ഷാർജ: കോവിഡ് മഹാമാരിയുടെ വരവോടെ ഷാർജ പൊതുഗതാഗത രംഗത്തുണ്ടായ കുറവ് സാധാരണ നിലയിലേക്ക് എത്തുന്നതായി ഗതാഗത വിഭാഗം അറിയിച്ചു. നിലവിൽ 75 ശതമാനവും പഴയ രീതിയിലേക്കെത്തി. വൈകാതെ പൂർവസ്ഥിതിയിലെത്തുമെന്ന പ്രതീക്ഷയുണ്ട്. പൊതുഗതാഗതം ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കമ്പനി എടുക്കുന്ന വ്യത്യസ്ത സംരംഭങ്ങളുടെ സഹായത്തോടെ ഈ വർഷാവസാനത്തോടെ ഗതാഗതം പകർച്ചവ്യാധിക്ക് മുമ്പുള്ള തലത്തിലെത്തുമെന്ന് ഷാർജ കെ.ജി.എൽ പാസഞ്ചർ ട്രാൻസ്പോർട്ട് സർവിസസ് സി.ഇ.ഒ ഫഹദ് അൽ അവാദി പറഞ്ഞു. 2007ലാണ് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി കുവൈത്തിലെ കെ.ജി.എൽ പാസഞ്ചർ ട്രാൻസ്പോർട്ട് സർവിസസിന് പൊതുഗതാഗത ശൃംഖല പ്രവർത്തിപ്പിക്കാനുള്ള അവകാശം നൽകിയത്. 2020ൽ കോവിഡ് വന്നെങ്കിലും ലോക്ഡൗൺ സമയത്തും പൊതുഗതാഗതം അനിവാര്യമാണെന്ന് ഷാർജ സർക്കാർ തീരുമാനിച്ചിരുന്നു. പകർച്ചവ്യാധിയുടെ ആദ്യ അഞ്ച് മാസങ്ങളിൽ യാത്രക്കാരുടെ എണ്ണം 90 ശതമാനത്തോളം കുറഞ്ഞു. എന്നാൽ, സർക്കാർ സഹായത്തോടെ പൊതുജനങ്ങൾക്ക് ഗതാഗത സേവനം നൽകുന്നത് തുടർന്നു. 60 വയസ്സിനു മുകളിലുള്ളവർക്കും നിശ്ചയദാർഢ്യമുള്ളവർക്കും സൗജന്യ യാത്ര വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അവാദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.