സാധാരണ ടാക്സി ഒരുക്കി യാത്ര തുടങ്ങിയ റാക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (റാക്ട) നൂതന സാങ്കേതികതകള്‍ അവതരിപ്പിച്ച് മികച്ച ഗതാഗത സേവനങ്ങളുമായി മുന്നോട്ട്. ടാക്സികള്‍ക്ക് പുറമെ ഇൻറര്‍സിറ്റി ബസ്, ലക്ഷ്വറി സര്‍വീസ്, ഇ സ്കൂട്ടര്‍, സൈക്കിള്‍ സര്‍വീസുകൾ എന്നിവയെല്ലാം ആവശ്യാനുസരണം തെരഞ്ഞെടുക്കാനുള്ള സൗകര്യങ്ങളാണ് റാസല്‍ഖൈമയില്‍ റാക്ടയുടേതായുള്ളത്.
മികച്ചതും വിശിഷ്ടവുമായ സേവനം നല്‍കുകയെന്നതാണ് റാക്ടയുടെ പ്രഖ്യാപിത നയമെന്ന് ജനറല്‍ മാനേജര്‍ എഞ്ചിനീയര്‍ ഇസ്മായില്‍ ഹസന് അല്‍ ബലൂഷി പറഞ്ഞു. 2007ല്‍ റാക്ട രൂപവത്കരിച്ചതു മുതല്‍ ഉപഭോക്താക്കളുടെ സന്തോഷത്തിനുതകുന്ന നടപടികളുമായാണ് പ്രവര്‍ത്തനം. യാത്രക്കാരുടെ സുരക്ഷയോടൊപ്പം പാരിസ്ഥിതിക സുരക്ഷയും ലക്ഷ്യമിടുന്നു. റാക്ടയുടെ വാഹനങ്ങളിലെ ഡ്രൈവര്‍മാരെ മുഴു സമയം ഗുണമേൻമാ നിരീക്ഷണ വിധേയമാക്കാൻ കഴിഞ്ഞ വാരം സ്മാര്‍ട്ട് കീ അവതരിപ്പിച്ചത് നേട്ടമാണെന്നും ഇസ്മായില്‍ അഭിപ്രായപ്പെട്ടു.
ഓരോ 15 മിനിറ്റിലും ഡ്രൈവര്‍മാരുടെ നിരീക്ഷണം ഉറപ്പു വരുത്തുന്നതാണ് സ്മാര്‍ട്ട് കീ. സേവനം മികവുറ്റതാക്കുകയെന്ന ലക്ഷ്യത്തോടെ ടാക്സികളില്‍ സ്മാര്‍ട്ട് കാമറ സ്ഥാപിച്ചതിന് പിന്നാലെയാണ് അധികൃതര്‍ സ്മാര്‍ട്ട് കീ അവതരിപ്പിച്ചത്. സ്മാര്‍ട്ട് ക്യാമറകളെ ലിങ്ക് ചെയ്ത് പ്രവൃത്തിസമയം മുഴുവന്‍ ഡ്രൈവറുടെ ഐഡൻറിറ്റി സ്ഥിരീകരിക്കാന്‍ കഴിയുമെന്നതാണ് 'സ്മാര്‍ട്ട് കീ' സാങ്കേതികതയുടെ പ്രത്യേകത. അപകടങ്ങളും തുടര്‍ന്നുള്ള ദുരന്തങ്ങളും ഒഴിവാക്കാന്‍ സഹായിക്കുന്ന സംവിധാനം യാത്രികര്‍ക്ക് സുരക്ഷ നല്‍കുന്നതിലൂടെ ടാക്സികളുടെ സജീവത ഉറപ്പാക്കാന്‍ സഹായിക്കുമെന്നുമാണ് അധികൃതരുടെ വിലയിരുത്തല്‍.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടാക്സികളില്‍ രാവിലെ ആറു മുതല്‍ വൈകുന്നേരം 10 വരെ മൂന്ന് ദിര്‍ഹമും രാത്രി 10 മുതല്‍ രാവിലെ നാലും ദിര്‍ഹവുമാണ് തുടക്ക മീറ്റര്‍ ചാര്‍ജ്. ഒന്നര മണിക്കൂര്‍ ഇടവിട്ട് രാവിലെ 5.30 മുതൽ രാത്രി എട്ട് വരെ ദുബൈ യൂനിയന്‍ ബസ് സ്റ്റേഷനിലേക്കും രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് വരെ ഷാര്‍ജ അല്‍ ജുബൈല്‍ ബസ് സ്റ്റേഷനിലേക്കും റാസല്‍ഖൈമയില്‍ നിന്നുള്ള ബസ് സര്‍വീസിന് 25 ദിര്‍ഹമാണ് നിരക്ക്. രണ്ട് മണിക്കൂര്‍ ഇടവേളകളില്‍ വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ അജ്മാന്, ഉമ്മുല്‍ഖുവൈന്‍ എമിറേറ്റുകളിലേക്കുള്ള ബസ് സര്‍വീസിന് യഥാക്രമം 15ഉം 10മാണ് യാത്രാ നിരക്ക്. കോവിഡ് പശ്ചാത്തലത്തില്‍ അബൂദബി ബസ് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
വിവിധ എയര്‍പോര്‍ട്ടുകളിലേക്കും വിനോദ ആവശ്യങ്ങള്‍ക്കുമായി ആഢംബര വാഹന സേവനങ്ങളും റാക്ട നല്‍കുന്നുണ്ട്. ആവശ്യാനുസരണം ഏഴ്, 14, 30, 35, 50 സീറ്റര്‍ വാഹനങ്ങളാണ് റാക്ട അവതരിപ്പിക്കുന്നത്. 300 മുതല്‍ 1900 ദിര്‍ഹം വരെയാണ് ലക്ഷ്വറി വാഹനങ്ങളുടെ വാടക നിരക്ക്. മിനി മൊബിലിറ്റി സര്‍വീസുകളായ ഇ സ്കൂട്ടര്‍, സൈക്കിളുകള്‍ക്ക് 24 മണിക്കൂര്‍ ഉപയോഗത്തിന് 20 ദിര്‍ഹം മുതലാണ് നിരക്ക്. റാക്ടയുടെ സേവനം ആവശ്യമുള്ളവര്‍ക്ക് 8001700 എന്ന നമ്പറിൽ കോള്‍ സെൻററില്‍ ബന്ധപ്പെടാം. Careem ആപ്പ് മുഖേനയും ഓണ്‍ലൈന്‍ വഴിയും സേവനം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.