ദുബൈ: ഇഫ്താറിനൊപ്പം ഫോട്ടോഗ്രഫി പരിശീലനത്തിന് അവസരമൊരുക്കി മലയാളി സംരംഭകൻ. ‘ഇഫ്താർ ഫോട്ടോ ടോക്ക്’ എന്ന് പേരിട്ട പരിപാടിയിൽ വിവിധ രാജ്യക്കാരെത്തി ഫോട്ടോഗ്രഫി പരിശീലനം നൽകും. തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശിയായ ഷാജി ഷൺമുഖനാണ് വേറിട്ട സംരംഭത്തിന് പിന്നിൽ. ദുബൈയിൽ ഫോട്ടോഗ്രാഫറായ ഇദ്ദേഹം നാലുവർഷമായി റമദാനിൽ വേറിട്ട പരിശീലന പരിപാടി സംഘടിപ്പിച്ചുവരുന്നുണ്ട്. ബർദുബൈയിലെ ബുർജുമാൻ മാളിലാണ് ഇഫ്താർ ഫോട്ടോ ടോക്കിന്റെ വേദി.
റമദാനിൽ എല്ലാ ദിവസവും ഇവിടെ ഇഫ്താറിനൊപ്പം വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഫോട്ടോഗ്രാഫർമാർ ക്ലാസെടുക്കും. ഫോട്ടോഗ്രഫി ഉൽപന്നങ്ങളുടെ വിപണനരംഗത്ത് പ്രവർത്തിക്കുന്ന ഷാജി ഷൺമുഖൻ കോവിഡ് കാലത്താണ് ഇത്തരമൊരു പതിവിന് തുടക്കം കുറിച്ചത്. ഇതിനകം നൂറുകണക്കിന് ഫോട്ടോഗ്രാഫർമാർ ഇഫ്താർ ഫോട്ടോ ടോക്കിൽ ക്ലാസെടുക്കാനെത്തിയതായി ഇദ്ദേഹം പറഞ്ഞു.
ഫോട്ടോഗ്രഫി മേഖലയിലെ വിവിധ ബ്രാൻഡുകളാണ് ഇഫ്താറിന്റെ ചെലവ് വഹിക്കാൻ മുന്നോട്ടുവരാറ്. സ്പോൺസർമാരില്ലാത്ത പശ്ചാത്തലത്തിൽ പങ്കെടുക്കുന്നവരിൽനിന്ന് പ്രവേശനഫീസ് ഈടാക്കിയും ഇതിനുള്ള ചെലവ് കണ്ടെത്താറുണ്ട്. 20 മുതൽ 120 വരെ പേർ ഫോട്ടോടോക്കിൽ പങ്കെടുക്കുമെന്ന് ഷാജി ഷൺമുഖൻ പറഞ്ഞു.
ഇതോടൊപ്പം ഫോട്ടോഗ്രഫി മൽസരവും നടക്കും. മൽസരിക്കുന്ന ചിത്രങ്ങൾ പലതും ബുർജുമാൻ മാളിന്റെ ചുവരുകളിൽ അലങ്കാരമായി ആസ്വദിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ഈവർഷം ‘റൈറ്റ് ഫ്രം ദ ഹാർട്ട്’ എന്ന പേരിലാണ് മത്സമെന്ന് ഷാജി ഷൺമുഖൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇഫ്താർ ഫോട്ടോടോക്കിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫോട്ടോഗ്രഫി ഉൽപന്ന വിതരണ സ്ഥാപനമായ ഐബ്രാൻഡ് കണക്ടിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി സംഘാടകരെ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.