ദുബൈ: തൊഴിൽതേടി ഗൾഫിലേക്ക് പോകുന്ന പ്രവാസികൾക്ക് വിസയുടെ ആധികാരികത ഉറപ്പുവരുത്തി നൽകുന്ന നവീന സംരംഭമായ ‘എക്സ്പാറ്റ് ഗൈഡ്’ പ്രവർത്തനം തുടങ്ങി. ആദ്യഘട്ടത്തിൽ യു.എ.ഇ വിസയുടെ ആധികാരികത ഉറപ്പുവരുത്താൻ സഹായിക്കുന്ന രീതിയിലാണ് സംവിധാനം ആരംഭിച്ചിട്ടുള്ളത്.
കുറ്റമറ്റ യാത്രാരേഖകൾ ഉറപ്പുവരുത്താനും പ്രവാസികളെ സഹായിക്കാനുമായി പ്രമുഖ യാത്രാസേവന സ്ഥാപനമായ സ്മാർട് ട്രാവൽ ‘ഗൾഫ് മാധ്യമ’ത്തിന്റെ മാധ്യമപങ്കാളിത്തത്തോടെ ഒരുക്കിയ സംവിധാനമാണ് ‘എക്സ്പാറ്റ് ഗൈഡ്’.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി സമർപ്പിച്ചത്. വിസയുടെയും മറ്റും മറവിൽ പ്രവാസികളെ ചൂഷണത്തിനിരയാക്കുന്നതിന് തടയിടുകയാണ് പ്രധാന ഉദ്ദേശ്യം.
ഗൾഫ് രാഷ്ട്രങ്ങളിലെത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ വിസയിലും മറ്റു അവശ്യരേഖകളിലുമുള്ള അപാകതകൾ കാരണം നിയമനടപടികൾക്ക് വിധേയമാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യമിടുന്നത്. നിലവിൽ വിസയുടെ വിവരങ്ങൾ ഓൺലൈൻ വഴി നൽകിയാൽ ആധികാരികത ഉറപ്പുവരുത്തി നൽകുകയാണ് ചെയ്യുന്നത്.
വിസയുമായി ബന്ധപ്പെട്ട ഡിപ്പാർട്മെന്റുമായി സഹകരിച്ചാണ് തട്ടിപ്പുകൾ തടയുന്നതിനുള്ള ഈ ഡിജിറ്റൽ പദ്ധതി നടപ്പാക്കുന്നത്. പ്രവാസലോകത്തേക്ക് കടന്നുവരുന്ന ഓരോരുത്തർക്കും ഉപയോഗപ്പെടുത്താവുന്ന ഈ സംവിധാനംവഴി നാട്ടിൽനിന്ന് യാത്രതിരിക്കുന്നതിന് മുമ്പുതന്നെ വിസയുടെ ആധികാരികത ഉറപ്പുവരുത്താൻ സാധിക്കും.
സേവനം ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നവർ https://www.holidaymakers.com/index.php/visa/visa_verification_form ലിങ്ക് ഉപയോഗിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.