മസ്കത്ത്: നവംബറിൽ ആരംഭിക്കുന്ന ഖത്തർ ലോകകപ്പ് ഒമാനിലെ ഹോട്ടൽ മേഖലക്ക് അനുഗ്രഹമാവും. ഖത്തറിൽ ലോകകപ്പിനെത്തുന്ന നിരവധി ടീമുകളും സന്ദർശകരും ഒമാനിൽ തങ്ങും. ഇതിനിടെ ഒമാന്റെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ പലതിലും 80 ശതമാനം ബുക്കിങ് പൂർത്തിയായി. ഫോർ, ത്രീ സ്റ്റാർ ഹോട്ടലുകളിലും തള്ളികയറ്റമുണ്ടായേക്കും.
ലോകകപ്പ് കാണാനെത്തുന്നവർക്ക് മുഴുവൻ താമസിക്കാൻ അവിടെ ഹോട്ടൽ സൗകര്യമില്ലാത്തതിനാൽ നിരവധിപേർ യു.എ.ഇ.യിലും ഒമാനിലുമാണ് തങ്ങുക. ഇതിന്റെ ഭാഗമായി ഒമാൻ എയർ ഖത്തറിലേക്ക് പ്രേത്യക സർവിസുകൾ നടത്തുന്നുണ്ട്.
ലോകകപ്പ് കാണാനെത്തുന്നവരെ ഒമാനിൽ താമസിപ്പിച്ച് ഖത്തറിൽ കൊണ്ടുപോയി തിരിച്ചുവരുന്നതിനുള്ള പാക്കേജുകൾ പ്രഖ്യാപിക്കാനും ഒമാൻ എയറിന് പദ്ധതിയുണ്ട്. ലോകകപ്പ് വേളയിൽ നിരവധി സന്ദർശകർ ഒമാനിലെത്താൻ സാധ്യതയുണ്ടെന്നാണ് ട്രാവൽ ഏജൻറ് മേഖല വിലയിരുത്തുന്നത്.
നവംബർ പൊതുവെ വിനോദ സഞ്ചാര സീസൺ ആയതിനാൽ ഖത്തറിലെത്തുന്ന നിരവധിപേർ ദുബൈ, ഒമാൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കാൻ സാധ്യതയുണ്ട്. യു.എ.ഇയും ഒമാനും വ്യത്യസ്തത പുലർത്തുന്ന രാജ്യങ്ങളാണ്. തിരക്കും അടിച്ചുപൊളിയുമൊക്കെ ആഗ്രഹിക്കുന്നവർ ദുബൈയാണ് തിരഞ്ഞെടുക്കുക. എന്നാൽ, ശാന്തമായ അന്തരീക്ഷവും പ്രകൃതിഭംഗിയുമൊക്കെ ആവശ്യമുള്ളവർ ഒമാനാണ് തിരഞ്ഞെടുക്കുക. അതിനാൽ, ശാന്തമായ അന്തരീക്ഷം ആഗ്രഹിക്കുന്ന നിരവധിപേർ സുൽത്താനേറ്റ് സന്ദർശിക്കാനെത്തും. ഒമാനിലെ ഒന്നാംകിട ഹോട്ടലുകൾ നിറയുന്നതോടെ സന്ദർശകരിൽ നിരവധിപേർക്ക് ഫോർ സ്റ്റാർ, ത്രീ സ്റ്റാർ ഹോട്ടലുകളെ ആശ്രയിക്കേണ്ടിവരും.
ലോകകപ്പിനോടനുബന്ധിച്ച് ഹോട്ടലുകളിൽ നല്ല ബിസിനസ് പ്രതീക്ഷിക്കുന്നതായി വാദീ കബീറിലെ ഗോൾഡൻ ഒയാസിസ് ഹോട്ടൽ മാനേജിങ് ഡയറക്ടർ അശ്വിൻ പറഞ്ഞു. ഒമാൻ എയർ ലോകകപ്പിനോടനുബന്ധിച്ച് പ്രത്യേക പക്കേജുകൾ പ്രഖ്യാപിക്കുന്നുണ്ട്. പാക്കേജിൽ ത്രീ സ്റ്റാർ, ഫോർ സ്റ്റാർ ഹോട്ടലുകളെയും പങ്കാളികളാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഒമാൻ എയർ ഹോളിഡേയ്സിൽ രജിസ്റ്റർ ചെയ്തതായും അദ്ദേഹം പറഞ്ഞു.
ഇത് ഒമാനിലെ ഈ വിഭാഗത്തിൽപെട്ട ഹോട്ടലുകൾക്ക് അനുഗ്രഹമാവും. എന്നാൽ, ഖത്തർ എയർവേഴ്സ് പഞ്ചനക്ഷത്ര ഹോട്ടലുകളുമായി മാത്രമാണ് സഹകരണം ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും ലോകകപ്പ് ഖത്തറിലാണ് നടക്കുന്നതെങ്കിലും ഒമാനിലെ േഹാട്ടൽ മേഖല അടക്കം നിരവധി മേഖലകൾക്ക് ഇൗ മാമാങ്കം അനുഗ്രഹമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.