ദുബൈ: കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ അത്യന്തം അപകടകരവും അപലപനീയവുമാണെന്ന് കെ.എം.സി.സി യു.എ.ഇ നാഷനൽ കമ്മിറ്റി പ്രസിഡന്റ് പുത്തൂർ റഹ്മാൻ.
രാജ്യദ്രോഹവും മതതീവ്രവാദവും നടത്തുന്ന സംഘങ്ങളാണ് മലപ്പുറം ജില്ല കേന്ദ്രമാക്കി സ്വർണക്കടത്തും ഹവാലയും നടത്തുന്നതെന്ന് മുഖ്യമന്ത്രി പറയുമ്പോൾ അത് ആരുടെയൊക്കെ കുപ്രചാരണങ്ങൾക്കുള്ള കുടപിടിക്കലാണെന്ന് പ്രത്യേകം പറയേണ്ടതില്ല. മുഖ്യമന്ത്രി ഡൽഹിയിൽ പോകുന്നതിന്റെ തലേന്ന് തുടങ്ങിയ കാര്യമല്ല കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്തും ഹവാലയും. നികുതി വെട്ടിക്കാനും തെറ്റായ വഴിയിൽ പണം സമ്പാദിക്കാനും ഒരു പറ്റം ചെയ്യുന്ന ഈ സാമ്പത്തിക കുറ്റകൃത്യം എത്രയോ കാലമായി തുടരുന്ന ഒന്നാണ്.
രാജ്യത്തെ ഒരുപാട് വിമാനത്താവളങ്ങൾ വഴി സ്വർണം കടത്തുന്നതും പിടിക്കപ്പെടുന്നതും വാർത്തയാവാറുണ്ട്. മലപ്പുറത്ത് അത് രാജ്യദ്രോഹ ശക്തികൾ നടത്തുന്ന ഇടപാടാണെങ്കിൽ മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പ് ആ നിലക്ക് അന്വേഷണം നടത്തിയിരിക്കേണ്ടതല്ലേ. അങ്ങനെ വല്ല ആരോപണമോ അന്വേഷണമോ ഒന്നാം പിണറായി ഭരണത്തിലോ ശേഷമോ നടന്നിട്ടുണ്ടോ? ഇല്ലെങ്കിൽ ആരുടെ പരാജയമാണത്.
മുഖ്യമന്ത്രി ഡൽഹിയിൽ എത്തിയശേഷം ഉണ്ടായ വെളിപാടാണോ ഇതെന്നും അദ്ദേഹം ചോദിച്ചു. ആർ.എസ്.എസിന് മരുന്നിട്ട് കൊടുക്കരുതെന്ന് പറഞ്ഞ് കേരള ജനതയെ ഉപദേശിച്ച മുഖ്യമന്ത്രിതന്നെ മലപ്പുറം ജില്ലക്കെതിരായ പരാമർശം നടത്തി ഒരു ജനതയെ ഒന്നാകെ അപമാനിക്കുന്നു. പിണറായി വിജയൻ നടത്തുന്ന ഇത്തരം പ്രസ്താവനകൾക്കെതിരെ ജനങ്ങളുടെ പ്രതിഷേധം ഉയരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.