രണ്ടായിരാമാണ്ടിലാണ് ആർ. ഹരികുമാർ വിജയപ്രവാസത്തിന്റെ സ്വപ്നഭൂമിയായ ഇമാറാത്തിൽ എത്തുന്നത്. അതിവേഗം വളരുന്ന യു.എ.ഇ എന്ന മഹത്തായ രാജ്യത്തിന്റെ സാധ്യതകളിലേക്ക് പ്രവാസികൾ ഏറെ ആകർഷിക്കപ്പെടുന്ന കാലമായിരുന്നു. സൗദി അറേബ്യയിൽനിന്ന് അവധിയാഘോഷത്തിനായി ദുബൈയിൽ കുടുംബവുമൊത്ത് ഒത്തുചേരുമ്പോൾ ഭാര്യ കല യു.എ.ഇയിൽ ജോലി സാധ്യതകൾ അന്വേഷിക്കാൻ ഹരികുമാറിനെ പ്രേരിപ്പിക്കുമായിരുന്നു.
അങ്ങനെ, രണ്ട് പതിറ്റാണ്ട് നീണ്ട സൗദി ജീവിതത്തോട് വിടപറഞ്ഞ് ഹരികുമാർ അലൂമിനിയം വ്യവസായത്തിൽ പ്രവർത്തിക്കുന്ന അജ്മാനിലെ എമറൈറ്റ് എക്സ്ക്ലൂഷൻ മാനേജരായി ജോലിയിൽ പ്രവേശിച്ചു. അലൂമിനിയം വ്യവസായത്തിന് ശോഭനമായ ഭാവിയുണ്ടെന്ന് അദ്ദേഹത്തിന് വളരെ വേഗം ബോധ്യമായി.
പുതിയ മാനേജരുടെ ആശയങ്ങൾക്കനുസരിച്ച് കമ്പനി വളരെ വേഗം വളർന്നു തുടങ്ങി. ഉബൈദ് മുഹമ്മദ് അൽസലാമിയെന്ന ഇമാറാത്തിയെ ഹരികുമാർ പരിചയപ്പെടുന്നത് അതിനിടെയാണ്. ബാങ്കിൽ ജോലിചെയ്തിരുന്ന ഉബൈദ് അൽ സലാമി എമറൈറ്റ് എക്സ്ക്ലൂഷൻ ഉടമ അലീഷാ അലിയുടെ അടുത്ത സുഹൃത്തായിരുന്നു. സാമ്പത്തിക കാര്യങ്ങളിൽ നല്ല അറിവുള്ള ഉബൈദ് അൽസലാമി അലീഷാ അലിയുടെ കമ്പനിക്കും സാമ്പത്തിക ഉപദേശങ്ങൾ നൽകുമായിരുന്നു. പുതിയ മാനേജരുടെ പ്രവർത്തനങ്ങൾ അൽസലാമിക്ക് നന്നെ ബോധിച്ചു. ഹരികുമാറും അൽസലാമിയും വളരെ വേഗം അടുക്കാൻ മറ്റു കാരണങ്ങൾ ആവശ്യമില്ലായിരുന്നു. കഠിനാധ്വാനികളായ ഏതാണ്ട് ഒരേ പ്രായക്കാരായ ഇരുവരുടെയും ജോലികഴിഞ്ഞ് വൈകുന്നേരങ്ങളിലെ കൂടിക്കാഴ്ചകളിലൂടെ ആ സൗഹൃദം വളർന്നു. അൽസലാമിക്കുതന്നെ ഒത്തിരി ഇഷ്ടമാണെന്നാണ് ഹരികുമാർ ആ സൗഹൃദത്തെക്കുറിച്ച് പറയുന്നത്. ഒരുമിച്ച് യാത്രകൾ മിക്കപ്പോഴും അൽസലാമിയുടെ കാറിലാണ്. അപ്പോഴെല്ലാം സ്വയം ഡ്രൈവ് ചെയ്യണമെന്ന് അൽസലാമിക്ക് നിർബന്ധമാണ്. ഒരിക്കൽ അൽസലാമിയുമായി ഹരികുമാർ ഓഫിസിൽ സംസാരിച്ചിരിക്കവെ, സ്കൂളിൽ പഠിക്കുന്ന മകൾ വിളിച്ച് ഒരു കമ്പ്യൂട്ടർ വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടു. ഒരു കമ്പ്യൂട്ടർ വാങ്ങാനുള്ള സാഹചര്യം അപ്പോൾ ഇല്ലാത്തതിനാൽ ഹരികുമാർ കഴിയില്ലെന്ന് മകളോട് പറഞ്ഞു. മകളും ഹരികുമാറും തമ്മിലുള്ള സംഭാഷണം മനസ്സിലാക്കിയ അൽസലാമി കമ്പ്യൂട്ടർ സപ്ലൈ ചെയ്യുന്ന കമ്പനിയിൽ നിന്ന് 10 ഇൻസ്റ്റാൾമെന്റുകളായി കമ്പ്യൂട്ടർ
വാങ്ങാൻ സൗകര്യം ചെയ്തു നൽകി. ഇത്തരത്തിൽ ഇരുവരുടെയും ബന്ധം വളർന്നു. അൽസലാമി ബാങ്കിങ് മേഖലയിൽ കൂടുതൽ സജീവമായതോടെ എമറൈറ്റ് എക്സ്ക്ലൂഷനിലേക്ക് വരവ് കുറഞ്ഞെങ്കിലും ഹരികുമാറുമായുള്ള സൗഹൃദത്തിന് അത് തടസ്സമായില്ല. ഏഴു വർഷത്തിനുള്ളിൽ അലൂമിനിയം വ്യവസായത്തിൽ
ഹരികുമാറിന്റെ സ്വാധീനവും ബന്ധങ്ങളും വർധിച്ചു. അതിനിടയിൽ തൊഴിൽ സാഹചര്യത്തിൽ ചില പ്രയാസങ്ങൾ വന്നതോടെ ജോലി രാജിവെച്ചു.യഥാർഥത്തിൽ ഒരു വലിയ പ്രതിസന്ധിയിലേക്കാണ് ഹരികുമാർ ചെന്നുകയറിയത്. മികച്ച ഓഫറുകൾ വാഗ്ദാനം നൽകിയ ഒരു കമ്പനി ജോലി നൽകാൻ തയാറായില്ല.
എന്നാൽ, അലൂമിനിയം വ്യവസായരംഗത്ത് സ്വന്തമായി ഒരു സംരംഭം ആരംഭിക്കാൻ പ്രാപ്തിയുണ്ടായിരുന്നു. എന്നാൽ യു.എ.ഇയിലെ നിയമപ്രകാരം ഒരു സ്പോൺസർ വേണമായിരുന്നു. ഈ സാഹചര്യത്തിൽ ഒരു സംരംഭം തുടങ്ങാൻ അൽസലാമി ഹരികുമാറിനോട് ആവശ്യപ്പെട്ടു. അലൂമിനിയം വ്യവസായരംഗത്ത് തുടക്കക്കാരനായ ജോർഡൻ പൗരൻ നഷാദ് ഫർഹാൻ സഹാനക്കു മുന്നിൽ 'ഒരു ബാങ്ക് ഡെപ്പോസിറ്റ് പോലെ ഉറപ്പുള്ള ഒരു പാർട്ണറെ തരാം' എന്നുപറഞ്ഞ് ഹരികുമാറിനെ അൽ സലാമി പരിചയപ്പെടുത്തി.
യു.എ.ഇ എലൈറ്റ് ഗ്രൂപ്പിന്റെ ചരിത്രം അവിടെ ആരംഭിക്കുകയായിരുന്നു. ഇന്ന് വിവിധ രാജ്യങ്ങളിലായി പത്തോളം കമ്പനികളും ആയിരക്കണക്കിന് ജീവനക്കാരുമായി എലൈറ്റ് ഗ്രൂപ് വളർന്നു. ഉബൈദ് മുഹമ്മദ് അൽസലാമി ഇപ്പോൾ ദുബൈ ഇൻവെസ്റ്റ്മെന്റ് ആൻഡ് റിയൽ എസ്റ്റേറ്റിന്റെ ജനറൽ മാനേജരാണ്. തിരക്കിനിടയിൽ എപ്പോഴും പരസ്പരം കാണാൻ കഴിയുന്നില്ലെങ്കിലും പഴയ രണ്ട് ചങ്ങാതിമാരും അവരുടെതായ വൈകുന്നേരങ്ങളിൽ ഇപ്പോഴും ഒത്തുചേരുന്നു, സ്നേഹം പുതുക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.