 2025’യുടെ വിജയ മാനദണ്ഡങ്ങൾ എല്ലവരെയും ഉൾക്കൊള്ളുന്നതും ഉപയോക്തൃ സംതൃപ്തി ഉറപ്പാക്കുന്നതുമാണെന്നും, കൂടാതെ പൗരന്മാർക്കിടയിലെ അസമത്വം കുറക്കാൻ സഹായിക്കുന്നതുമാണെന്നും ‘ട്രാൻസ്പരൻസി ഇന്റർനാഷണലി’ന്റെ മിഡിൽ ഈസ്റ്റ്, വടക്കെ ആഫ്രിക്ക മേഖലയുടെ ഉപദേഷ്ടാക്കളായ മാനുവൽ പിരിനോയും കിൻഡ ഹട്ടറും പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. പഠനത്തിൽ 100 ൽ 68 പോയിന്റ് യു.എ.ഇ നേടിയിട്ടുണ്ട്. മേഖലയിലെ ഏറ്റവും അടുത്ത സ്ഥാനം 64 പോയിന്റുമായി ഇസ്രായേലാണ് നേടിയത്. മേഖലയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച രാജ്യം 12 പോയിന്റുമായി സിറിയയാണ്. യമനും ലിബിയയും 13 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. ആഗോള തലത്തിൽ പട്ടികയിൽ 90 മാർക്കുമായി ഡെൻമാർക്കാണ് ഒന്നാം സ്ഥാനത്ത്. ഫിൻലാൻഡ്, സിംഗപ്പൂർ, ലക്സംബർഗ് എന്നിവയാണ് പിന്നാലെയുള്ളത്.
യു.എ.ഇ സർക്കാർ സംവിധാനങ്ങളിലെ ഉദ്യോഗസ്ഥ നടപക്രമങ്ങൾ എളുപ്പമാക്കിയതിന്റെ അടിസ്ഥാനത്തിൽ മികച്ചതും മോശമായതുമായ മുന്ന് വീതം വകുപ്പുകളുടെ പട്ടിക കഴിഞ്ഞ ആഴ്ച പുറത്തുവിട്ടിരുന്നു.
ഇത്തരം സംവിധാനങ്ങളിലൂടെ സർക്കാർ വകുപ്പുകളുടെ പ്രവർത്തനം മെച്ചപ്പെടുകയും, ഡിജിറ്റൽവൽകരണത്തോടൊപ്പം രാജ്യത്തെ സേവനങ്ങൾ ലോകോത്തര നിലവാരത്തിലേക്ക് ഉയരുകയും ചെയ്തിട്ടുണ്ട്. ലോകത്തെ ആദ്യ സമ്പൂർണ നിർമിതബുദ്ധിവൽകൃത ഭരണകൂടമാകാൻ അബൂദബി തയാറെടുക്കുകയാണ്. രണ്ടുവർഷത്തിനകം അബൂദബിയിലെ മുഴുവൻ സർക്കാർ നടപടികളും നൂറ് ശതമാനം ഡിജിറ്റലാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി പുതിയ ഡിജിറ്റൽ നയവും അബൂദബി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുസേവനം കൂടുതൽ സുതാര്യമാക്കാനും സാമ്പത്തിക വളര്‍ച്ചയുണ്ടാക്കാനും ലക്ഷ്യമിട്ട് ഏകീകൃത ഡിജിറ്റല്‍ എന്റര്‍പ്രൈസ് റിസോഴ്സ് പ്ലാനിങ് നടപ്പാക്കുമെന്നും വെളിപ്പെടുത്തിയിരുന്നു.
2023ൽ യു.എ.ഇയിലെ ഉപഭോക്തൃ സംതൃപ്തി റേറ്റിങ് അനുസരിച്ച് രാജ്യത്തെ ഏറ്റവും മികച്ചതും മോശവുമായ സർക്കാർ സേവനങ്ങൾ വെളിപ്പെടുത്തിയിരുന്നു. അതേ വർഷം ഏറ്റവും മോശം സേവന കേന്ദ്രങ്ങളുടെ പട്ടികയിൽ ഏറ്റവും താഴെയായി സ്ഥാനംപിടിച്ച ഒരു ആശുപത്രിയുടെ ഡയറക്ടറെ മാറ്റുകയും ചെയ്തിരുന്നു.
ഇത്തവണ നീതിന്യായ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയം എന്നിവയാണ് മികവിൽ മുന്നിട്ടുനിൽക്കുന്ന മൂന്ന് സർക്കാർ വകുപ്പുകളായത്. ബ്യൂറോക്രസിയെ തടയാനുള്ള ശ്രമങ്ങളിൽ ഏറ്റവും മികവ് ഈ വകുപ്പുകൾ പുലർത്തിയതായി പട്ടിക പ്രഖ്യാപിച്ചുകൊണ്ട് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറയുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.