ദുബൈ: ഉരുളിൽ ജീവിതം നഷ്ടപ്പെട്ട വയനാട് ജനതയെ പിന്തുണക്കുന്നവർക്ക് വേറിട്ട രീതിയിൽ ആദരമർപ്പിക്കുകയാണ് പ്രവാസി ഫോട്ടോഗ്രാഫറായ മോഹൻ പയ്യോളി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന അർപ്പിക്കുന്നവർക്ക് മനോഹരമായ പ്രൊഫൈൽ ചിത്രങ്ങൾ സൗജന്യമായി വരച്ചു നൽകിയാണ് സന്മനസ്സുകളെ ഇദ്ദേഹം ചേർത്തുപിടിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന അർപ്പിച്ചതിന്റെ രസീത് വാട്സ്ആപ് നമ്പറിൽ അയച്ചു നൽകുന്നവർക്കാണ് ചിത്രങ്ങൾ വരച്ചു നൽകുന്നതെന്ന് മോഹൻ പയ്യോളി പറഞ്ഞു. വയനാട് ദുരന്തം നടന്ന് രണ്ടാമത്തെ ദിവസം മുതൽ തുടങ്ങിയതാണ് ചിത്രരചനയിലൂടെയുള്ള ആദരം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന പ്രോത്സാഹിപ്പിക്കാനായാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ഇൻസ്റ്റ അക്കൗണ്ടിലൂടെ ഇക്കാര്യം പങ്കുവെച്ചതോടെ ധാരാളം പേർ സമീപിച്ചതായും അദ്ദേഹം പറഞ്ഞു. ഇതുവരെ 120 പേരുടെ ചിത്രങ്ങൾ വരച്ചു നൽകിക്കഴിഞ്ഞു. 25ലധികം ചിത്രങ്ങളുടെ പണിപ്പുരയിലാണിദ്ദേഹം. കോവിഡ് കാലത്തും പ്രളയകാലത്തും സി.എം.ഡി.ആർ.എഫിലേക്ക് സംഭാവന നൽകുന്നവർക്ക് ഇദ്ദേഹം രേഖാചിത്രങ്ങൾ വരച്ചുനൽകിയിരുന്നു. അന്ന് 450ലധികം പേർക്ക് വേണ്ടിയാണ് മുഖചിത്രങ്ങൾ വരച്ചത്. ചിത്രം വരച്ചു നൽകുന്നതിന് സംഭാവനയുടെ വലുപ്പച്ചെറുപ്പം നോക്കാറില്ലെന്നും മോഹൻ പറയുന്നു. കോവിഡ് കാലത്ത് രേഖാ ചിത്രങ്ങളാണ് വരച്ചു നൽകിയിരുന്നത്.
അതുകൊണ്ടുതന്നെ ദിവസം 100ലധികം ചിത്രങ്ങൾ വരക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ മുഴുചിത്രങ്ങൾ കളറിൽ വരക്കാൻ ആരംഭിച്ചതോടെ ദിവസം മൂന്ന് ചിത്രങ്ങൾ മാത്രമാണ് പൂർത്തീകരിക്കാൻ കഴിയുന്നത്. ഐപാടിൽ ആപ്പിളിന്റെ പ്രോക്രിയേറ്റ് സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് ചിത്രരചന. ജോലിക്ക് ശേഷമുള്ള ഒഴിവുസമയങ്ങളിലാണ് ചിത്ര രചനക്കായി ഉപയോഗപ്പെടുത്താറെന്നും മോഹൻ പറഞ്ഞു. എട്ട് വർഷമായി യു.എ.ഇയിൽ പ്രവാസിയായ മോഹൻ പയ്യോളി പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ അൽ ഹബ്ത്തൂർ ഗ്രൂപ്പിലാണ് ജോലി ചെയ്യുന്നത്. ഈ വർഷം ഏറ്റവും മികച്ച ജീവനക്കാരനുള്ള പുരസ്കാരവും അദ്ദേഹം കരസ്ഥമാക്കിയിരുന്നു. ഹബ്ത്തൂർ ഗ്രൂപ്പിന്റെ ഇ-മെയിൽ സിഗ്നേച്ചർ വരച്ചുനൽകിയതും ഇദ്ദേഹമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.