ദുബൈ: ഫിലിപ്പീൻസിലെ സവാള വിലക്കയറ്റം മറികടക്കാൻ ദുബൈ, റിയാദ് എന്നിവിടങ്ങളിൽനിന്ന് സവാളയുമായി നാട്ടിലെത്തിയ 10 വിമാന ജീവനക്കാർക്കെതിരെ കള്ളക്കടത്ത് കേസ്. ഫിലിപ്പൈൻ എയർലൈൻസിലെ കാബിൻ ക്രൂകൾക്കെതിരെയാണ് ഫിലിപ്പൈൻ കസ്റ്റംസ് അധികൃതർ കേസെടുത്തത്. അതേസമയം, കസ്റ്റംസിന്റെ നടപടിക്കെതിരെ വിമർശനവുമായി സെനറ്റർമാർ രംഗത്തെത്തി.
ഫിലിപ്പൈൻസിൽ ഒരു കിലോ സവാളക്ക് 800 ഇന്ത്യൻ രൂപയാണ് വില. യു.എ.ഇയിൽ ഒന്നര ദിർഹം (30 രൂപ) നൽകിയാൽ ഒരു കിലോ സവാള ലഭിക്കും. ഇതോടെ, നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികൾ ബാഗിൽ സവാള ഉൾപ്പെടുത്തുന്നത് സ്ഥിരമാക്കി. മാസങ്ങൾക്കുള്ളിൽ സവാള വില മൂന്നിരട്ടിയാണ് വർധിച്ചത്. ചിക്കൻ, ബീഫ് എന്നിവയേക്കാൾ വില കൂടുതലാണ് സവാളക്ക്. അനുമതിയില്ലാതെ സവാള കൊണ്ടുപോകുന്നത് നിയമവിരുദ്ധമാണെന്ന് അധികൃതർ അറിയിച്ചിരുന്നു. ഇതിനിടെയാണ് റിയാദ്, ദുബൈ എന്നിവിടങ്ങളിൽനിന്ന് മനില വിമാനത്താവളത്തിലെത്തിയ വിമാന ജീവനക്കാരിൽനിന്ന് സവാളയടക്കം പച്ചക്കറികൾ പിടികൂടിയത്. 27 കിലോ സവാള, 10.5 കിലോ നാരങ്ങ, ഒരു കിലോ സ്ട്രോബറി, ബ്ലൂബെറി എന്നിവയായിരുന്നു ഇവരുടെ ബാഗിലുണ്ടായിരുന്നത്. കസ്റ്റംസ് അധികൃതർ ഇത് പിടിച്ചെടുത്തതോടെ ഇവർ പ്രതിഷേധവുമായി രംഗത്തെത്തി. ജീവനക്കാർ തന്നെ സവാളയും പച്ചക്കറികളും നശിപ്പിക്കുന്ന വിഡിയോ കസ്റ്റംസ് അധികൃതർ പുറത്തുവിട്ടു. ഇവർക്കെതിരെ കള്ളക്കടത്തിനും പ്ലാന്റ് ക്വാറന്റീൻ നിയമത്തിന്റെ ലംഘനത്തിനുമാണ് കേസെടുത്തത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ആവശ്യമായ നടപടിയെടുക്കുമെന്നും ഫിലിപ്പൈൻ എയർലൈൻസ് അധികൃതരും വ്യക്തമാക്കി.
ഫിലിപ്പൈൻസിലേക്ക് സവാള വ്യക്തിപരമായ ആവശ്യങ്ങൾക്ക് മിതമായ അളവിൽ കൊണ്ടുപോകുന്നത് അധികൃതർ കണ്ണടക്കാറുണ്ട്. എന്നാൽ, ലഗേജ് നിറയെ സവാള എത്തിക്കുന്നത് ഇറക്കുമതിയുടെ പരിധിയിൽ വരുമെന്നും യു.എ.ഇയിലെ ഫിലിപ്പൈൻ കോൺസുലേറ്റ് അറിയിച്ചു. ഇങ്ങനെ സവാള കൊണ്ടുപോകുന്നതിന് ബ്യൂറോ ഓഫ് പ്ലാൻറ് ഇൻഡസ്ട്രിയിൽ നിന്ന് പ്ലാൻറ് ക്വാറന്റീൻ സർട്ടിഫിക്കറ്റ് വാങ്ങണം. ഇതിന് നടപടിക്രമങ്ങൾ ഏറെയുണ്ട്. ഉൽപന്നത്തിൽ കീടനാശിനിയോ മറ്റ് വിഷാംശമോ ഇല്ല എന്ന് ഉറപ്പുവരുത്തിയ ശേഷമേ ഈ സർട്ടിഫിക്കറ്റ് നൽകൂ. ഈ സർട്ടിഫിക്കറ്റില്ലാതെ സവാള കൂട്ടമായി കൊണ്ടുപോകുന്നത് നിയമവിരുദ്ധമാണ്. ഫിലിപ്പൈനിലേക്ക് നേരിട്ട് സവാള എത്തിക്കാനുള്ള അനുമതി ആറ് രാജ്യങ്ങൾക്കേയുള്ളൂ. ഇന്ത്യ, ചൈന, ആസ്ട്രേലിയ, കൊറിയ, നെതർലൻഡ്സ്, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നൊഴികെ നേരിട്ട് സവാള വ്യാപാരത്തിന് അനുമതിയില്ല. യു.എ.ഇയും ഫിലിപ്പൈനും തമ്മിൽ കാർഷിക ഉൽപന്നങ്ങളുടെ കയറ്റുമതിക്ക് കരാറുണ്ടാക്കിയിട്ടില്ല.
അതേസമയം, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നടപടി ക്രൂരവും ഉൾക്കൊള്ളാൻ കഴിയാത്തുമാണെന്ന് സെനറ്റർമാർ അറിയിച്ചു. സവാള പ്രതിസന്ധി ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. കുടുംബത്തിലെ ആവശ്യങ്ങൾക്കായി വസ്തുക്കൾ എത്തിച്ച ജീവനക്കാരെയാണ് കസ്റ്റംസ് അവഹേളിച്ചത്. കസ്റ്റംസ് ഓഫിസിലെ കുറ്റവാളികളെയും കള്ളക്കടത്തുകാരെയുമാണ് ആദ്യം തുരുത്തേണ്ടതെന്നും സെനറ്റർമാർ വ്യക്തമാക്കി. ഉൽപാദനത്തിലെ കുറവും പണപ്പെരുപ്പവുമാണ് വില കുതിച്ചുയരാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.