ദുബൈ: കേരളത്തിൽ പ്രവാസികൾക്കായി വ്യവസായ പാർക്ക് തുടങ്ങുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഉച്ചകോടിയുടെ ഭാഗമായി ദുബൈയിൽ നടന്ന റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉച്ചകോടിയിൽ യു.എ.ഇ സാമ്പത്തിക കാര്യ മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി മുഖ്യാതിഥിയായി പങ്കെടുക്കും. അബൂദബി, ദുബൈ, ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ഉച്ചകോടിയിൽ പ്രതിനിധികളെ അയക്കുമെന്ന് അറിയിച്ചിട്ടുണ്ട്. യു.എ.ഇയിലെ പ്രധാന വ്യവസായ സ്ഥാപങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും. കേരളത്തിൽ വ്യവസായം നടത്താനുള്ള ഏറ്റവും മികച്ച സമയം ഇതാണെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാണ് ഇന്ന് കേരളം. നേരത്തെ കേരളത്തിന്റെ സ്ഥാനം 20 ആയിരുന്നു. ഇപ്പോൾ ഒന്നാം സ്ഥാനത്താണ് കേരളം. പരിസ്ഥിതി മലിനീകരണം കാരണം മറ്റ് സംസ്ഥാനങ്ങളിൽ മുഖം മൂടി വെച്ച് പോകേണ്ട അവസ്ഥയാണ്. എന്നാൽ കേരളത്തിൽ അത് വേണ്ട. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ തൊഴിൽ സമരങ്ങൾ കൂടുതലാണെന്ന ആക്ഷേപമുണ്ട്. എന്നാൽ തൊഴിൽ സമരങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ ആദ്യ സ്ഥാനങ്ങളിൽ കേരളം ഇല്ലെന്നും മന്ത്രി പറഞ്ഞു.
ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ യൂസുഫ് അലി, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, എം.പി അബ്ദുൾ വഹാബ് എം.പി, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെഎസ്.ഐ.ഡി.സി എം.ഡി എസ്. ഹരികിഷോർ, ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ, ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എം. ഡി അദീബ് അഹമ്മദ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.