നിയമ ഭേദഗതിക്ക് ശൈഖ് ഹംദാൻ ഉത്തരവിട്ടു ദുബൈ: റെയിൽവേയുടെ വികസനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ)യുടെ പങ്കും ഉത്തരവാദിത്തവും നിർവചിക്കുന്ന നിയമങ്ങളിലും നിർദേശങ്ങളിലും സർക്കാർ ഭേദഗതി വരുത്തി. ദുബൈ റെയിൽവേ ശൃംഖലയുടെ വികസനം, ആസൂത്രണം, പദ്ധതി തയാറാക്കൽ തുടങ്ങിയവ നടപ്പാക്കുന്നതിൽ ആർ.ടി.എയുടെ പങ്ക് വിശദമായി പ്രതിപാദിക്കുന്നതാണ് പുതിയ ഭേദഗതി.
ഇതുപ്രകാരം സുരക്ഷ നിയന്ത്രണ സ്ഥാപനം മുന്നോട്ടുവെക്കുന്ന നടപടിക്രമങ്ങൾ, നിയന്ത്രണങ്ങൾ, മാനദണ്ഡങ്ങൾ, സവിശേഷതകൾ, ആവശ്യകതകൾ എന്നിവ നിർവചിക്കേണ്ട ചുമതല ആർ.ടി.എക്കായിരിക്കും. തിങ്കളാഴ്ച ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് നിയമ ഭേദഗതിക്ക് അംഗീകാരം നൽകിയത്.
സർട്ടിഫിക്കറ്റുകൾ നൽകുന്നതിന് ആവശ്യമായ നടപടിക്രമങ്ങളെ കുറിച്ചും പുതിയ ഭേദഗതിയിൽ പ്രതിപാദിക്കുന്നുണ്ട്. ആർ.ടി.എയുടെ റെയിൽ ഏജൻസിയും സുരക്ഷ സ്ഥാപനവും നൽകുന്ന സർട്ടിഫിക്കറ്റുകൾ തർക്കരഹിതമായിരിക്കണം. റെയിൽവേയുടെയും മറ്റ് ഗതാഗത സംവിധാനങ്ങളുടെയും ഏകീകരണം ഉൾപ്പെടെ പുതിയ നിയമത്തിന്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള ഉത്തരവാദിത്തവും ആർ.ടി.എക്ക് ആയിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.