ഷാർജ: എമിറേറ്റ്സ് പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷൻ ഷാർജ എക്സ്പോ സെന്ററിൽ ആരംഭിച്ചു. ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെയും ഷാർജ എക്സ്പോ സെന്ററിന്റെയും ചെയർമാനായ അബ്ദുല്ല സുൽത്താൻ അൽ ഉവൈസ് എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. 500ലധികം പ്രാദേശിക, അന്തർദേശീയ ബ്രാൻഡുകളുടെ പ്രദർശനമാണ് ഒരുക്കിയിരിക്കുന്നത്.
ഈ വ്യവസായത്തിനുള്ളിലെ ആഴത്തിൽ വേരൂന്നിയ അറബ് പാരമ്പര്യങ്ങളിലേക്കും സമൂഹങ്ങളുമായുള്ള അവരുടെ ബന്ധത്തിലേക്കും വെളിച്ചംവീശുന്ന ഊദിന്റെ ഏറ്റവും മികച്ച ഇനങ്ങളുമാണ് എക്സിബിഷനിൽ പ്രദർശിപ്പിക്കുന്നത്. സുഗന്ധദ്രവ്യ പ്രേമികളെയും വ്യവസായ വിദഗ്ധരെയും ഒരുപോലെ ആകർഷിക്കുന്നതിനായി ആദ്യമായാണ് ഇങ്ങനെയൊരു എക്സിബിഷൻ സംഘടിപ്പിക്കുന്നത്. ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (എസ്.സി.സി.ഐ) സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ സുഗന്ധദ്രവ്യ വിദഗ്ധർ, വ്യവസായികൾ, യുവ സംരംഭകർ തുടങ്ങിയവർ സംബന്ധിക്കുന്നുണ്ട്.
മിഡിൽ ഈസ്റ്റിൽ നിന്നും ലോകമെമ്പാടുമുള്ള അറേബ്യൻ സുഗന്ധദ്രവ്യങ്ങളുടെയും ഊദിന്റെയും ഏറ്റവും മികച്ച ബ്രാൻഡുകൾ അവതരിപ്പിക്കുക എന്നതാണ് എക്സിബിഷന്റെ പ്രാഥമിക ലക്ഷ്യം. എക്സിബിഷൻ മുൻനിര നിർമാതാക്കൾ, വ്യാപാരികൾ, പെർഫ്യൂം ആസ്വാദകർ എന്നിവർക്ക് ഒരു മേൽക്കൂരക്ക് കീഴിൽ ഒത്തുചേരാനും സുഗന്ധവ്യവസായത്തിലെ അറിവും അനുഭവങ്ങളും കൈമാറാനുമുള്ള അതുല്യമായ അവസരമായിത്തീരും. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് രണ്ടു മുതൽ രാത്രി 10.30വരെയും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതൽ രാത്രി 10.30വരെയുമാണ് സന്ദർശക സമയം. ശനി, ഞായർ ദിവസങ്ങളിൽ 12 മണി മുതൽ രാത്രി 10.30 വരെയാണ് സമയം. ഒക്ടോബർ 14നാണ് എക്സിബിഷൻ സമാപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.